അന്താരാഷ്ട്ര വിപണയിലെ ചലനങ്ങൾക്കനുസരിച്ചാണ് രാജ്യത്തെ സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകൾ നിശ്ചയിക്കുന്നത്. എന്നിരുന്നാലും ഡൽഹി, മുംബൈ, കേരളം, ചെന്നൈ എന്നിവിടങ്ങളിലെല്ലാം ഓരോ ദിവസവും വ്യത്യസ്ത നിരക്കുകളാണ് സ്വർണത്തിന് ഈടാക്കുന്നത്. കേരളത്തിലുള്ളതിനേക്കാൾ വിലക്കുറവാണ് മുംബൈയിലും ഡൽഹിയിലുമെന്ന് കാണാം.
രാജ്യത്തെ സ്വർണവില നിശ്ചയിക്കുന്നത് ഇവയെ അടിസ്ഥാനമാക്കിയാണ്:
ആഗോള വിപണിയിലെ വില-
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്തൃരാജ്യമാണ് ഇന്ത്യ. ഓരോ വർഷവും ടൺകണക്കിന് സ്വർണമാണ് രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത്. ആഗോള വിപണിയിലെ ഓരോ ചലനങ്ങളും അടിസ്ഥാനപരമായി രാജ്യത്തെ സ്വർണവിലയിലും പ്രതിഫലിക്കും.
ഇന്ത്യയിലെ വില-
അന്താരാഷ്ട്ര വിപണിയെ അടിസ്ഥാനമാക്കിയാണ് ആഭ്യന്തര വിപണിയിലും വില നിശ്ചയിക്കുന്നതെങ്കിലും ആഗോള വിപണയിൽ വിലയിടിഞ്ഞാൽ രാജ്യത്തെ സ്വർണവിലയിൽ കുറവുണ്ടാകണമെന്നില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ തുടങ്ങിയവയെല്ലാം രാജ്യത്തെ സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.
രൂപയുടെ വിനിമയ മൂല്യം-
ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം രാജ്യത്തെ സ്വർണവിലയെയും ബാധിക്കും. രൂപയുടെ മൂല്യമിടിയുന്നത് ആഭ്യന്തര വിപണിയിലെ വിലവർധിക്കാനിടയാക്കും.
പ്രാദേശിക ആവശ്യകത –
ഉത്സവ കാലയളവിൽ രാജ്യത്തെ സ്വർണവിലയിൽ വർധനവുണ്ടാകാറുണ്ട്. അതുപോലെതന്നെയാണ് വിവാഹ സീസണിലും. പ്രാദേശിക ആവശ്യകത കണക്കാക്കിയാണ് അസോസിയേഷനുകൾ വിലനിശ്ചയിക്കുക.
പ്രദേശിക നികുതി –
ഒരോ സംസ്ഥാനങ്ങളിലെയും നികുതിഘടനയിൽ വ്യത്യാസമുള്ളത് സ്വർണവിലയെ ഇതുവരെ ബാധിച്ചിരുന്നു. മുംബൈയിലെയും ഡൽഹിയിലെയും മറ്റിടങ്ങളിലെയും വിലയിൽ വ്യത്യാസമുണ്ടാകുന്നതിന്റെ പ്രധാനകാരണം അതായിരുന്നു. ചരക്ക് സേവന നികുതി നടപ്പിൽവന്നതോടെ നികുതിയിൽ ഏകീകരണം ഉണ്ടായി.
കാരറ്റ് വ്യത്യാസം-
21 കാരറ്റ് പരിശുദ്ധിയുള്ള സ്വർണാഭരണങ്ങളാണ് കേരളത്തിൽ നേരത്തെ വില്പന നടത്തിയിരുന്നത്. അടുത്തകാലത്താണ് കാരറ്റിൽ ഏകീകരണമുണ്ടായത്. അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് 22 കാരറ്റ്(.916) സ്വർണാഭരണങ്ങളാണ് ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നത്. അതുപോലെതന്നെ 18 കാരറ്റ് സ്വർണത്തിൽ തീർത്ത ആഭരണങ്ങളും ലഭ്യമാണ്. കാരറ്റ് അടിസ്ഥാനത്തിൽ സ്വർണത്തിന്റെ വിലയിൽ വ്യതിയാനംവരും. നിലവിൽ കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ വിലയാണ് ജ്വല്ലറികളിലെ ബോർഡുകളിൽ പ്രദർശിപ്പിക്കുന്നത്.
ഗോൾഡ് അസോസിയേഷനുകൾ-
അന്താരാഷ്ട്ര വിപണിയിൽ വിലവ്യതിയാനം ഉണ്ടാകുന്നതിനനുസരിച്ച് ആഭ്യന്തര വിപണിയിൽ വിലനിശ്ചയിക്കുന്നത് പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ്. മുംബൈ, ചെന്നൈ, കേരളം എന്നിവിടങ്ങളിലെല്ലാം ഈ രീതിയിലാണ് വില നിശ്ചയിക്കുന്നത്. ഡിമാൻഡ് അനുസരിച്ച് വിലകുറയ്ക്കാനും കൂട്ടാനും തീരുമാനിക്കുന്നത് ഈ അസോസിയേഷനുകളാണ്. ആവശ്യമെങ്കിൽ ദിവസത്തിൽ രണ്ട് തവണവരെ അസോസിയേഷനുകൾ വില പുതുക്കി നിശ്ചയിക്കാറുണ്ട്.