Home വാണിജ്യം അഞ്ച് ഗിയര്‍, ഒറ്റച്ചാര്‍ജില്‍ 80 കിലോമീറ്റര്‍ വരെ; ന്യൂജനറേഷന്‍ ഇലക്ട്രിക് സൈക്കിളുമായി ടൗച്ചെ

അഞ്ച് ഗിയര്‍, ഒറ്റച്ചാര്‍ജില്‍ 80 കിലോമീറ്റര്‍ വരെ; ന്യൂജനറേഷന്‍ ഇലക്ട്രിക് സൈക്കിളുമായി ടൗച്ചെ

ന്യൂജനറേഷന്‍ ഇലക്ട്രിക് സൈക്കിള്‍ അവതരിപ്പിച്ച് ഇലക്ട്രിക് മൊബിലിറ്റി സ്റ്റാര്‍ട്ട് ആപ്പ് കമ്പനിയായ ടൗച്ചെ. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നിര്‍മ്മിച്ച ഹീലിയോ എച്ച്100 എന്ന ഇലക്ട്രിക് സൈക്കിളിന് നിരവധി സവിഷേഷതകളുണ്ട്. 48,900 രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്.

രണ്ട് മോഡലുകളിലാണ് ഇലക്ട്രിക് സൈക്കിള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഒരു തവണ ചാര്‍ജ് ചെയ്യുമ്പോള്‍ 60 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്നതാണ് ഒരു മോഡല്‍. രണ്ടാമത്തെതിന് 80 കിലോമീറ്ററാണ് ദൂരപരിധി. ആരോഗ്യക്ഷമതയുടെ ഭാഗമായി ഇലക്ട്രിക് സംവിധാനത്തിന്റെ സഹായമില്ലാതെ സൈക്കിള്‍ ചവിട്ടാനും സാധിക്കും. ഡിറ്റാച്ചബിള്‍ ലിഥിയം അയോണ്‍ ബാറ്ററിയും 250 ഡബ്ല്യൂ റിയര്‍ ഹബ് മോട്ടോറുമാണ് ഇതിന് കരുത്തുപകരുന്നത്.

അഞ്ച് ഗിയര്‍ സംവിധാനമാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. സൈക്കിളിന്റെ വലതുവശത്താണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. അടുത്തക്കാലത്തായി ഇ-ബൈക്കുകളുടെ ആവശ്യകത വര്‍ധിച്ചിരിക്കുകയാണെന്ന് ടൗച്ചെ പ്രസ്താവനയില്‍ പറയുന്നു. ഇലക്ട്രിക് സൈക്കിളിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 18 മാസത്തെ വാറണ്ടിയാണ് ഉപഭോക്താവിന് നല്‍കുന്നത്. ബാറ്ററി, ഇലക്ട്രിക് മോട്ടോര്‍, ബൈക്കിന്റെ കണ്‍ട്രോളര്‍ എന്നിവയ്ക്കാണ് വാറണ്ടി. ഫ്രെയിമിന് രണ്ടുവര്‍ഷത്തെ വാറണ്ടിയും ഉറപ്പുനല്‍കുന്നതായി കമ്പനി അറിയിച്ചു.