Home നാട്ടുവാർത്ത 65-ാം വാര്‍ഷികത്തിന്റെ ഭാഗമായി 65 ഇ-വാഹനങ്ങളുമായികെ എസ് ഇ ബി.

65-ാം വാര്‍ഷികത്തിന്റെ ഭാഗമായി 65 ഇ-വാഹനങ്ങളുമായികെ എസ് ഇ ബി.

കെ .എസ്.ഇ.ബി യുടെ 65-ാം വാര്‍ഷികത്തിന്റെ ഭാഗമായി 65 ഇ-വാഹനങ്ങള്‍ നിരത്തിലിറക്കുന്നു. പരിസ്ഥിതി സൗഹൃദ ഹരിതോര്‍ജ്ജ സ്രോതസുകളിലേക്കുള്ള ചുവടുമാറ്റം അനിവാര്യമാണെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ഈ മാറ്റം.കെ.എസ്.ഇ.ബി സ്ഥാപക ദിനമായ മാര്‍ച്ച്‌ 7 ന് കനകക്കുന്ന് കൊട്ടാരത്തിന്റെ പ്രവേശന കവാടത്തില്‍ നടക്കുന്ന എര്‍ത്ത് ഡ്രൈവ് പരിപാടിയില്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി, ഗതാഗത മന്ത്രി ആന്‍റണി രാജു എന്നിവര്‍ ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കും ഫ്ളാഗ് ഓഫിന് ശേഷം വൈദ്യുതി വാഹങ്ങള്‍ നഗരത്തിലെ പ്രധാന നിരത്തുകളിലൂടെ സഞ്ചരിച്ച്‌ 2 മണിയോടെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തും. ഇവിടെ വാഹനങ്ങളുടെ ഡിസ്പ്‌ളേ നടക്കും. സൗരോര്‍ജ്ജത്തിന് പ്രാധാന്യം നല്‍കുന്ന ‘സൗര ‘ പദ്ധതി പ്രകാരം 40 ശതമാനം സബ്സിഡിയോടെ പുരപ്പുറങ്ങളില്‍ സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇതുവരെ 21 മെഗാവാട്ട് സൗരോര്‍ജ്ജ ഉദ്പാദന ശേഷി നേടാന്‍ കഴിഞ്ഞു. ജൂണ്‍ മാസത്തോടെ 115 മെഗാവാട്ട് ഉദ്പാദന ശേഷിയാണ് ലക്ഷ്യം വെയ്ക്കുന്നത്. പദ്ധതിയുടെ വിശദാംശങ്ങള്‍ കൃത്യമായി പിന്തുടരുന്നതിനായി ekiran.kseb.in എന്ന വെബ് പോര്‍ട്ടല്‍ സജ്ജമാണ്.സംസ്ഥാന സര്‍ക്കാരിന്റെ ഇ – വെഹിക്കിള്‍ പോളിസിയുടെ ഭാഗമായി കെ. എസ്. ഇ. ബി സംസ്ഥാനത്തുടനീളം 1212 ചാര്‍ജ്ജിങ് സ്റ്റേഷനുകളാണ് സ്ഥാപിക്കുന്നത്. 62 കാര്‍ ചാര്‍ജിങ് സ്റ്റേഷനുകളും 1150, ടു വീലര്‍/ ത്രീ വീലര്‍ ചാര്‍ജിങ് സ്റ്റേഷനുകളും ഇതില്‍ ഉള്‍പ്പെടുന്നു. 11 ഫാസ്റ്റ് ചാര്‍ജ്ജിങ് സ്റ്റേഷനുകളുടെ നിര്‍മാണം പൂര്‍ത്തിയായി. മാര്‍ച്ച്‌ അവസാന വാരത്തോടെ 51 സ്റ്റേഷനുകള്‍ കൂടി നിര്‍മാണം പൂര്‍ത്തിയാക്കും.പ്രകൃതിസൗഹൃദമായ ഊര്‍ജ്ജോത്പാദനം ലക്ഷ്യമിട്ട് കാറ്റില്‍ നിന്ന് 100 മെഗാവാട്ട് ഊര്‍ജ്ജം ഉത്പാദിപ്പിക്കാനും കെ.എസ്.ഇ.ബി പദ്ധതിയിട്ടിട്ടുണ്ട്. ഇതിനായി 700 കോടിയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. കെ.എസ്.ഇ.ബിയ്ക്ക് കീഴില്‍ എട്ട് ജലാശയങ്ങളിലും വാട്ടര്‍ അതോറിറ്റിക്ക് കീഴില്‍ രണ്ട് ജലാശയങ്ങളിലും ആകെ 100 മെഗാവാട്ട് ശേഷിയുള്ള ഫ്ളോട്ടിങ് സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയും ഉടന്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കെ എസ് ഇ ബി.