Home അറിവ് മുലയൂട്ടുന്ന അമ്മമാര്‍ നിര്‍ബന്ധമായും കഴിക്കേണ്ട ആഹാരങ്ങള്‍

മുലയൂട്ടുന്ന അമ്മമാര്‍ നിര്‍ബന്ധമായും കഴിക്കേണ്ട ആഹാരങ്ങള്‍

മുലയൂട്ടുന്ന അമ്മമാര്‍ ഭക്ഷണത്തില്‍ പ്രത്യേകമായി ശ്രദ്ധ പുലര്‍ത്തണം. ആറ് മാസം വരെ കുഞ്ഞിന് മുലപ്പാല്‍ മാത്രമേ നല്‍കാന്‍ പാടൂള്ളൂ. അത് കൊണ്ട് തന്നെ പോഷക ഗുണങ്ങളുള്ള ഭക്ഷണങ്ങളായിരിക്കണം മൂലയൂട്ടുന്ന അമ്മമാര്‍ കഴിക്കേണ്ടത്.

ധാരാളം അന്നജവും പ്രോട്ടീനുകളും ആവശ്യത്തിന് കൊഴുപ്പുമടങ്ങിയ ഭക്ഷണം അത്യാവശ്യമാണ്. ഇത് മുലപ്പാല്‍ നന്നായി ഉണ്ടാകാന്‍ സഹായിക്കും. മത്സ്യം, മാംസം, പയറുവര്‍ഗങ്ങള്‍ എന്നിവ നല്ല പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണസാധനങ്ങളാണ്.

ഇലക്കറികള്‍ ധാരാളമായി ഉപയോഗിക്കുന്നത് ഇരുമ്പിന്റെ കുറവ് പരിഹരിക്കാന്‍ സഹായിക്കും. മൂലയൂട്ടുന്ന അമ്മമാര്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചറിയാം.

പച്ചക്കറികള്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. പച്ച ഇലക്കറികളില്‍ ഫൈറ്റോ ഈസ്ട്രജന്‍ അടങ്ങിയിട്ടുണ്ട്, ഇത് മുലപ്പാല്‍ കൂട്ടുന്നതിന് സഹായിക്കുന്നു.

അണ്ടിപ്പരിപ്പ് ഇരുമ്പ്, കാല്‍സ്യം, സിങ്ക്, വൈറ്റമിന്‍ കെ, ബി എന്നിവ പോലുള്ള അവശ്യ ധാതുക്കളാല്‍ സമ്പുഷ്ടമാണ് അണ്ടിപ്പരിപ്പ്. ഫാറ്റി ആസിഡുകളുടെയും പ്രോട്ടീന്റെയും ആരോഗ്യകരമായ ഉറവിടമാണ്. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണത്തില്‍ അണ്ടിപരിപ്പിനെയും ഉള്‍പ്പെടുത്താം.

ബീന്‍സ്, പയര്‍വര്‍ഗങ്ങള്‍ എന്നിവ പ്രോട്ടീന്‍, വൈറ്റമിനുകള്‍, ധാതുക്കള്‍, ഫൈറ്റോ ഈസ്ട്രജന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. ഇവ കഴിക്കുന്നത് ആരോഗ്യത്തിന് മാത്രമല്ല, കുഞ്ഞിന് ആവശ്യമായ പാല്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനും നല്ലതാണ്.

മുലയൂട്ടുന്ന അമ്മമാര്‍ക്ക് പോഷകങ്ങളുടെ കലവറയാണ് അവാക്കാഡോ. അവക്കാഡോയുടെ 80 ശതമാനം കൊഴുപ്പാണ്. ബി വൈറ്റമിനുകള്‍, വൈറ്റമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, വൈറ്റമിന്‍ സി, ഇ എന്നിവയുടെ നല്ല ഉറവിടമാണ് അവാക്കാഡോ.

കാത്സ്യം ധാരാളമായി അടങ്ങിയ പാല്‍, പാലുല്‍പ്പന്നങ്ങള്‍ ഒഴിവാക്കരുത്. അമ്മയുടെ ശരീരത്തിലെ കാല്‍സ്യത്തിന്റെ അളവ് നിലനിര്‍ത്തുന്നതിനൊപ്പം മുലപ്പാലിലൂടെ കുഞ്ഞിന്റെ എല്ലുകളുടേയും പല്ലുകളുടേയും വളര്‍ച്ചയ്ക്കും കാല്‍സ്യം സഹായിക്കുന്നു.