120 വർഷത്തിനിടയിൽ കൂടുതൽ മഴ ലഭിച്ചത് ഈ ഒക്ടോബറിലെന്ന് റിപ്പോർട്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് റിപ്പോർട്ടർ പുറത്തുവിട്ടത്. 1901 മുതലുള്ള കണക്കുകൾ പ്രകാരമാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഈ ഒക്ടോബറിലാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. 2021 ഒക്ടോബറിൽ കേരളത്തിൽ പെയ്തിറങ്ങിയ മഴ 589.9 മില്ലി മീറ്ററാണ്. 1999 ഒക്ടോബറിൽ പെയ്ത 566 മില്ലി മീറ്റർ മഴയായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. ഇതാണ് ഈ വർഷം ഒക്ടോബറിൽ കേരളത്തെ നടുക്കിയ പ്രളയസമാനമായ മഴയിൽ മാറിമറിഞ്ഞത്.
കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ കണക്കുകൾ പ്രകാരം കേരളത്തിലെ ഒരു ജില്ല ഒഴികെ ഒക്ടോബർ മാസം പ്രതീക്ഷിച്ചതിൻറെ 60 ശതമാനത്തിൽ കൂടുതൽ മഴ ലഭിച്ചു. ആലപ്പുഴ ജില്ലയിൽ പ്രതീക്ഷിച്ച മഴയെക്കാൾ 30 ശതമാനം കൂടുതലാണ് ലഭിച്ചത്. ഒക്ടോബറിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ് പെയ്തത്. ഇവിടെ 866.9 എംഎം മഴ ലഭിച്ചു. രണ്ടാം സ്ഥാനത്ത് ഇടുക്കിയാണ്, ഇവിടെ ഒക്ടോബറിലെ പെയ്ത് 710.5 മില്ലി മീറ്ററാണ്. കൊല്ലമാണ് മൂന്നാമത് ഇവിടെ പെയ്തത് 644.7 മില്ലി മീറ്റർ മഴയാണ്. കോഴിക്കോടാണ് നാലാം സ്ഥാനത്ത് ഇവിടെ ഒക്ടോബറിൽ പെയ്തത് 625.4 മില്ലി മീറ്റർ മഴയാണ്.
ഒക്ടോബർ ഒന്നു മുതൽ ഡിസംബർ അവസാനം വരെയുള്ള തുലാവർഷ സീസണിൽ സംസ്ഥാനത്തു ലഭിക്കേണ്ട ശരാശരി മഴ 491.6 എംഎം ആണ്. എന്നാൽ ഒക്ടോബർ അവസാനിക്കുന്നതിനു മുൻപ് തന്നെ സീസണിൽ ലഭിക്കേണ്ട മുഴുവൻ മഴയും ലഭിച്ചു കഴിഞ്ഞുവെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ കണക്കുകൾ പറയുന്നത്. തിരുവനന്തപുരം, ആലപ്പുഴ ഒഴിയേക്കുള്ള ജില്ലകളിലെല്ലാം കേരളത്തിലെ എല്ലാ ജില്ലകളിലും സീസണിൽ ലഭിക്കേണ്ട മുഴുവൻ മഴയും ലഭിച്ചു കഴിഞ്ഞു.
പത്തനംതിട്ട, പാലക്കാട് ജില്ലകളും ഒക്ടോബർ മഴയിൽ സർവകാല റെക്കോർഡ് തിരുത്തി. പത്തനംതിട്ട 1999 ൽ ലഭിച്ച 792.2എംഎം മഴ ഇത്തവണ 866.9 എംഎം ആയി റെക്കോർഡ് തിരുത്തിയപ്പോൾ. പാലക്കാട് ജില്ലയും 1999 ൽ ലഭിച്ച 446.8 എംഎം മഴയെ ഈ കഴിഞ്ഞ ഒക്ടോബറിൽ 572.2 മില്ലി മീറ്റർ മഴ ലഭിച്ചതോടെ മറി കടന്നു. കോട്ടയം (599.3 മില്ലി മീറ്റർ), മലപ്പുറം ( 560.2 മില്ലിമീറ്റർ) ഇടുക്കി ( 710.5 മില്ലി മീറ്റർ) ജില്ലകളിൽ ഇത്തവണ ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഒക്ടോബർ മഴയാണ്.