Home അന്തർദ്ദേശീയം ഇന്ത്യ -ചൈന സൈനിക ശക്തി.

ഇന്ത്യ -ചൈന സൈനിക ശക്തി.

തിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യതകള്‍ തെളിയുമ്പോള്‍ എപ്പോഴും ഉയരുന്ന ചോദ്യമാണ് ചൈനയുടെ സൈനികശേഷിക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഇന്ത്യക്കു കഴിയുമോ എന്നത്. ചൈനയ്ക്ക് സൈനികമായി മുന്‍തൂക്കമുണ്ടെങ്കിലും ഇന്ത്യന്‍ സൈന്യവും ഒട്ടും പിന്നിലല്ല. 23 ലക്ഷം സൈനികരാണു ചൈനയ്ക്കുള്ളത്. ഇന്ത്യക്കാകട്ടെ 13 ലക്ഷവും. പ്രതിരോധച്ചെലവിന്റെ കാര്യത്തില്‍ ചൈന ഏറെ മുന്നിലാണ് – 261.1 ബില്യൻ ഡോളര്‍. ഇന്ത്യയുടേത് 71.1 ബില്യൻ ഡോളര്‍. 13,000 ടാങ്കുകളാണ് ചൈനയ്ക്കുള്ളത്. ഇന്ത്യക്ക് 4400 എണ്ണവും. 40,000ത്തിലധികം കവചിത യുദ്ധവാഹനങ്ങള്‍ ചൈനയ്ക്കുള്ളപ്പോള്‍ ഇന്ത്യക്കു വെറും 2800 എണ്ണം മാത്രമാണുള്ളത്. റോക്കറ്റ് പ്രൊജക്‌ടേഴ്‌സിന്റെ കാര്യത്തിലും സ്ഥിതി ഭിന്നമില്ല. ചൈനയ്ക്ക് 2050 എണ്ണവും ഇന്ത്യക്ക് 226 എണ്ണവും.

ചൈനയ്ക്ക് 714 യുദ്ധക്കപ്പലുകളുണ്ട്. ഒരു വിമാനവാഹിനി കപ്പലും 51 വന്‍കിട പോര്‍ കപ്പലുകളും 35 നശീകരണ കപ്പലുകളും 35 കോര്‍വെറ്റ് പോര്‍ക്കപ്പലുകളും 68 മുങ്ങിക്കപ്പലുകളും 220 പട്രോള്‍ ബോട്ടുകളും 51 ചെറു ബോട്ടുകളും ചൈനീസ് നാവികസേനയ്ക്കുണ്ട്. ഇന്ത്യക്ക് 295 യുദ്ധക്കപ്പലുകളും 11 നശീകരണ കപ്പലുകളും 2335 കോര്‍വെറ്റ് പോര്‍കപ്പലുകളും 15 മുങ്ങിക്കപ്പലുകളും 139 പട്രോള്‍ ബോട്ടുകളും 6 ചെറു ബോട്ടുകളമുണ്ട്.

ചൈനീസ് വിമാനങ്ങളുടെ എണ്ണം 2955 വരും. 1271 പോര്‍ വിമാനങ്ങളും 1385 ആക്രമണ വിമാനങ്ങളും 782 ട്രാന്‍സ്‌പോര്‍ട്ടറുകളും 352 റെയ്ഡർ എയര്‍ ക്രാഫ്റ്റുകളുമാണ് ചൈനയ്ക്കുള്ളത്. ചൈനയുടെ 912 ഹെലിക്കോപ്റ്ററുകളില്‍ 206 എണ്ണം അറ്റാക്കര്‍ ഹെലിക്കോപ്റ്ററുകളാണ്. ഇന്ത്യന്‍ വ്യോമസേനയിലെ വിമാനങ്ങളുടെ എണ്ണം 2102 വരും. ഇതില്‍ 676 എണ്ണം പോര്‍ വിമാനങ്ങളാണ്. 809 ആക്രമണ വിമാനങ്ങളും 857 ട്രാന്‍സ്‌പോര്‍ട്ടറുകളും 323 റെയ്ഡർ എയര്‍ ക്രാഫ്റ്റുകളും ഇന്ത്യയ്ക്കുണ്ട്. ഹെലിക്കോപ്റ്ററുകളുടെ എണ്ണം 666 വരും. ഇതില്‍ 16 എണ്ണം അറ്റാക്കര്‍ ഹെലിക്കോപ്റ്ററുകളാണ്. ചൈനീസ് സേനയ്ക്കു സര്‍വീസ് നടത്താവുന്ന വിമാനത്താവളങ്ങളുടെ എണ്ണം 507 എണ്ണവും ഇന്ത്യയുടേത് 346 ഉം ആണ്.

ചൈനീസ് വ്യോമശക്തി പൂര്‍ണമായി ഇന്ത്യക്കെതിരെ വിന്യസിക്കാന്‍ കഴിയില്ലെന്നാണ് വിദഗ്ധരുടെ പക്ഷം. ശക്തമായ ആക്രമണം നടത്തണമെങ്കില്‍ അതിര്‍ത്തിയില്‍നിന്നു കുറഞ്ഞത് 300 കിലോമീറ്റര്‍ അകലെയെങ്കിലും യുദ്ധവിമാനങ്ങള്‍ വിന്യസിക്കണം. എന്നാല്‍ ഇന്ത്യക്കെതിരെ ചൈയ്ക്ക് യുദ്ധവിമാനങ്ങള്‍ ടിബറ്റിലോ സമീപത്തോ മാത്രമേ വിന്യസിക്കാനാവൂ. ഇൗ മേഖലയില്‍ അതിനുള്ള സൗകര്യം പരിമിതമായതു ചൈനയ്ക്കു തിരിച്ചടിയാകും. ടിബറ്റില്‍ അഞ്ച് എയര്‍ഫീല്‍ഡുകളും സിങ്ചിയാങ്ങില്‍ രണ്ടെണ്ണവുമാണ് ചൈനയ്ക്കുള്ളത്. കൂടുതല്‍ എയര്‍ഫീല്‍ഡുകള്‍ ടിബറ്റില്‍ സജ്ജമാക്കുകയാണ് ചൈന. ഈ എയര്‍ഫീല്‍ഡുകള്‍ തമ്മിലുള്ള ദൂരക്കൂടുതലും ചൈനയെ വലയ്ക്കുമെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു.

അണ്വായുധത്തിന്റെ കാര്യത്തിലും ചൈനയാണു മുന്നില്‍. 270 അണ്വായുധങ്ങളാണ് അവര്‍ക്കുള്ളത്. അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനവും ചൈനയ്ക്കു സ്വന്തം. ചൈനയ്ക്ക് കുറഞ്ഞത് 90 ലേറെ ഭൂഖണ്ഡാന്തര മിസൈലുകളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഇതില്‍ 66 എണ്ണം കരയില്‍നിന്നു കരയിലേക്ക് തൊടുക്കാവുന്നതും 24 എണ്ണം കടലില്‍നിന്ന് തൊടുക്കാവുന്നതുമാണ്. ഇന്ത്യക്ക് 130 ആണവായുധങ്ങളാണുള്ളത്. കുറഞ്ഞ മിസൈല്‍ പരിധി 150 കിലോമീറ്ററാണ്. അഗ്‌നി 5 മിസൈലുകള്‍ 5000 –6000 കിലോമീറ്റര്‍ പരിധിയുള്ളതാണ്. ഇന്ത്യയുടെ അഭിമാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭൂഖണ്ഡാന്തര മിസൈലായ സൂര്യയ്ക്ക് 16,000 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തിലെത്താനാകും.