Home വാണിജ്യം ഫെഡറല്‍ ബാങ്കിന് 1135 കോടി രൂപയുടെ പ്രവര്‍ത്തനലാഭം: 22 ശതമാനമായി വര്‍ധിച്ചു

ഫെഡറല്‍ ബാങ്കിന് 1135 കോടി രൂപയുടെ പ്രവര്‍ത്തനലാഭം: 22 ശതമാനമായി വര്‍ധിച്ചു

നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ മാത്രം ഫെഡറല്‍ ബാങ്ക് 1135 കോടി രൂപയുടെ പ്രവര്‍ത്തനലാഭമാണ് നേടിയത്. ബാങ്കിന്റെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രവര്‍ത്തനലാഭമാണിത്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 932.38 കോടി രൂപയായിരുന്നു പ്രവര്‍ത്തനലാഭം. ഇത്തവണ 22 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്.

ഇതോടെ 8.30 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ മൊത്തം ബിസിനസ് 2,99,158.36 കോടി രൂപയിലെത്തി. അറ്റപലിശ വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9.41 ശതമാനം വര്‍ധിച്ച് 1,418 കോടി രൂപയിലുമെത്തി. 53.90 ശതമാനം വര്‍ദ്ധനവോടെ ബാങ്കിന്റെ സ്വര്‍ണവായ്പകള്‍ 15764 കോടി രൂപയിലെത്തിയപ്പോള്‍ റീട്ടെയ്ല്‍ വായ്പകള്‍ 15.15 ശതമാനവും കൊമേര്‍ഷ്യല്‍ ബാങ്കിംഗ് വായ്പകള്‍ 10.23 ശതമാനവും കാര്‍ഷിക വായ്പകള്‍ 23.71 ശതമാനവുമാണ് വര്‍ദ്ധിച്ചത്. പ്രവാസി ഇന്ത്യക്കാരുടെ നിക്ഷേപം 9.53 ശതമാനം വര്‍ദ്ധിച്ച് 66,018.73 കോടി രൂപയിലെത്തി.

ബാങ്കിന്റെ കറന്റ് അക്കൗണ്ട് സേവിംഗ്സ് അക്കൗണ്ട് അനുപാതം ചരിത്രത്തിലെ ഏറ്റവും മികച്ച നിലയിലാണ് ഇപ്പോഴുള്ളത്. കൂടാതെ 90 ശതമാനം നിക്ഷേപവും റീട്ടെയ്ല്‍ വിഭാഗത്തില്‍ പെടുന്നു. ഇന്ത്യയിലേക്കുള്ള വ്യക്തിഗത റെമിറ്റന്‍സിന്റെ 18.20 ശതമാനവും ഞങ്ങള്‍ വഴിയാണ് എന്നത് പ്രവാസികള്‍ക്ക് ഞങ്ങളോടുള്ള താല്പര്യത്തിന്റെ ഉത്തമോദാഹരണമാണ്. പ്രതികൂല കാലാവസ്ഥയിലും നിഷ്‌ക്രിയ ആസ്തിയുടെ വര്‍ദ്ധനവ് ബാങ്കിന് പിടിച്ചുനിറുത്താനായി’- ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പ്രസ്താവിച്ചു.

ബാങ്കിന്റെ 4.99 ശതമാനം ഓഹരികളില്‍ നിക്ഷേപം നടത്താന്‍ ഐഎഫ്‌സി പോലുള്ള ഒരു പ്രമുഖ നിക്ഷേപസ്ഥാപനം തീരുമാനിച്ചത് ബാങ്കിന്റെ പ്രവര്‍ത്തന മികവില്‍ നിക്ഷേപകര്‍ക്ക് പൊതുവെയുള്ള വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത് എന്നും ശ്യാം ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

ബാങ്കിന്റെ മൊത്തം വായ്പ 6.98 ശതമാനം വര്‍ധിച്ച് 1,29,765.06 കോടി രൂപയിലെത്തി. റീട്ടെയ്ല്‍ വായ്പകള്‍ 15.15 ശതമാനം വര്‍ധിച്ച് 43,599.03 കോടി രൂപയിലും ബിസിനസ് ബാങ്കിങ് വായ്പകള്‍ 6.34 ശതമാനം വര്‍ധിച്ച് 10,781.66 കോടി രൂപയിലുമെത്തി. മൊത്തം നിക്ഷേപം 9.33 ശതമാനം വര്‍ധിച്ച് 1,69,393.30 കോടി രൂപയായി.

ബാങ്കിന്റെ അറ്റാദായം കഴിഞ്ഞ വര്‍ഷത്തെ 1784.81 കോടി രൂപയില്‍ നിന്ന് 15.90 ശതമാനം വര്‍ധിച്ച് 2,068.58 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനം 9.41 ശതമാനം വര്‍ദ്ധനവോടെ 1418.43 കോടി രൂപയായി.

2021 ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം ബാങ്കിന്റെ ആകെ നിഷ്‌ക്രിയ ആസ്തി 4,649.33 കോടി രൂപയാണ്. മൊത്തം വായ്പയുടെ 3.50 ശതമാനമാണിത്. അറ്റ നിഷ്‌ക്രിയ ആസ്തി 1,593.24 കോടി രൂപയാണ്. 1.23 ശതമാനമെന്ന മെച്ചപ്പെട്ട നിലയിലാണിത്. നീക്കിയിരുപ്പ് അനുപാതം 78.66 ശതമാനവും ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം 14.64 ശതമാനവും അറ്റ മൂല്യം 16,488.53 കോടി രൂപയുമാണ്.