അഭിഭാഷകൻ പറയുന്നു -”ആൺകുട്ടികൾ ജാഗ്രതൈ”

    ആൺകുട്ടികൾ ശ്രദ്ധിക്കുക. ശ്രദ്ധിക്കുക എന്ന് പറഞ്ഞാൽ ആവോളം ശ്രദ്ധിക്കുക. ചെറുപ്രായത്തിലുള്ള പെൺകുട്ടികൾ ഒപ്പമുള്ളതും, മുതിർന്നവരുമായ ആൺകുട്ടികളെ ആരാധിക്കുന്നു, സ്നേഹിക്കുന്നു, അവരോടൊപ്പം യാത്ര ചെയ്ത് കറങ്ങി നടക്കാൻ ആഗ്രഹിക്കുന്നു. സൗഹൃദവും സ്നേഹവും പ്രേമവും കുട്ടികളിലെ ആരോഗ്യകരമായ അവസ്ഥകളാണെങ്കിലും കാമം പ്രകടിപ്പിക്കേണ്ടത് പ്രായപൂർത്തി ആയതിന് ശേഷം മാത്രമാണെന്നതിരിച്ചറിവ് കുട്ടിക്ക് നൽകുവാൻ കഴിയുന്നത് മാതാപിതാക്കൾക്കും അധ്യാപകർക്കും തന്നെയാണ്. എന്നാൽ കുട്ടികൾക്ക് ഈ കാര്യങ്ങളെക്കുറിച്ച് പറഞ്ഞു കൊടുക്കേണ്ട മാതാപിതാക്കളും അധ്യാപകരും ഇതേക്കുറിച്ച് ഓർക്കുമ്പോൾ തന്നെ അസ്വസ്ഥരാവുന്ന കാഴ്ചയാണ് നാം ഇന്ന് കണ്ടു വരുന്നത്. അതേ സമയം,ശരിയായ അറിവ് വിവേകം നൽകുന്നു എന്ന സത്യം ഇന്നത്തെ മാതാപിതാക്കളോ അധ്യാപകരാ മനസ്സിലാക്കി കാണുന്നില്ല. കുട്ടികൾക്ക് ലൈംഗികതയെക്കുറിച്ച് അറിവ് പകർന്നു നൽകുവാൻ ഉത്തരവാദപ്പെട്ടവർ തയ്യാറാകുന്നില്ല. അപ്പോൾ കുട്ടികൾ അപക്വമായ അറിവ് വെച്ച് അത് തേടിപ്പോവുകയും പരീക്ഷണങ്ങൾ നടത്തുകയും ചെയ്യന്നു.ഇത്തരം അറിവില്ലായ്മക്ക് ഒരു ഉദാഹരണമാണ് ഈ അടുത്ത ദിവസം പത്രങ്ങൾ റിപ്പോർട്ട് ചെയ്ത, മണ്ണാർക്കാട് എന്ന സ്ഥലത്തെ ഒരു സ്കൂളിലെ വിദ്യാർത്ഥിനികൾ മുതിർന്ന ഒരു പറ്റം ആൺകുട്ടികളുടെ കൂടെ കാറിൽ കറങ്ങി നടക്കുകയും, തിരിച്ചെത്തിയപ്പോൾ കാത്തു നിന്ന നാട്ടുകാർ അവരെ പിടികൂടി പോലീസിൽ ഏൽപിക്കുകയും , ആൺകുട്ടികൾ മാത്രം കേസിൽ ഉൾപ്പെടുകയും ചെയ്ത വിധത്തിൽ കാര്യങ്ങൾ ഉണ്ടാകുന്നതിന് കാരണമായതിന്റെ വേരുകൾ തേടുമ്പോൾ ആരാണ് കൂടുതൽ ജാഗ്രത പുലർത്തേണ്ടതെന്ന് വ്യക്തമാവുന്നു. അപക്വ കാമ ബന്ധങ്ങളെ നേരിടുന്നതിലെ വൈദഗ്ധ്യമില്ലായ്മയാണ് ഇവിടെ കാണുന്നത്. കുട്ടികളെ ശാന്തമായി ഈ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നതിലൂടെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാം. ഇത്തരം കാര്യങ്ങൾ കുട്ടികളുമായി സംസാരിക്കുന്ന അധ്യാപകരും മാതാപിതാക്കളും സ്വാതന്ത്ര്യമെടുത്തു തന്നെ കുട്ടി ഇപ്പോൾ മുൻഗണന നൽകേണ്ട കാര്യം പഠനമാണ് എന്നും, നേരെ മറിച്ച് , ജീവിത ലക്ഷ്യം വിവാഹം മാത്രമല്ല എന്നും ബോധ്യപ്പെടുത്താൻ കുട്ടികളുമായിഅടുപ്പം സൃഷ്ടിച്ച് അത് നടപ്പിലാക്കാൻ ശ്രദ്ധിക്കണം . ചെറുപ്രായത്തിലുള്ള ഇത്തരം വഴിവിട്ട ബന്ധങ്ങൾ സങ്കീർണമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു എന്ന് അവർക്ക് മനസ്സിലാക്കി കൊടുക്കണം.പ്രത്യേകിച്ചും ആൺകുട്ടികൾക്ക് .ഇത്തരം പ്രവർത്തികൾ നിർത്തിവെച്ച് മനസ്സ് നല്ലൊരു അന്തരീക്ഷത്തിലേക്ക് തിരിച്ചുവിടാൻ അവരെ സഹായിക്കണം.കുട്ടിയെ വിശ്വാസത്തിലെടുത്ത്, അവരെ സ്നേഹിച്ച്, ഇത്തരം അപകടങ്ങളിലെ ഭവിഷ്യത്തുകൾ ഒരു സുഹൃത്തിനെ പോലെ പറഞ്ഞു മനസ്സിലാക്കാൻ കഴിയണം. സ്നേഹവും, അഭിനന്ദനവും പ്രോത്സാഹനവും ശിക്ഷണവും വേണ്ട അളവിൽ നൽകാൻ സാധിക്കുന്നുവെങ്കിൽ ഒരു പരിധി വരെ ഏതൊരു കുട്ടിയെയും ഇത്തരം അറിവില്ലായ്മയിൽ നിന്നും രക്ഷിക്കാം. മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും വാത്സല്യവും കരുതലും കിട്ടാതെ വരുന്ന കുട്ടികളാണ് കൂടുതലും പുറത്തെ കരുതലും വാത്സല്യവും ആഗ്രഹിച്ച് പോവുന്നത്.ഇന്നത്തെ അവസ്ഥയിൽ ആഗ്രഹിച്ച് പരസ്പരം സ്നേഹിക്കുകയും കാമിക്കുകയും ചെയ്യുന്ന കുട്ടികളിൽ, ആൺകുട്ടികൾ മാത്രം കൂടുതൽ ശിക്ഷ ഏറ്റു വാങ്ങുന്നു. ഇവിടെയാണ് നമ്മുടെ കുഞ്ഞുങ്ങളെ ആൺ-പെൺ വ്യത്യാസമില്ലാതെ കാണണമെന്ന് പറയുമ്പോഴും ചില നിയമങ്ങൾക്ക് മുൻപിൽ ആൺകുട്ടികൾ മാത്രം തോറ്റു പോവുന്നതും. പെണ്ണൊരുമ്പെട്ടാൽ, ബ്രഹ്മനും തടുക്കാൻ പറ്റില്ല. ആൺ കുട്ടികൾ ജാഗ്രതൈ. ദുർബല വിഭാഗമായി കണക്കാക്കുന്ന കുട്ടികളെ, പ്രത്യേകിച്ച് പെൺകുട്ടികളെ ബഹുമാനിക്കാനും അവരുമായി മനുഷ്യത്വപരമായി ഇടപഴകാനും ശ്രദ്ധിക്കുക. ഒരു പിതാവ് എന്ന നിലയിലും, എളിയ ഒരു അഭിഭാഷകൻ എന്ന നിലയിലുമുള്ള എന്റെ കാഴ്ചപ്പാടുകൾ ആ സ്പിരിറ്റിൽ തന്നെ ഉൾക്കൊള്ളുമെന്ന് വിശ്വസിച്ചു കൊണ്ട് സ്നേഹപൂർവ്വം- വാരിജാക്ഷൻ.(തൃശൂരിലെ അഭിഭാഷകൻ വാരിജാക്ഷന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം.)