അന്താരാഷ്ട്ര ഐടി കമ്പനിയായ ഐബിഎമ്മിന്റെ പുതിയ ഡെവലപ്‌മെന്റ് സെന്റര്‍ കൊച്ചിയില്‍ ആരംഭിക്കുന്നു. ഐടി മേഖലയില്‍ നവീനമായ ആശയങ്ങളും സാങ്കേതിക വിദ്യകളും വികസിപ്പിക്കുന്ന ഐബിഎം സോഫ്‌റ്റ്വെയര്‍ ലാബ്‌സിന്റെ കേന്ദ്രമാണ് കൊച്ചിയില്‍ സ്ഥാപിക്കാന്‍ പോകുന്നത്. ഹൈബ്രിഡ് ക്‌ളൗഡ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകളെ കൂടുതല്‍ മികവിലേയ്ക്ക് നയിക്കാനുതകുന്ന പ്രവര്‍ത്തനങ്ങളാണ് പുതിയ സെന്ററില്‍ വികസിപ്പിക്കുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട് ഐബിഎം ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായ സന്ദീപ് പട്ടേല്‍, ഐബിഎം ഇന്ത്യ സോഫ്‌റ്റ്വെയര്‍ ലാബ്‌സിന്റെ വൈസ് പ്രസിഡണ്ടായ ഗൗരവ് ശര്‍മ്മ എന്നിവരുമായി വളരെ ക്രിയാത്മകമായ ചര്‍ച്ച നടക്കുകയുണ്ടായി. ചര്‍ച്ചയില്‍ ഡിജിറ്റല്‍ നോളജ് എകോണമിയായി കേരളത്തെ വളര്‍ത്താനുള്ള എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാഴ്ചപ്പാടുകള്‍ അവരുമായി പങ്കു വയ്ക്കാനും അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനും സാധിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതോടൊപ്പം ഐടി നയങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും കോവിഡ് കാരണം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറി കടക്കുന്നതില്‍ സാങ്കേതിക മേഖലയ്ക് നല്‍കാന്‍ കഴിയുന്ന സംഭാവനകളെക്കുറിച്ചും ചര്‍ച്ച ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു.