Home അറിവ് ബസ് ചാർജ് വർധിപ്പിക്കാൻ സാധ്യത; മിനിമം ചാർജ് പത്ത് രൂപയാകുമെന്ന് സൂചന

ബസ് ചാർജ് വർധിപ്പിക്കാൻ സാധ്യത; മിനിമം ചാർജ് പത്ത് രൂപയാകുമെന്ന് സൂചന

മിനിമം ചാർജ് പത്ത് രൂപയാക്കി ബസ് ചാർജ് ഉടൻ വർധിപ്പിച്ചേക്കുമെന്ന് സൂചന. നിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചിരുന്നു. ബസുടമകൾക്ക് ഗതാഗത മന്ത്രി നൽകിയ ഉറപ്പിനെ തുടർന്നാണ് സമരം മാറ്റി വെച്ചിരുന്നത്.

മിനിമം ചാർജ് 12 രൂപയായി ഉയർത്തുക, വിദ്യാർത്ഥികളുടെ കൺസെഷൻ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകൾ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ. ഉടമകൾ ഉന്നയിച്ച വിഷയങ്ങളിൽ പത്ത് ദിവസത്തിനകം പരിഹാരം കാണാമെന്ന ഗതാഗത മന്ത്രി ആന്റണി രാജു നൽകിയ ഉറപ്പിലാണ് സമരം മാറ്റിവെച്ചത്.

മിനിമം ചാർജ് 12 രൂപയാക്കണം എന്നാണ് ബസുടമകളുടെ വാദം. അത് അം​ഗീകരിക്കാൻ സാധ്യതില്ലെങ്കിലും മിനിമ് ചാർജ് എട്ടിൽ നിന്ന് 10 രൂപയായി വർധിപ്പിച്ചേക്കുമെന്നാണ് സൂചന. 2018-ലാണ് ഇതിനുമുൻപ് ബസ് ചാർജ് ചാർജ് വർധിപ്പിച്ചത്‌. അന്ന് 62 രൂപയായിരുന്നു ഒരു ലിറ്റർ ഡീസലിന്റെ വില. ആ സമയത്താണ് മിനിമം ചാർജ് എട്ട് രൂപയാക്കി വർധിപ്പിച്ചത്.

ഡീസൽ വില 95ന് മുകളിൽ എത്തിയ സാഹചര്യത്തിൽ മിനിമം ചാർജ് 12 രൂപയിലെത്തണമെന്നാണ് ബസ് ഉടമകളുടെ പ്രധാനപ്പെട്ട ആവശ്യം. വിദ്യാർത്ഥികളുടെ കൺസഷൻ ആറ് രൂപയാക്കി വർധിപ്പിക്കണമെന്നും അവർ ഉന്നയിച്ചു. കോവിഡ് കാലം കഴിയുന്നത് വരെ വാഹന നികുതി പൂർണമായും ഒഴിവാക്കണമെന്നും ബസുടമകൾ ആവശ്യപ്പെട്ടിരുന്നു.