Home അറിവ് ഹെവി വാഹനങ്ങൾക്ക് ഇനി യന്ത്രവൽകൃത ഫിറ്റ്നസ് ടെസ്റ്റ്‌ നിർബന്ധം

ഹെവി വാഹനങ്ങൾക്ക് ഇനി യന്ത്രവൽകൃത ഫിറ്റ്നസ് ടെസ്റ്റ്‌ നിർബന്ധം

2023 ഏപ്രിൽ ഒന്നുമുതൽ ബസ്, ലോറി തുടങ്ങിയ ഹെവി വാഹനങ്ങൾക്ക് യന്ത്രവത്കൃത പരിശോധന നിർബന്ധമാക്കിക്കൊണ്ട് കേന്ദ്രം വിജ്ഞാപനമിറക്കി. ഫിറ്റ്നസ് പരിശോധനയിൽ പരാജയപ്പെടുന്ന വാഹനങ്ങൾ നിരത്തിലിറക്കാൻ അനുമതി നിഷേധിക്കും.നിലവിൽ ഉദ്യോഗസ്ഥർ നടത്തിയിരുന്ന പരിശോധനയാണ് പൂർണമായും യന്ത്രസംവിധാനത്തിലേക്ക് മാറ്റുന്നത്.

വാഹനങ്ങളുടെ സസ്പെൻഷൻ, സ്റ്റിയറിങ് തുടങ്ങിയ ഘടകങ്ങൾ കംപ്യൂട്ടർ സംവിധാനത്തിൽ പരിശോധിക്കും. പുതിയ വാഹനങ്ങൾക്ക് തുല്യമായ ക്ഷമതയുണ്ടെങ്കിൽ മാത്രമേ ടെസ്റ്റ് പാസാകുകയുള്ളൂ. കേന്ദ്രനിയമത്തിന് അനുസൃതമായി സംസ്ഥാനങ്ങളിൽ ഓട്ടോമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകൾ സജ്ജീകരിക്കേണ്ടതുണ്ട്.സ്വകാര്യ ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 2024 ഏപ്രിൽ ഒന്നുമുതൽ യന്ത്രവത്കൃത പരിശോധന നിർബന്ധമാണ്.

സ്വകാര്യ വാഹനങ്ങൾക്ക് 15 വർഷത്തേക്കാണ് ആദ്യം രജിസ്ട്രേഷൻ അനുവദിക്കുന്നത്. ഇതിനുശേഷം രജിസ്ട്രേഷൻ പുതുക്കാനെത്തുമ്പോൾ ഫിറ്റ്നസ് പരിശോധന നിർബന്ധമാണ്.

അതേസമയം പൊതുവാഹനങ്ങൾക്ക് ആദ്യത്തെ എട്ടുവർഷം രണ്ടുവർഷത്തിലൊരിക്കലും പിന്നീട് ഓരോ വർഷവും ഫിറ്റ്നസ് പുതുക്കേണ്ടതുണ്ട്. സംസ്ഥാനത്ത് മോട്ടോർവാഹനവകുപ്പിന് എട്ടു ഓട്ടോമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകളാണുള്ളത്.