Home അറിവ് രണ്ട് ബാങ്ക് അക്കൗണ്ടിന് ഒരു ഡെബിറ്റ് കാര്‍ഡ് മതി!

രണ്ട് ബാങ്ക് അക്കൗണ്ടിന് ഒരു ഡെബിറ്റ് കാര്‍ഡ് മതി!

വീർത്ത വയറുപോലെയാണ് പലരുടെയും പേഴ്സുകൾ. പേഴ്സുകളുടെ വണ്ണം കുറയ്ക്കുന്നതിനും കനം കുറയ്ക്കുന്നതിനും വഴിയുണ്ട്.

ബാങ്കുകൾ, പ്രത്യേകിച്ച് ഇൻഡസിൻഡ് ബാങ്ക്, യുണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകൾ രണ്ട് അക്കൗണ്ടുകളുടെ കാർഡുകൾ ഒന്നിൽതന്നെ സജീകരിച്ച് നൽകുന്നുണ്ട്. ഡെബിറ്റ് കാർഡും ക്രഡിറ്റ് കാർഡും ഒന്നിൽതന്നെ നൽകുന്നുമുണ്ട്.

കഴിഞ്ഞ ഒക്ടോബറിലാണ് ഇൻഡസിൻഡ് ബാങ്ക് ഇത്തരം കാർഡുകൾ പുറത്തിറക്കിയത്. യുണിയൻ ബാങ്കാകട്ടെ കോംബോ കാർഡ് പുറത്തിറക്കിയത് നവംബറിലാണ്.

വിസയുമായി സഹകരിച്ചാണ് ഇൻഡസിൻഡ് ബാങ്ക് ഇരട്ട ചിപ്പുള്ള കാർഡ് പുറത്തിറക്കിയത്. യൂണിയൻ ബാങ്കാകട്ടെ റുപെയുമായാണ് സഹകരിച്ചത്. മറ്റ് ബാങ്കുകളും ഇത്തരം കാർഡുകൾ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സാധാരണ ഡെബിറ്റ്, ക്രഡിറ്റ് കാർഡുകളെപ്പോലെതന്നെയാണ് ഇത്തരം കാർഡുകൾ. സാങ്കേതികവിദ്യയിൽ മാത്രമേ മാറ്റമുള്ളൂ.

കാർഡിന്റെ രണ്ട് അറ്റങ്ങളിലായാണ് ചിപ്പുകൾ ഘടിപ്പിച്ചിട്ടുള്ളത്. ഏത് ചിപ്പുള്ള ഭാഗം സ്വയ്പ് ചെയ്യണമെന്ന് ഉപഭോക്താവ് പറഞ്ഞാൽ മതി; കാര്യം സാധിക്കാം.

കാർഡിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ വേണ്ടി റിവാർഡ് പോയന്റുകളും അപകട ഇൻഷുറൻസും ബാങ്കുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഇൻഡസിൻഡ് ബാങ്കിന്റെ കാർഡുപയോഗിച്ച് പർച്ചെയ്സ് ചെയ്യുമ്പോൾ ഓരോ 150 രൂപയ്ക്കും ഒരു റിവാർഡ് പോയന്റ് ലഭിക്കും. രണ്ടു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയുമുണ്ട്. യൂണിയൻ ബാങ്കിന്റെ കാർഡിനോടൊപ്പം നാലുലക്ഷം രൂപയുടെ അപകട ഇൻഷുറൻസാണ് ലഭിക്കുക.

കാർഡ് നൽകുമ്പോൾ ഒറ്റത്തവണയായി 200 രൂപമാത്രമാണ് യൂണിയൻ ബാങ്ക് ഈടാക്കുക. വാർഷിക ഫീസ് ഇല്ല. ഇൻഡസിൻഡ് ബാങ്ക് രണ്ട് തരം കാർഡുകളാണ് പുറത്തിറക്കിയിട്ടുള്ളത്. പ്ലസ് കാർഡിന് ഒറ്റത്തവണയായി 1500 രൂപയും പ്രീമിയർ കാർഡിന് 3000 രൂപയും ഈടാക്കുന്നുണ്ട്. ഇതിനുപുറമെ വാർഷിക ഫീസായി 799 രൂപയും നൽകണം.