Home അറിവ് അപേക്ഷ ലഭിച്ചാല്‍ ഒരു മാസത്തിനികം കണക്ഷന്‍ നല്‍കണം; കെഎസ്ഇബിയോട് ഹൈക്കോടതി

അപേക്ഷ ലഭിച്ചാല്‍ ഒരു മാസത്തിനികം കണക്ഷന്‍ നല്‍കണം; കെഎസ്ഇബിയോട് ഹൈക്കോടതി

വൈദ്യുതി കണക്ഷനുള്ള അപേക്ഷ ലഭിച്ചാല്‍ ഒരു മാസത്തിനകം വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ കെഎസ്ഇബിക്ക് നിയമപരമായ ഉത്തരവാദിത്തമുണ്ടെന്ന് ഹൈക്കോടതി. വൈദ്യുതി കണക്ഷന്‍ നല്‍കുന്നത് വൈകിച്ച ഉദ്യോഗസ്ഥര്‍ക്ക് പിഴയിട്ടത് ശരിവച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

വെള്ളവും വൈദ്യുതിയും ഭരണഘടന ഉറപ്പു നല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യമായ ഭാഗമാണെന്നും ജസ്റ്റിസ് മുരളി പുരുഷോത്തമന്‍ വ്യക്തമാക്കി.

മലപ്പുറം കുറ്റിപ്പാല സ്വദേശി പി സൈനുദ്ദീന് വൈദ്യുതി കണക്ഷന്‍ നല്‍കാനുള്ള ഉപഭോക്തൃ പരാതി പരിഹാസ ഫോറത്തിന്റെ ഉത്തരവ് പാലിക്കാത്തതിനെതിരെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് പിഴ ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെയാണ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെഎന്‍ രവീന്ദ്രനാഥന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ കീരന്‍ എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇവരുടെ ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം.

2013 മെയിലാണ് 300 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീട്ടിലേക്ക് വൈദ്യുതി കണക്ഷനുവേണ്ടി സൈനുദ്ദീന്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ അപേക്ഷ നിരസിച്ചു. ഇതിനെതിരായ പരാതിയില്‍ ഫോറം നല്‍കിയ ഉത്തരവ് പാലിച്ചില്ല. തുടര്‍ന്ന് സൈനുദ്ദീന്‍ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനു നല്‍കിയ പരാതിയില്‍ രവീന്ദ്രനാഥന്‍ 50,000 രൂപയും കീരന്‍ 25,000 രൂപയും പിഴയടക്കാന്‍ ഉത്തരവിട്ടു.

വൈദ്യുതി നിയമത്തിലെ 43ാം വകുപ്പ് അനുസരിച്ച് അപേക്ഷ ലഭിച്ച് ഒരു മാസത്തിനകം കണക്ഷന്‍ നല്‍കണമെന്നാണ് വ്യവസ്ഥയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതിനിടെ ഹര്‍ജി നിലനില്‍ക്കുന്നതിനിടെ സൈനുദ്ദീന് വൈദ്യുതി കണക്ഷന്‍ നല്‍കിയതായും ബോര്‍ഡ് അറിയിച്ചു.