Home അറിവ് കോവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കുന്നു; കടുത്ത നിബന്ധനകള്‍

കോവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കുന്നു; കടുത്ത നിബന്ധനകള്‍

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ഡ്രൈവിങ് ടെസ്റ്റുകള്‍ തിങ്കളാഴ്ച മുതല്‍ വീണ്ടും ആരംഭിക്കും. ഡ്രൈവിങ് സ്‌കൂളുകള്‍ക്കും തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. കോവിഡ് വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ എന്ന് ആര്‍ടിഒ മാര്‍ ടെസ്റ്റ് ഗ്രൗണ്ടിലെത്തി വിലയിരുത്തും.

ലോക്ഡൗണ്‍ ആരംഭിക്കുന്നതിന് മുന്‍പ് ലേണേഴ്സ് ലൈസന്‍സ് എടുത്തവര്‍ക്കോ ഒരിക്കല്‍ ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുത്ത് പരാജയപ്പെട്ടവര്‍ക്കോ മാത്രമാണ് ഒക്ടോബര്‍ 15 വരെ ഡ്രൈവിങ് ടെസ്റ്റിന് അവസരം ലഭിക്കുക. മറ്റുള്ളവര്‍ക്ക് അതിനു ശേഷം അവസരം നല്‍കും. ലേണേഴ്സ് ടെസ്റ്റുകള്‍ക്ക് ഓണ്‍ലൈന്‍ രീതി തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഡ്രൈവിങ് ടെസ്റ്റിനുള്ള നിയന്ത്രണങ്ങള്‍ ഇവയാണ് :

കണ്ടെയ്ന്‍മെന്റ് സോണില്‍പ്പെട്ടവരും മറ്റു നിരോധിത മേഖലകളിലുള്ളവരെയും ടെസ്റ്റിലും ഡ്രൈവിങ് സ്‌കൂള്‍ പരിശീലനത്തിലും പങ്കെടുപ്പിക്കില്ല.

ചുമ, പനി, മറ്റ് രോഗലക്ഷണങ്ങളുള്ളവര്‍, വീട്ടില്‍ ക്വാറന്റീനില്‍ അംഗങ്ങളുള്ളവര്‍, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ രാജ്യങ്ങളില്‍ നിന്നോ എത്തി 14 ദിവസം കഴിയാത്തവര്‍ എന്നിവര്‍ക്കും വിലക്കുണ്ടാകും. ഇതുസംബന്ധിച്ചു പഞ്ചായത്ത് / ആരോഗ്യവകുപ്പ് അധികാരികളില്‍ നിന്നും സത്യവാങ്മൂലം ഹാജരാക്കണം.

65 നു മുകളില്‍ പ്രായമുള്ളവര്‍, മറ്റു രോഗങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കും താല്‍ക്കാലിക വിലക്ക്.

പരിശീലനത്തിനും ടെസ്റ്റിനും എത്തുന്നവരെ കുടുംബാംഗങ്ങള്‍ , സുഹൃത്തുക്കള്‍ എന്നിവര്‍ ടെസ്റ്റ് ഗ്രൗണ്ട്, ഓഫിസ്, സ്‌കൂള്‍ എന്നിവിടങ്ങളില്‍ അനുഗമിക്കരുത്.

റോഡ് ടെസ്റ്റിന് കാറുകളില്‍ ഒരേ സമയം ഇന്‍സ്പെക്ടറെ കൂടാതെ പരീക്ഷാര്‍ഥി മാത്രമേ പാടുള്ളൂ. ഉദ്യോഗസ്ഥര്‍ക്ക് മാസ്‌ക്, ഗ്ലൗസ്, ഫെയ്സ് ഷീല്‍ഡ്, എന്നിവ നിര്‍ബന്ധം.

ടെസ്റ്റിനു വരുന്നവര്‍ ചെറിയ സാനിറ്റൈസര്‍ ബോട്ടില്‍ കരുതണം. ടെസ്റ്റിനും മുന്‍പും പിന്‍പും കൈകള്‍ അണുവിമുക്തമാക്കണം. മാസ്‌കും ഗ്ലൗസും ധരിക്കണം.

ഡ്രൈവിങ് പരിശീലനത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിബന്ധനകള്‍ ഇപ്രകാരമാണ് :

ഒരേ സമയം ഒരാള്‍ക്കു മാത്രം ഡ്രൈവിങ് പരിശീലനം.

ഓരോ ആളിനും പരിശീലനം നല്‍കിയ ശേഷം സ്റ്റിയറിങ് വീല്‍, ഗീയര്‍ ലിവര്‍, സീറ്റ് ബെല്‍റ്റ്, ഹാന്‍ഡില്‍, മിറര്‍, ഡോര്‍ ഹാന്‍ഡില്‍, ടൂവീലര്‍ ഹാന്‍ഡില്‍ എന്നിവ സ്പ്രേയര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കണം.

ഇന്‍സ്ട്രക്ടര്‍ക്ക് മാസ്‌ക് , ഗ്ലൗസ് , ഫെയ്സ് ഷീല്‍ഡ് എന്നിവ നിര്‍ബന്ധം

ഡോര്‍ ഗ്ലാസുകള്‍ തുറന്നിടണം. എസി ഉപയോഗിക്കാന്‍ പാടില്ല

ഡ്രൈവിങ് സ്‌കൂള്‍ ജീവനക്കാര്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ താമസിക്കുന്നവരോ കുടുംബാംഗങ്ങള്‍ ആരെങ്കിലും വീട്ടില്‍ ക്വാറന്റീനില്‍ ഉള്ളവരോ ആയിരിക്കരുത്. സ്ഥാപനവും പരിസരവും അണുവിമുക്തമാക്കണം.

മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും സ്‌കൂളിലും ഗ്രൗണ്ടിലും പ്രദര്‍ശിപ്പിക്കണം.

ഡ്രൈവിങ് പരിശീലനം നല്‍കുന്ന വാഹനം കഴുകി അണുവിമുക്തമാക്കണം.3 ലീറ്റര്‍ അണുനാശിനി സ്പ്രേയര്‍ ഡ്രൈവിങ് പരിശീലിപ്പിക്കുന്ന സ്ഥലത്തു സൂക്ഷിക്കണം