Home അറിവ് ഇമോജികളിൽ സാംസ്കാരിക വൈരുധ്യങ്ങളുണ്ട്: കാസർകോട് കേന്ദ്ര സർവകലാശാല ​ഗവേഷകർ

ഇമോജികളിൽ സാംസ്കാരിക വൈരുധ്യങ്ങളുണ്ട്: കാസർകോട് കേന്ദ്ര സർവകലാശാല ​ഗവേഷകർ

സാമൂഹിക മാധ്യമങ്ങളിലെ ആശയ വിനിമയത്തിന് വൈകാരിക ഭാഷയായി ഉപയോഗിക്കുന്ന ഇമോജികളിൽ സാംസ്കാരിക വൈരുധ്യങ്ങളുണ്ടെന്ന് പഠനം. കാസർകോട് കേന്ദ്ര സർവകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. മനുഷ്യരുടെ ഭാവ പ്രകടനത്തിന് നിലവിലുള്ള ഇമോജികൾ ഫലപ്രദമല്ലെന്നും പഠനം പറയുന്നു.

പടിഞ്ഞാറൻ രാജ്യങ്ങളിൽ ഉപയോഗിക്കുന്ന മുഖഭാവ, വൈകാരിക പ്രകടനങ്ങളേക്കാൾ പതിന്മടങ്ങ് ഭാവങ്ങൾ ഇന്ത്യപോലുള്ള രാജ്യങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. അവയ്ക്ക് അനുയോജ്യമായ ഇമോജികൾ ലഭ്യമായിട്ടില്ലെന്ന് പഠനം പറയുന്നു. അതിനാൽ വിവിധ സംസ്കാരങ്ങളിൽ ജീവിക്കുന്നവർ നടത്തുന്ന സാമൂഹിക മാധ്യമ വിനിമയങ്ങളിൽ വലിയ വൈരുധ്യങ്ങളുണ്ടാകുന്നു.

കാസർകോട് കേന്ദ്ര സർവകലാശാലയിലെ അസി. പ്രൊഫ ഡോ. ബി ഇഫ്തികാർ അഹമ്മദും ഗവേഷക വിദ്യാർത്ഥിനി എം. ശ്രീലക്ഷ്മിയുമാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. സ്മൈലി, പിക്റ്റോഗ്രാം, ഐഡിയോഗ്രാം, ലോഗോ ഗ്രാം തുടങ്ങിയ ഡിജിറ്റൽ ടെക്സ്റ്റുകളെ അധികരിച്ചായിരുന്നു പഠനം. ഗവേഷക ജേർണലായ കലാസരോവറിൽ ഇവരുടെ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്.