Home അറിവ് ‘കുഞ്ഞാപ്പ് ‘ കുട്ടികളുടെ സുരക്ഷക്ക് ഒരു ആപ്പ്‌

‘കുഞ്ഞാപ്പ് ‘ കുട്ടികളുടെ സുരക്ഷക്ക് ഒരു ആപ്പ്‌

അതിക്രമങ്ങളില്‍ നിന്നും കുട്ടികളെ രക്ഷപ്പെടുത്താന്‍ ആപ്ലിക്കേഷനോ.. അങ്ങനെയൊരു ആപ്പിന് രൂപം കൊടുത്തിരിക്കുകയാണ് വനിത ശിശു വികസന വകുപ്പ്.സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായാണ് കുഞ്ഞാപ്പ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയത്. ബാല വിവാഹം, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍, കുട്ടികളിലെ ലഹരി ഉപയോഗം, സൈബര്‍ ആക്രമണം എന്നിങ്ങനെ കുട്ടികള്‍ നേരിടേണ്ടി വരുന്ന കുറ്റകൃത്യങ്ങളില്‍ നിന്നും സംരക്ഷണമൊരുക്കാനായി തയ്യാറാക്കിയ കുഞ്ഞാപ്പിന്റെ സേവനം ഒക്ടോബര്‍ അവസാന വാരം മുതല്‍ ലഭ്യമാകും.

സ്മാര്‍ട്ട് ഫോണുകളും ലാപ്‌ടോപ്പും ഇന്റര്‍നെറ്റും അടക്കമുള്ള ആധുനിക ഉപകരണങ്ങളുടെ ഉപയോഗം ചില കുട്ടികളെയെങ്കിലും ചതിക്കുഴികളിലേക്കു നയിച്ചു എന്ന വാര്‍ത്തകള്‍ ദിനംപ്രതി വരുമ്ബോഴാണ് ഇങ്ങനെയൊരു ആപ്പ് പ്രസക്തമാകുന്നത്. ശരിയായ അറിവില്ലായ്മയും പലവിധത്തിലുള്ള പ്രകോപനങ്ങളില്‍പ്പെടുന്നതും മൂലമാണ് കുട്ടികള്‍ പലപ്പോഴും ചൂഷണത്തിനിരയാകുന്നത്. മികച്ച രീതിയിലുള്ളബോധവത്ക്കരണം കുട്ടികള്‍ക്ക് മാത്രമല്ല രക്ഷകര്‍ത്താക്കള്‍ക്കും അധ്യാപകര്‍ക്കും ആവശ്യമാണ്.കുഞ്ഞാപ്പ് ഇവിടെ സഹായകമാവുന്നു.

കുട്ടികളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും നല്‍കേണ്ട കൃത്യമായ നിര്‍ദേശങ്ങളും, കരുതലും നല്‍കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ രക്ഷാകര്‍ത്താക്കള്‍ക്ക് ആപ്പിലൂടെ ലഭിക്കും. കുട്ടികളിലെ സ്വഭാവ രൂപീകരണത്തില്‍ അധ്യാപകരും മുഖ്യപങ്കുവഹിക്കുന്നു. അധ്യാപകര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും ആപ്പ് വഴി ലഭ്യമാകും. രക്ഷാകര്‍ത്താക്കള്‍ക്കും അധ്യാപകര്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം സംവിധാനങ്ങള്‍ ആപ്പില്‍ ഒരുക്കിയിട്ടുണ്ട്. ആപ്പില്‍ സ്റ്റുഡന്റ് മോഡ് സെറ്റ് ചെയ്തു രക്ഷകര്‍ത്താക്കളോടും അധ്യാപകരോടും സുഹൃത്തുക്കളോടും പറയാന്‍ പറ്റാത്ത പ്രശ്നങ്ങള്‍ കുട്ടികള്‍ക്ക് കുഞ്ഞാപ്പ് വഴി അധികാരികളോട് പറയാന്‍ സാധിക്കും. ബാല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ് കുഞ്ഞാപ്പിന്റെ ലക്ഷ്യം.അപകടകരമായ സാഹചര്യത്തില്‍ കുട്ടികളെ കണ്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ളവ റിപ്പോര്‍ട്ട് ചെയ്യാനും ആപ്പിലൂടെ സാധിക്കും.

ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാനുള്ള മാര്‍ഗങ്ങള്‍ അറിയാന്‍, ബാലസംരക്ഷണ, പാരെന്റിംഗ് സംവിധാനങ്ങള്‍ മനസിലാക്കാനും പ്രയോജനപ്പെടുത്താനും രക്ഷകര്‍ത്താക്കളെയും അധ്യാപകരെയും സഹായിക്കുക എന്നതാണ് ആപ്പിന്റെ കര്‍ത്തവ്യം. സ്റ്റാര്‍ട്ട് അപ് മിഷന്‍ മുഖേന മൂന്നരലക്ഷം രൂപ ചെലവിലാണ് കുഞ്ഞാപ്പ് വികസിപ്പിച്ചെടുത്തത്. ആപ്ലിക്കേഷന്‍ പ്രാബല്യത്തില്‍ വന്നാല്‍ പ്ലേസ്റ്റോറില്‍ ലഭ്യമാകും.