Home പ്രവാസം ഇന്ത്യയിൽ വിവാഹിതരായി ദുബായില്‍ താമസിക്കുന്ന ദമ്പതികള്‍ക്ക് ദുബായില്‍ വിവാഹ മോചനം സാധ്യമോ ?

ഇന്ത്യയിൽ വിവാഹിതരായി ദുബായില്‍ താമസിക്കുന്ന ദമ്പതികള്‍ക്ക് ദുബായില്‍ വിവാഹ മോചനം സാധ്യമോ ?

വിവാഹിതരായി ദുബായില്‍ താമസിക്കുന്ന ദമ്പതികള്‍ക്ക് ദുബായില്‍ വിവാഹ മോചനം പറ്റുമോ? പറ്റില്ലെന്നായിരിക്കും ഭൂരിഭാഗം പേരുടെയും ധാരണ.എന്നാല്‍ ഇത് സാധ്യമാണെന്നതാണ് സത്യം. ദുബായിലെ പേഴ്സണല്‍ സ്റ്റാറ്റസ് കോടതിയിലാണ് ഇതിനായി ‌അപേക്ഷ നല്‍കേണ്ടത്. യുഎഇയിലെ വിവാഹമോചന വിഷയങ്ങളില്‍ ഇടപെടാന്‍ ഈ കോടതിക്ക് അധികാരമുണ്ട്. യുഎഇ പേഴ്സണ‍ല്‍ സ്റ്റാറ്റസ് നിയമത്തില്‍ 2005ല്‍ കൊണ്ടുവന്ന ഫെഡറല്‍ നിയമത്തിന്‍റെ 28ാം വകുപ്പും 1908ലെ ഇന്ത്യന്‍ സിവില്‍ പ്രൊസീജിയര്‍ നിയമത്തിലെ വകുപ്പുകളും ഇത്തരത്തില്‍ വിവാഹ മോചനത്തിന് വഴിയൊരുക്കുന്നു. ദമ്ബതികളില്‍ ഒരാളെങ്കിലും യുഎഇയിലെ താമസക്കാരായിരിക്കണം എന്നത് നിര്‍ബന്ധമാണ്.വിവാഹ മോചനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദുബായ് വെബ് പോര്‍ട്ടലില്‍ ഒരു വ്യക്തിഗത അക്കൗണ്ട് തുടങ്ങി, അതിലൂടെയോ അംഗീകൃത ടൈപ്പിങ് കേന്ദ്രത്തിലൂടെയോ അപേക്ഷ സമര്‍പ്പിക്കാനാകും. പേഴ്സണല്‍ സ്റ്റാറ്റസ് കോടതിയുടെ ഫാമിലി ഗൈഡന്‍സ് കേന്ദ്രം അപേക്ഷ സ്വീകരിച്ച ശേഷം നേരിട്ടോ ഓണ്‍ലൈനായോ ഇരു കക്ഷികളുമായി കൗണ്‍സിലിങ് നടത്തും. തര്‍ക്ക പരിഹാരത്തിനായുള്ള ശ്രമങ്ങള്‍ക്ക് ശേഷമാകും വിവാഹ മോചനം പരിഗണിക്കുക.വേര്‍പിരിയലില്‍ ദമ്ബതികള്‍ ഉറച്ചു നിന്നാല്‍ പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് കൗണ്‍സിലിങ് കേന്ദ്രത്തിന്‍റെ ചുമതലയുള്ളയാള്‍ ആവശ്യപ്പെടും. ശേഷം ഇത് ഒരു ജഡ്ജിക്ക് റഫര്‍ ചെയ്യും. വിവാഹ മോചന കേസ് ആയി പരിഗണിക്കുകയും വിവാഹ മോചനത്തിനുള്ള കാരണങ്ങള്‍ പരിഗണിക്കുകയും ചെയ്യും. ശേഷം വിവാഹ മോചനം അനുവദിച്ചുകൊണ്ടുള്ള വിധി പുറപ്പെടുവിക്കും.എന്നാല്‍ വിവാഹ മോചനത്തിന് ദമ്ബതികളില്‍ ആരെങ്കിലും തയ്യാറല്ലെങ്കില്‍ കൗണ്‍സിലര്‍ ഇരു കക്ഷികള്‍ക്കും നോട്ടീസ് അയക്കുകയും ഇരുവരോടും കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. ഈ നോട്ടീസിന്റെ കാലാവധി 60 ദിവസമായിരിക്കും. അപേക്ഷകര്‍ മുസ്ലീങ്ങളല്ലെങ്കില്‍ അവര്‍ക്ക് ഇന്ത്യന്‍ നിയമം പരിഗണനയ്ക്കെടുക്കാന്‍ കോടതിയോട് അപേക്ഷിക്കാനാകും. അപേക്ഷകര്‍ കോടതിയില്‍ ഹാജരാകേണ്ടതുണ്ട്. അല്ലെങ്കില്‍ പ്രതിനിധിയായി അഭിഭാഷകന്‍ എത്തണം. ഏതെങ്കിലും കക്ഷി ഹാജരായില്ലെങ്കില്‍ അവരുടെ അസാന്നിധ്യത്തിലുള്ള വിധിയാകും കോടതി പുറപ്പെടുവിക്കുക.