വളർത്തുനായ ലൈസൻസിന് ഗ്രാമപ്പഞ്ചായത്ത് ഓഫീസ് സന്ദർശിക്കാതെ ഓൺലൈനായി അപേക്ഷിക്കാമെന്ന് സർക്കാർ വ്യക്തമാക്കി. citizen.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് 50 രൂപ ഫീസടച്ച് അപേക്ഷിക്കേണ്ടത്. പേവിഷപ്രതിരോധ കുത്തിവെപ്പെടുത്തതിന്റെ സർട്ടിഫിക്കറ്റ് ഉള്ളടക്കം ചെയ്യണം. ലൈസൻസ് ഓൺലൈനിലോ തപാലിലോ ലഭിക്കും.
നായ്ക്കളുടെ ലൈസൻസ് ഫീസ് ഒക്ടോബർ 15 മുതൽ 50 രൂപയാക്കി. നേരത്തേ 10 രൂപയായിരുന്നു. തദ്ദേശസ്വയംഭരണവകുപ്പാണ് ഇക്കാര്യങ്ങളിൽ സ്പഷ്ടീകരണം നൽകി ഉത്തരവിറക്കിയത്.നഗരസഭകളുടെ കാര്യത്തിൽ അതതിടത്തെ ബൈലോ പ്രകാരമായിരിക്കും ലൈസൻസ് നൽകുന്നത്. വളർത്തുനായ്ക്കൾക്ക് മൃഗാശുപത്രിയിൽ നടത്തുന്ന പേവിഷപ്രതിരോധ കുത്തിവെപ്പിന് വാക്സിൻ സൗജന്യമാണ്. ടിക്കറ്റ് നിരക്കായി 15 രൂപയും വാക്സിനേഷൻ സർട്ടിഫിക്കറ്റിന് 15 രൂപയും ചേർത്ത് 30 രൂപ ഈടാക്കും.
തെരുവുനായ്ക്കളുടെ കുത്തിവെപ്പ് സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾക്ക് വിരമിച്ച ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരെ ദിവസവേതനത്തിന് നിയോഗിക്കാവുന്നതാണ്. പ്രതിരോധ വാക്സിൻ സംഭരണവും വിതരണവും ക്യാമ്പുകൾ സംഘടിപ്പിക്കലും നായപിടിത്തക്കാരെ നിയമിക്കുന്നതും പരിശീലനം നൽകുന്നതും മറ്റും മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥരുടെ ചുമതലയാണ്. എ.ബി.സി. കേന്ദ്രത്തിന് സ്ഥലം കണ്ടെത്തുന്നതിന് ജില്ലാതല ഉദ്യോഗസ്ഥരുടെ സഹായത്തോടെ തദ്ദേശസ്ഥാപനമാണ് നടപടി സ്വീകരിക്കേണ്ടത്.വന്ധ്യംകരണത്തിന് തെരുവുനായ്ക്കളെ കൊണ്ടുവരുന്ന വ്യക്തികൾക്ക് എ.ബി.സി.പ്രവർത്തനങ്ങൾക്ക് മാത്രമായിരിക്കും 500 രൂപ പ്രതിഫലമായി നൽകുന്നത്.