Home അറിവ് ഏഴ് പതിറ്റാണ്ടിന് ശേഷം ഇന്ത്യയിലേക്ക് ചീറ്റ എത്തുന്നു

ഏഴ് പതിറ്റാണ്ടിന് ശേഷം ഇന്ത്യയിലേക്ക് ചീറ്റ എത്തുന്നു

ഏഴ് പതിറ്റാണ്ടിന് ശേഷം ഇന്ത്യയിലേക്ക് ചീറ്റ എത്തുന്നു. രാജ്യത്ത് ചീറ്റകൾക്ക് വംശനാശം വന്നതായി 1952-ൽ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം 70 എഴുപത് വർഷങ്ങൾ പിന്നിടുമ്പോഴാണ് ശനിയാഴ്ച എട്ട് ചീറ്റകളെ നമീബിയയിൽ നിന്ന് കൊണ്ടു വരുന്നത്. ചീറ്റകളെ സ്വീകരിക്കാൻ മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ തയ്യാറെടുപ്പുകൾ പൂർത്തിയായതായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

അഞ്ച് ആൺ ചീറ്റകളും 3 പെൺ ചീറ്റകളുമാണ് ഇന്ത്യയിലെത്തുന്നത്.തന്റെ ജൻമദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചീറ്റകളെ ക്വാറന്റീൻ സംവിധാനത്തിലേക്ക് തുറന്നുവിടുകയെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞു. 30 ദിവസത്തെ ക്വാറന്റീന് ശേഷം നാഷണൽ പാർക്കിന്റെ 740 ചതുരശ്ര കിലോമീറ്റർ ചുറ്റളവുള്ള പ്രത്യേക മേഖലയിലേക്ക് തുറന്നു വിടും.ജൈവവൈവിധ്യങ്ങളുടെ സാന്നിധ്യം ഉറപ്പു വരുത്തുന്നതിനും വംശനാശം വരുന്ന ജീവികളുടെ പരിപാലനം ഉറപ്പു വരുത്തുന്നതിനും ലക്ഷ്യമിട്ടാണ് ചീറ്റകളെ തിരിച്ചു കൊണ്ടുവരാൻ പദ്ധതി തയ്യാറാക്കിയതെന്ന് വനം മന്ത്രാലയം ഉദ്യോഗസ്ഥർ പറഞ്ഞു. അഞ്ച് വർഷത്തെ കാലാവധിയുള്ള പദ്ധതിക്ക് 91 കോടി രൂപയാണ് കേന്ദ്രം ചെലവിടുന്നത്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറി(ഐ.യു.സി.എൻ)ന്റെ മാർഗ്ഗ നിർദേശങ്ങൾ പാലിച്ചു കൊണ്ടാണ് ചീറ്റകളെ കൊണ്ടു വരുന്നത് . ചീറ്റകളെ നമീബിയയിൽ നിന്ന് ചാർട്ടർ ചെയ്ത പ്രത്യേക വിമാനത്തിൽ ശനിയാഴ്ച പുലർച്ചെ ജയ്പൂർ വിമാനത്താവളത്തിൽ കൊണ്ടു വരും.തുടർന്ന് ഹെലികോപ്ടറിൽ കുനോയിലേക്ക് കൊണ്ടു പോകും. ഇന്ത്യയിലെയും നമീബിയയിലെയും ആറ് വിദഗ്ധർ ചീറ്റകൾക്കൊപ്പമുണ്ടാകും. ചീറ്റകളെ മയക്കാതെയാണ് വിമാനത്തിൽ കൊണ്ടു വരുന്നത്.എന്നാൽ വേണ്ടത്ര മുൻകരുതലുകൾ ഉദ്യോഗസ്ഥർ കൈക്കൊണ്ടിട്ടുണ്ട്.

ചീറ്റകളെ പുനരധിവസിപ്പിക്കാൻ പര്യാപ്തമായ ദേശീയ ഉദ്യാനത്തിന് വേണ്ടി 2010 മുതൽ നടത്തിയ സർവെയിലൂടെയാണ് കുനൊ നാഷണൽ പാർക്ക് തിരഞ്ഞെടുക്കപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചീറ്റകൾക്ക് അധിവസിക്കാൻ പറ്റിയ കാലാവസ്ഥ, ഇരപിടിക്കാനുള്ള സംവിധാനം,ജലസ്രോതസ്സുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ കുനോയാണ് ഉചിതമെന്ന് കണ്ടെത്തുകയായിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ പത്ത് വർഷം കൊണ്ട് കുനോയിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി. 25 ഗ്രാമങ്ങൾ ഈ മേഖലയിലുണ്ടായിരുന്നു. ഇതിൽ 24 ഗ്രാമങ്ങളെ മറ്റൊരിടത്ത് പുനരധിവസിപ്പിച്ചു. 184 കുടുംബങ്ങളുള്ള ഒരു ഗ്രാമം അതിർത്തിയിൽ ഇപ്പോഴുണ്ട്. അവർക്ക് പ്രശ്നമുണ്ടാകില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.ചീറ്റകൾ സാധാരണ മനുഷ്യരെ ആക്രമിക്കാറില്ലെന്നും ചെറുമൃഗങ്ങളാണ് ഇവയുടെ ഇരകളെന്നും മന്ത്രാലയം പ്രതിനിധികൾ വിശദീകരിച്ചു. പ്രത്യേക മേഖലയിൽ ഇരകളുടെ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. അതിനപ്പുറം ചീറ്റകൾ അതിർത്തി ഗ്രാമത്തിൽ കടന്നു കയറി ആടുമാടുകളെ പിടികൂടാനുള്ള സാധ്യത കണക്കിലെടുത്ത് നഷ്ടപരിഹാരം നിശ്ചയിച്ചിട്ടുണ്ട്.

ഇന്ത്യയിൽ വംശനാശം വന്ന ചീറ്റകളുടെ പുനരവതരണവും ആഫ്രിക്കൻ ചീറ്റകളുടെ അവതരണവുമാണ് അഞ്ച് വർഷം നീളുന്ന പദ്ധതിയിലൂടെ നടപ്പാക്കുന്നതെന്ന് വനം മന്ത്രാലയം ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യൻ പുരാണങ്ങളിലും ഇതിഹാസങ്ങളിലും ചീറ്റകളെക്കുറിച്ച് പരാമർശമുണ്ട്. സംസ്കൃതത്തിൽ ചിത്രക എന്നാണ് ചീറ്റകളെ വിളിച്ചിരുന്നത്. 1947 ലാണ് ഇന്ത്യയിലുണ്ടായിരുന്ന അവസാനത്തെ മൂന്ന് ചീറ്റകളെ മധ്യപ്രദേശിലെ കൊരിയ ജില്ലയിൽ വച്ച് രാമാനുജ് പ്രതാപ് സിംഗ് ദേവ് രാജാവ് വേട്ടയാടി കൊന്നത്. തുടർന്ന് 1952 ൽ ഇന്ത്യയിൽ വംശനാശം വന്ന വന്യമൃഗങ്ങളുടെ പട്ടികയിൽ ചീറ്റകളെ ഔദ്യോഗികമായി ഉൾപ്പെടുത്തി.