Home അറിവ് വെള്ള കാര്‍ഡ് ഉടമകളുടെ റേഷന്‍ വിഹിതം വെട്ടിക്കുറച്ചു; ഈ മാസത്തെ കണക്ക് ഇങ്ങനെ

വെള്ള കാര്‍ഡ് ഉടമകളുടെ റേഷന്‍ വിഹിതം വെട്ടിക്കുറച്ചു; ഈ മാസത്തെ കണക്ക് ഇങ്ങനെ

വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള സാധാരണ റേഷന്‍ വിഹിതം വെട്ടിക്കുറച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ്. മേയ് മാസത്തിലെ വിഹിതത്തിലാണ് കുറവ് വന്നിരിക്കുന്നത്. കഴിഞ്ഞ മാസം കിലോയ്ക്ക് 10.90 രൂപയ്ക്കു 4 കിലോ അരി നല്‍കിയ സ്ഥാനത്ത് ഇത്തവണ 2 കിലോ മാത്രമാണു നല്‍കുക.

അതേസമയം, നീല കാര്‍ഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്കു 4 രൂപ നിരക്കില്‍ നല്‍കുന്നത് ഈ മാസവും തുടരും.
വെള്ള, നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസവും 10 കിലോ സ്‌പെഷല്‍ അരി കിലോയ്ക്ക് 15 രൂപയ്ക്കു നല്‍കും. ബ്രൗണ്‍ കാര്‍ഡ് ഉടമകള്‍ക്കു 2 കിലോ വീതം സ്‌പെഷല്‍ അരിയും സാധാരണ റേഷനും ലഭിക്കും. സാധാരണ റേഷന്‍ അരിക്കു കിലോയ്ക്കു 10.90 രൂപയ്ക്കും സ്‌പെഷല്‍ അരി കിലോയ്ക്കു 15 രൂപയ്ക്കുമാണ് ഇവര്‍ക്കു നല്‍കുക.

ആവശ്യത്തിനു സ്‌പെഷല്‍ അരി കടകളില്‍ സ്റ്റോക്കില്ലെന്ന പ്രശ്‌നമുണ്ട്. ഈ മാസവും മണ്ണെണ്ണ വിതരണമില്ല. കേന്ദ്ര വിഹിതം കുറഞ്ഞ സാഹചര്യത്തില്‍ ഏറെക്കാലമായി മൂന്നു മാസത്തിലൊരിക്കലാണു മണ്ണെണ്ണ വിതരണം. മാര്‍ച്ചിലാണ് ഒടുവില്‍ നല്‍കിയത്. മേയ് മാസത്തെ റേഷന്‍ വിതരണം ഇന്ന് ആരംഭിക്കും. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രകാരം മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ അരി വിതരണം സംബന്ധിച്ചു പിന്നീട് അറിയിക്കുമെന്നു ഭക്ഷ്യവിതരണ വകുപ്പ് വ്യക്തമാക്കി.