Home അറിവ് രണ്ടു മാസത്തിനിടെ എട്ടു ന്യൂനമർദ്ദങ്ങൾ; സർവകാല റെക്കോഡ് ഭേദിച്ച് തുലാമഴ

രണ്ടു മാസത്തിനിടെ എട്ടു ന്യൂനമർദ്ദങ്ങൾ; സർവകാല റെക്കോഡ് ഭേദിച്ച് തുലാമഴ

സംസ്ഥാനത്ത് ഇത്തവണ സർവകാല റെക്കോഡ് ഭേദിച്ച് തുലാമഴപ്പെയ്ത്ത്. ഒക്ടോബർ ഒന്നുമുതൽ നവംബർ 15 വരെ ലഭിച്ചത് 833.8 മില്ലിമീറ്റർ മഴയാണ്. ഈ കാലയളവിൽ കേരളത്തിൽ പെയ്തത് 105 ശതമാനം അധികമഴയാണെന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നു.

ഒന്നിനു പുറകെ ഒന്നായി തുടരെ ന്യൂനമർദ്ദങ്ങൾ, ചക്രവാതച്ചുഴി പുറമേ, ന്യൂനമർദ്ദപ്പാത്തിയും. ഇതോടെയാണ് കഴിഞ്ഞ 45 ദിവസത്തിനിടെ കേരളം തുലാമഴയിൽ റെക്കോഡിട്ടത്. കഴിഞ്ഞ ഒന്നര മാസത്തിനിടെ ലഭിക്കേണ്ടത് 407.2 മില്ലി മീറ്റർ മഴയാണ്. എന്നാൽ പെയ്തത് 833.8 മി മീറ്ററും. തുലാവർഷം പകുതിയായപ്പോഴാണ് ഇത്രയധികം മഴ ലഭിച്ചത്.

2010 ൽ ലഭിച്ച 822.9 മില്ലി മീറ്റർ മഴയെന്ന ഇതുവരെയുള്ള റെക്കോഡാണ് ഇത്തവണ തിരുത്തിയത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 121 വർഷത്തെ കണക്ക് അനുസരിച്ച് തുലാമഴ 800 മില്ലിമീറ്ററിൽ കൂടുതൽ ലഭിച്ചത് ഇതിന് മുമ്പ് രണ്ടു തവണ മാത്രമാണ്. 2010 ലും 1977ലും. 1977ൽ 809.1 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്.

ഇനിയും ന്യൂനമർദ്ദങ്ങൾക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ വകുപ്പിന്റെ നിഗമനത്തിന്റെ പശ്ചാത്തലത്തിൽ തുലാവർഷമഴ ശക്തമായി തുടർന്നേക്കും. ഇത്രയേറെ ദിവസം അമിതമഴ ഉണ്ടാക്കിയ തുടർ ന്യൂനമർദങ്ങൾ സംസ്ഥാനത്ത് സമീപകാലത്തൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഒക്ടോബറിലും നവംബറിലുമായി ഇതേ വരെ ചെറുതും വലുതുമായ എട്ട് ന്യൂനമർദങ്ങളാണ് കടലിൽ രൂപപ്പെട്ടത്.

ഇതിൽ രണ്ട് മൂന്ന് ദിവസം നിലനിന്നതുമുതൽ നാല്-അഞ്ചുദിവസം നീണ്ടതു വരെയുണ്ട്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായിട്ടാണ് ഇവയെല്ലാം രൂപപ്പെട്ടത്. 18 വരെ ഈ പ്രതിഭാസം തുടരാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അറബിക്കടലിന്റെ താപനില കൂടിനിൽക്കുന്നതാണ് ഇത്തരം പ്രതിഭാസങ്ങൾക്ക് കാരണം.