EIA 2020 നിങ്ങളെ ബാധിക്കുന്നത് എങ്ങനെ?

    എണ്‍വയോണ്‍മെന്റല്‍ ഇംപാക്ട് അസസ്‌മെന്റ് കരട് നിയനം പാസാക്കാന്‍ പോകുന്നു എന്ന വാര്‍ത്ത നിങ്ങള്‍ കേട്ടിരിക്കുമല്ലോ. എന്താണ് ഇഐഎ, അത് എങ്ങനെയാണ് ജനങ്ങളെ ബാധിക്കുന്നത്?
    ‘ നിങ്ങളുടെ നാട്ടില്‍ പ്രകൃതിയ്ക്ക് ദോഷകരമായ ഒരു ഫാക്ടറി വരുന്നു. അത് കനത്ത പരിസ്ഥിതി ആഘാതങ്ങളുണ്ടാക്കുന്നു. ഇതില്‍ ജനങ്ങള്‍ പരാതിപ്പെട്ട് ഉദ്യേഗസ്ഥരെ സമീപിക്കുന്നു. അപ്പോള്‍ അവര്‍ നിങ്ങളെ അറിയിക്കും, ഇഐഎ 2020 പ്രകാരം നിങ്ങള്‍ക്ക് ഇതില്‍ പരാതിപ്പെടാന്‍ അവകാശമില്ലെന്നു’ മാത്രമല്ല ഇത്തരത്തില്‍ ഒരു കമ്പനി തുടങ്ങാന്‍ പാരിസ്ഥിതിക അനുമതി പോലും ആവശ്യമില്ല.

    ഭോപ്പാല്‍ ദുരന്തത്തിന് ശേഷമാണ് ഇത്തരത്തിലുള്ള കമ്പനികള്‍ വലിയ വിപത്തിന് കാരണമാകും എന്ന വിഷയത്തില്‍ സര്‍ക്കാര്‍ പഠനത്തിന് തയ്യാറാകുന്നത്. ഇതിന് ശേഷമാണ് 1986 ല്‍ എണ്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ആക്ട് നിലവില്‍ വന്നത്. 1994 കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇത് പരിഷ്‌കരിച്ച് ഇഐഎ 1994 ആയി പരിഷ്‌കരിച്ചു. പിന്നീട് 2006 നിലവിലുള്ള ഇഐഎ വിജ്ഞാപനം പുറത്തിറക്കി. ഖനനം, ജലസേചന അണക്കെട്ടുകള്‍ മാലിന്യ സംസ്‌ക്കരണ പ്ലാന്റുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിനും വിപുലീകരണത്തിനും ആധുനികവത്ക്കരണത്തിനും വിദഗ്ദസമിതിയുടെ അനുവാദം വേണം. 30 ദിവസം വരെ പ്രാദേശിക സമൂഹത്തിനും വ്യക്തികള്‍ക്കും അഭിപ്രായം പറയുവാനും എതിര്‍പ്പുകള്‍ ഉന്നയിക്കാനും സമയം ലഭിക്കും.

    2020 ലെ പരിഷ്‌ക്കരണത്തിലൂടെ നിലവിലെ നിയമത്തില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ നടപ്പിലാക്കാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. മൂന്‍കൂര്‍ അനുമതി വേണ്ട വ്യവയസായങ്ങളുടെ പട്ടികയില്‍ നിന്നും 70 വ്യവസായ മേഖലകളെ മാറ്റിയതാണ് കരട് വിജ്ഞാപനത്തിലെ ആദ്യത്തെ പ്രശ്‌നം. കല്‍ക്കരി ഖനനം, പാറകള്‍, റിയല്‍ എസ്റ്റേറ്റുകള്‍, സൗരോര്‍ജ പ്ലാന്റുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിനും ഖനനത്തിനും ഇനി മുന്‍കൂര്‍ അനുമതി ആവശ്യമില്ല.

    ചുരുക്കത്തില്‍ ഇനി മലയോര പ്രദേശത്തും ആദിവാസി മേഖലകളിലും അനുമതി ഇല്ലാതെ കോര്‍പ്പറേറ്റുകള്‍ക്ക് എന്തും ചെയ്യാം. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് വിശാഖപട്ടണം പ്ലാന്റിലുണ്ടായ വിഷവാതക ചോര്‍ച്ച ഒരുപാട് മരണങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഈ കമ്പനി ഇഐഎ അനുമതി ഇല്ലാതെയാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. പരിസ്ഥിതിയ്‌ക്കോ ജനങ്ങള്‍ക്കോ ഇനി എന്തും സംഭവിച്ചാലും ഇത്തരം കമ്പിനിയുടെ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ല എന്ന് ചുരുക്കം.

    പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാന്‍ ആകില്ലെന്ന് മാത്രമല്ല പൊതു ഹിയറിങ്ങിനുള്ള കാലയളവ് 30 ദിവസത്തില്‍ നിന്നും 20 ദിവസമായി കുറച്ചു. വര്‍ഷങ്ങളായി രാജ്യത്തുള്ള പരിസ്ഥിതി സംരക്ഷണ നിയമങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണ് പുതിയ ഭേദഗതി. നിലവിലെ സാഹചര്യത്തില്‍ ഓഗസ്റ്റ് 11 വരെയാണ് പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന സമയം. എന്നാല്‍ ഈ കൊറോണ കാലത്ത് ജനങ്ങളുടെ കണ്ണുവെട്ടിച്ച് നിയമത്തെ ഭേദഗതി ചെയ്യുന്നത് ആര്‍ക്കു വേണ്ടിയാണ്? പ്രതികരിക്കേണ്ടത് ജനങ്ങളാണ്. അല്ലാത്തപക്ഷം കാല്‍ ചുവട്ടിലെ മണ്ണ് ചോര്‍ന്ന് പോകുന്നത് നോക്കി നില്‍ക്കേണ്ടി വരും.