Home ആരോഗ്യം ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരിധിവിട്ട് ഉപയോഗിക്കുന്ന പുരുഷന്‍മാര്‍ ശ്രദ്ധിക്കുക; പ്രത്യുല്‍പ്പാദനശേഷിയെ ബാധിക്കുമെന്ന് പഠനം

ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരിധിവിട്ട് ഉപയോഗിക്കുന്ന പുരുഷന്‍മാര്‍ ശ്രദ്ധിക്കുക; പ്രത്യുല്‍പ്പാദനശേഷിയെ ബാധിക്കുമെന്ന് പഠനം

ബീജവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പുരുഷ വന്ധ്യതക്കിടയാക്കുന്ന നിര്‍ണായക ഘടകം. ഇതിന് പല കാരണങ്ങളുണ്ട്. വൃഷണത്തിലെ അണുബാധ, വൃഷണ കാന്‍സര്‍, വൃഷണത്തിന് അമിതമായി ചൂടേല്‍ക്കുക തുടങ്ങി നിരവധി ഘടകങ്ങള്‍ ബീജവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നുണ്ട്.

മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍ അല്ലെങ്കില്‍ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ പുരുഷന്മാരില്‍ വന്ധ്യതയ്ക്ക് കാരണമാകുമോ എന്ന് കണ്ടെത്താനുള്ള പഠനങ്ങള്‍ നടന്ന് വരികയാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗമോ വൈദ്യുതകാന്തിക വികിരണമോ ബീജ ചലനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മിക്ക പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു.

ബീജത്തിന്റെ ചലനശേഷിയെയാണ് ബീജത്തിന്റെ ‘മോട്ടിലിറ്റി’ സൂചിപ്പിക്കുന്നത്. ബീജത്തിന്റെ ചലനശേഷി കുറവാണെങ്കില്‍ ഇത് വന്ധ്യതയിലേക്ക് നയിക്കുന്നു. ഇന്ത്യയില്‍ 23 ശതമാനം പുരുഷന്മാരും വന്ധ്യത പ്രശ്‌നം അനുഭവിക്കുന്നതായി ഏഷ്യന്‍ ജേണല്‍ ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ ആന്‍ഡ് ക്ലിനിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

പുരുഷ വന്ധ്യതയുടെ ഉയര്‍ന്ന നിരക്കിന് പിന്നിലെ കാരണങ്ങള്‍ മനസിലാക്കുകയും ആ അടിസ്ഥാന കാരണങ്ങളെ ചികിത്സിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍, കമ്പ്യൂട്ടറുകള്‍, മൈക്രോവേവ് ഓവനുകള്‍, ടെലിവിഷനുകള്‍, വൈഫൈ, ഫോണ്‍ ടവറുകള്‍ എന്നിവയില്‍ നിന്നുള്ള വികിരണം പുറന്തള്ളുന്നത് വൃഷണങ്ങളെ ബാധിക്കുന്നു.

ഇത് ബീജങ്ങളുടെ എണ്ണം, രൂപഘടന, ചലനശേഷി എന്നിവയെ ബാധിക്കാമെന്ന് നോയിഡയിലെ നോവ സൗത്ത് എന്റ് ഐവിഎഫ് ആന്റ് ഫെര്‍ട്ടിലിറ്റിയിലെ കണ്‍സള്‍ട്ടന്റ് ആന്റ് ഫെര്‍ട്ടിലിറ്റി സ്‌പെഷ്യലിസ്റ്റായ ഡോ പരുള്‍ ഗുപ്ത ഖന്ന പറയുന്നു.

ബീജത്തിന്റെ ഗുണനിലവാരം സംരക്ഷിക്കാന്‍ പുരുഷന്മാര്‍ സെല്‍ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്തണമെന്ന് പഠനം.സെല്‍ ഫോണുകള്‍ പുറപ്പെടുവിക്കുന്ന റേഡിയോ ഫ്രീക്വന്‍സി വൈദ്യുതകാന്തിക തരംഗങ്ങള്‍ (ആര്‍എഫ്-ഇഎംഡബ്ല്യു) ബീജത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നതായി പഠനത്തില്‍ കണ്ടെത്തി.

പുരുഷന്മാരില്‍ സെല്‍ ഫോണ്‍ ഉപയോഗം അമിതമായാല്‍ ബീജത്തിന്റെ അളവ്, ചലനശേഷിയെ എന്നിവയെ ബാധിക്കാമെന്ന് കഴിഞ്ഞ നവംബറില്‍ ‘എന്‍വയോണ്‍മെന്റല്‍ റിസര്‍ച്ചില്‍’ (Environmental Research) പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

‘പുരുഷന്മാര്‍ അവരുടെ ബീജത്തിന്റെ ഗുണനിലവാരം സംരക്ഷിക്കാന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കാന്‍ ശ്രമിക്കണം…’ – പുസാന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനും അസിസ്റ്റന്റ് പ്രൊഫസറുമായ യുന്‍ ഹാക്ക് കിം പറഞ്ഞു. സെല്‍ ഫോണുകള്‍ RF-EMW പുറന്തള്ളുന്നു. ഇത് മനുഷ്യ ശരീരത്തിന് ആഗിരണം ചെയ്യാന്‍ കഴിയും. ഇത് തലച്ചോറിലും ഹൃദയത്തിലും പ്രത്യുല്‍പാദന പ്രവര്‍ത്തനത്തിലും പ്രതികൂല പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന് മുന്‍ ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

സെല്‍ ഫോണുകളുടെയും ബീജത്തിന്റെ ഗുണനിലവാരത്തിന്റെയും ഫലങ്ങളെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നു വരുന്നു. ദക്ഷിണ കൊറിയന്‍ ഗവേഷകര്‍ ഈ പഠനങ്ങളെ സമന്വയിപ്പിച്ച് ഒരു സമഗ്രമായ അവലോകനം നടത്തി. സെല്‍ ഫോണുകളില്‍ നിന്നുള്ള EMW മനുഷ്യന്റെ ബീജത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.