Home നാട്ടുവാർത്ത ഉഷ്ണതരംഗത്തിനെ തടഞ്ഞത് വേനൽ മഴ

ഉഷ്ണതരംഗത്തിനെ തടഞ്ഞത് വേനൽ മഴ

ഉത്തരേന്ത്യയില്‍ വീശിയടിച്ച ഉഷ്‌ണതരംഗം കേരളത്തിന്‌ ഭീഷണിയാകില്ല. ഏപ്രിലില്‍ ശക്‌തമായി പെയ്‌ത വേനല്‍ മഴയാണ്‌ ഉഷ്‌ണതരംഗ ഭീതിയില്‍നിന്ന്‌ സംസ്‌ഥാനത്തെ രക്ഷിച്ചതെന്ന്‌ കാലാവസ്‌ഥാ വിദഗ്‌ധര്‍.മഴ കുറഞ്ഞിരുന്നെങ്കില്‍ സംസ്‌ഥാനത്തും ചൂടേറുകയും സൂര്യാഘാതസാധ്യത വ്യാപകമാകുകയും ചെയ്യുമായിരുന്നെന്നും വിദഗ്ദ്ധർ പറഞ്ഞു.

ഉത്തരേന്ത്യയില്‍ പല സംസ്‌ഥാനങ്ങളിലും 46 ഡിഗ്രി സെല്‍ഷ്യസിനരികിലാണ്‌ ചൂട്‌. എന്നാല്‍, നിലവില്‍ കേരളത്തില്‍ ഉഷ്‌ണതരംഗ സാധ്യതയില്ല.മഴ കൂടിയതുമൂലമുണ്ടായ ഈര്‍പ്പം അന്തരീക്ഷത്തില്‍ കൂടുതലാണ്‌. ഇതുമൂലമുണ്ടാകുന്ന ചൂടാണ്‌ നമുക്ക്‌ അനുഭവിക്കേണ്ടിവരുന്നത് .

സംസ്‌ഥാനത്ത്‌ എട്ടു ജില്ലകളില്‍ ശരാശരി പകല്‍ താപനില 35 ഡിഗ്രി കടന്നുകഴിഞ്ഞു. മറ്റു ജില്ലകളെ അപേക്ഷിച്ച്‌ പാലക്കാട്ടാണ്‌(36.6 ഡിഗ്രി) ചൂട്‌ കൂടുതല്‍. കോഴിക്കോട്ടും താപനില 36 ഡിഗ്രി കടന്നു. മഴയില്ലായിരുന്നെങ്കില്‍ അന്തരീക്ഷ താപനില 40 കടക്കുമായിരുന്നു.സംസ്‌ഥാനത്ത്‌ വരുന്ന രണ്ടു ദിവസങ്ങളിലും വേനല്‍ മഴ വ്യാപകമായി പെയ്യുമെന്നാണ്‌ കാലാവസ്‌ഥ ഗവേഷണകേന്ദ്രം വ്യക്‌തമാക്കുന്നത്‌.

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാനു സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടതും മഴയുടെ സാധ്യതകൂട്ടിയിട്ടുണ്ട്‌. ചക്രവാതച്ചുഴി ന്യൂനമര്‍ദവും പിന്നീട്‌ ചുഴലിക്കാറ്റുമായി മാറാനുള്ള സാധ്യതയാണിപ്പോഴുള്ളത്‌. 8, 9 തിയതിയോടെ ചുഴലിക്കാറ്റ്‌ രൂപമെടുത്ത്‌ കിഴക്കന്‍ ദിശയിലേക്ക്‌ നീങ്ങുമെന്നാണ്‌ നിഗമനം. എന്നാല്‍, കേരളത്തെ ബാധിക്കാനിടയില്ല.

ഈ ചുഴലിക്കാറ്റിനുശേഷമുള്ള കാലാവസ്‌ഥാ മാറ്റങ്ങളെ നിരീക്ഷിച്ച ശേഷമേ മണ്‍സൂണിന്റെ ആഗമനത്തെക്കുറിച്ച്‌ വ്യക്‌തമാകൂവെന്നും കാലാവസ്ഥ വിദഗ്ദ്ധർ പറയുന്നു.