പാലക്കാട് ജില്ലയയിലെ കല്‍പ്പാത്തിയില്‍ നിന്നായിരുന്നു ലക്ഷ്മി യാത്ര തിരിച്ചത്. ഒറ്റയ്ക്ക് ബൈക്കില്‍ കശ്മീര്‍ വരെയെത്തിയ ഈ സാഹസിക യാത്രക്കാരിയെ അത്ര പെട്ടെന്നൊന്നും ആളുകള്‍ക്ക് മറക്കാനാകില്ല. 59 ദിവസമാണ് പാലക്കാട് കല്‍പാത്തി സ്വദേശിനി ലക്ഷ്മി ബൈക്കില്‍ യാത്ര ചെയ്തത്.
ഈ യുവതിയെ കാണാനും പരിചയപ്പെടാനും സമൂഹ മാധ്യമങ്ങള്‍ പരതിയവര്‍ ഏറെയാണ്. ലക്ഷ്മിയെ മാതൃകയാക്കി ദീര്‍ഘദൂരയാത്രകള്‍ ബൈക്കില്‍ പോയവരും നിരവധിയാണ്. യാത്ര കഴിഞ്ഞ് ലക്ഷ്മി തിരിച്ചെത്തിയിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും യാത്രയുടെ ഹാംഗോവര്‍ മാറിയിട്ടില്ലെങ്കിലും വേറെ ഒരുപാട് കാര്യങ്ങള്‍ മാറിയെന്ന് ലക്ഷ്മി പറയുന്നു.
യാത്ര കഴിഞ്ഞ് തിരികെ വന്ന ശേഷം വിവാഹം കഴിഞ്ഞ് തൃശ്ശൂര്‍ മണലൂരിലാണ് ലക്ഷ്മിയിപ്പോള്‍ താമസിക്കുന്നത്. ലഡാക്കും ലേയുമെല്ലാം അതിര്‍ത്തി സംഘര്‍ഷം കൊണ്ട് വീണ്ടും വാര്‍ത്തയില്‍ നിറയുമ്പോള്‍ ലക്ഷ്മി ആ ഓര്‍മ്മകളുടെ മാധുര്യത്തില്‍ തന്നെയാണുള്ളതെന്ന് അവരുടെ വാക്കുകളില്‍ നിന്നും മനസിലാക്കാം. യാത്ര കഴിഞ്ഞ് തിരിച്ചെത്തി ഒറു വര്‍ഷം പിന്നിട്ടിട്ടും നിരവധിയാളുകള്‍ ഇന്നും തന്നെ തിരിച്ചറിയുന്നുണ്ടെന്ന് ലക്ഷ്മി പറയുന്നു.
ഏഴുമാസം ഗര്‍ഭിണിയാണ് ലക്ഷ്മിയിപ്പോള്‍. പ്രസവശേഷം കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കിയതിന് പിന്നാലെ അഞ്ച് ഭൂഖണ്ഡങ്ങളിലൂടെയായുള്ള ഒരു സഞ്ചാരത്തിന് ഒരുങ്ങിയിരിക്കുകയാണ് ലക്ഷ്മി. യാത്രകള്‍ക്ക് ഭര്‍ത്താവിന്റെയും കുടുംബത്തിന്റേയും പൂര്‍ണ പിന്തുണയുണ്ടെന്നും ലക്ഷ്മി പറയുന്നു.