Home അറിവ് വ്യാജ ഫോൺ വിളികളിൽ കുടുങ്ങാതിരിക്കാനുള്ള വഴികൾ

വ്യാജ ഫോൺ വിളികളിൽ കുടുങ്ങാതിരിക്കാനുള്ള വഴികൾ

സൈബർ സെല്ലിൽ നിന്നുമാണ് എന്ന് പറഞ്ഞ് അസമയത്ത് ഒരു ടെലിഫോൺ കോൾ നിങ്ങളേയും തേടിയെത്തിയേക്കാം. നിങ്ങളുടെ ഫോണിലെ ഇന്റർനെറ്റ് ഉപയോഗം നിരീക്ഷിച്ചുവെന്നും അതിൽ അസ്വാഭാവികത തോന്നിയതിനാലാണ് സൈബർ സെൽ പോലീസ് ഉദ്യോഗസ്ഥൻ വിളിക്കുന്നതെന്നും പറയുന്നു. ഭീഷണി സ്വരത്തിലുള്ള അയാളുടെ വർത്തമാനത്തിൽ നിങ്ങൾ പേടിക്കുകയോ, അല്ലെങ്കിൽ സ്തബ്ധിച്ചുപോകുകയോ ചെയ്യും. പിന്നീട് നിങ്ങൾ അറിഞ്ഞോ അറിയാതെയോ അയാളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും നിങ്ങളുടെ വ്യക്തിഗത സ്വകാര്യ വിവരങ്ങൾ സൈബർ തട്ടിപ്പുകാർ ചോർത്തിയെടുക്കുകയും ചെയ്യും.

ഇത്തരത്തിലുള്ള ടെലഫോൺ കോളുകൾ നിരവധിപേർക്ക് ലഭിക്കുന്നതായി പരാതികൾ ലഭിക്കുന്നുണ്ട്. പോലീസിന്റെ സൈബർ സെൽ വിഭാഗവും, സൈബർ ക്രൈം പോലീസ് സ്റ്റേഷനും ഇത്തരം വ്യാജ ടെലഫോൺ കോളുകൾ നിരീക്ഷിച്ചുവരികയാണ്.

പൊതുജനങ്ങൾക്കുള്ള അറിയിപ്പ്.

1. സൈബർ സെൽ, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും പൊതുജനങ്ങളെ വിളിക്കുകയാണെങ്കിൽ വിളിക്കുന്നയാളിന്റെ പേര്, ഔദ്യോഗിക വിലാസം, നിങ്ങളെ വിളിക്കുന്നതിനുള്ള ആവശ്യം എന്നിവ മുൻകൂട്ടി ചോദിച്ചു മനസ്സിലാക്കുക. അവിടുത്തെ ലാന്റ്ലൈൻ ടെലിഫോൺ നമ്പർ ആവശ്യപ്പെടുകയും, നിങ്ങൾ അവിടേക്ക് തിരിച്ചുവിളിക്കാമെന്നും പറയുക.

2. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളുടേയും, പോലീസ് ഓഫീസുകളുടേയും, പോലീസുദ്യോഗസ്ഥരുടേയും ടെലിഫോൺ നമ്പറുകൾ, മൊബൈൽ നമ്പറുകൾ എന്നിവ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

3. വ്യാജ ടെലിഫോൺ നമ്പറുകൾ കൃത്രിമമായി സൃഷ്ടിച്ചാണ് സൈബർ തട്ടിപ്പുകാർ സന്ദേശങ്ങൾ അയക്കുകയും ടെലിഫോൺ വിളികൾ നടത്തുകയും ചെയ്യുന്നത്. ഇത്തരം നിരോധിത പ്രവൃത്തികളിൽ ഏർപ്പെടുത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതായിരിക്കും.

4. തട്ടിപ്പുകാരുടെ ടെലിഫോൺ വിളികൾ നമ്മുടെ ടെലിഫോണിലേക്ക് വരുമ്പോൾ നാലക്ക നമ്പർ മാത്രമേ സ്ക്രീനിൽ തെളിയുകയുള്ളൂ. ഇത്തരത്തിലുള്ള ടെലിഫോൺ നമ്പറുകളിൽ നിന്നും വരുന്ന കോളുകൾ അറ്റന്റ് ചെയ്യരുത്.

5. സൈബർ സെൽ ഉദ്യോഗസ്ഥൻ ചമഞ്ഞ് ഭീഷണിപ്പെടുത്തുന്ന കോളുകൾ ഉത്ഭവിക്കുന്നത് കൂടുതലായും വിദേശ രാജ്യങ്ങളിൽ നിന്നുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കുറ്റവാളികളെ പിടികൂടുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്.