വിവരണം: അഖിൽ എസ് നായർ
രാമായണത്തിലെ കിഷ്‌കിന്ധയാണ് ഹംപിയാണെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. പതിമൂന്നാം നൂറ്റാണ്ട് മുതല്‍ പതിനാറാം നൂറ്റാണ്ട് വരെ വിജയനഗര രാജാക്കന്മാരുടെ തലസ്ഥാനമായിരുന്ന ഹംപി കരിങ്കല്ലുകളിൽ വിരിഞ്ഞ അത്ഭുതങ്ങളുടെ ലോകമാണ്.
ഹൊയ്സാല ശൈലിയിലുള്ള വാസ്തുവിദ്യയുടെ പ്രത്യേകതകൾ ഈ പുരാതന നഗരത്തിൽ കാണാം.
മൂന്നുവശവും കുന്നുകളും ഒരു വശത്ത് തുംഗഭദ്ര നദിയും അതിരിടുന്ന ഹംപി തലസ്ഥാന നഗരിയാക്കാൻ രാജാക്കന്മാരെ പ്രേരിപ്പിച്ചത് ശത്രുക്കളെ അകറ്റി നിർത്താൻ കഴിയുന്ന ഭൂപ്രകൃതി തന്നെ. ദക്ഷിണേന്ത്യയിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നായ ഹംപിയിലെ കൊട്ടാരസമുച്ചയങ്ങൾ മറക്കാനാവാത്ത നിമിഷങ്ങൾ സഞ്ചാരികൾക്കു സമ്മാനിക്കുന്നവയാണ്.
ഇനി യാത്രയെ കുറിച്ച് പറയാം
ട്രാഫിക് താരതമ്യേന കുറവ് ബാംഗ്ലൂർ വഴി ആണെങ്കിലും ഞാൻ തിരഞ്ഞെടുത്തത് തൃശൂർ -വയനാട് -മുത്തങ്ങ – മൈസൂർ വഴി ആയിരുന്നു, (720ഓളം കിലോമീറ്ററുകൾ ഗൂഗിൾ പറയുന്നപോലെ നിർത്താതെ സഞ്ചരിച്ചാൽ 14ഓളം മണിക്കൂറുകൾ) ആദ്യദിവസം രാവിലെ 5:30 നു വീട്ടിൽനിന്നും ഇറങ്ങി, ഇടക്കു ഫോട്ടോ എടുക്കാനും ഭക്ഷണം കഴിക്കാനും അല്ലാതെ വണ്ടി നിർത്തിയേയില്ല. എത്ര നേരം വൈകിയാലും ഹംപിയിൽ എത്തുക എന്നത് മാത്രമായിരുന്നു ലക്ഷ്യം, കാരണം പിറ്റേ ദിവസം രാവിലെ പോയി മങ്കി ഹിൽസ് ലെ സൂര്യോദയം കാണണം. രാത്രി ഏതാണ്ട് പത്തര ആയപ്പോൾ ഹംപിയിൽ എത്തി. സുരക്ഷിതമായി ബൈക്ക് വെക്കാൻ പറ്റുന്ന സ്ഥലം നോക്കി റൂം എടുത്തു.
രാവിലെ നേരെ മങ്കി ടെംപിൾ ലേക്ക് വെച്ചു പിടിച്ചു, കുറച്ചു ദൂരം ചെന്നു വഴി ചോദിച്ചപ്പോൾ വലത്തോട്ട് പോയാൽ മതിയെന്നു ഒരാൾ ചൂണ്ടികാണിച്ചു, ബൈക്ക് വെച്ചു കുറച്ചു ദൂരം നടന്നപ്പോൾ പാറകൾക്കു ഇടയിലൂടെ മുകളിലേക്കു പാറകൾ കൊണ്ട് വിരിച്ച പടികൾ കണ്ടു ഏതാണ്ട് അരമണിക്കൂറോളം നടക്കാനുണ്ട്.മുകളിൽ കയറിചെന്നപ്പോൾ കുറച്ചു വിദേശികൾ ഇരിക്കുന്നു സൂര്യൻ ഒരു ഭാഗത്തു നിന്നും പൊങ്ങി വരുന്നേയുള്ളൂ. പാറക്കഷണങ്ങൾ അടക്കി വെച്ചതുപോലെയുള്ള മലകളും, അതിനു ഇടയിലൂടെ ഒഴുകുന്ന തുംഗഭദ്ര നദിയും. എവിടെ തിരിഞ്ഞു നോക്കിയാലും ചെറിയതും വലിയതും ആയ പുരാതന നിർമ്മിതികൾ കാണാം. പിന്നെ നദിയുടെ അപ്പുറത്തെ വശത്തായി വേറൊരു മലയുടെ മുകളിൽ വേറൊരു അമ്പലവും കാണാം. ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ചു താഴേക്കു ഇറങ്ങി. ഇറങ്ങിവരുമ്പോൾ താഴെ ആയി അമ്പലത്തിന്റെ നെയിം ബോർഡ് വെച്ചിട്ടുണ്ട്. അത് മങ്കി ടെംപിൾ അല്ലായിരുന്നു മത്തങ്ങ ഹിൽസ് ആയിരുന്നു (അതായത് ഇത്രേം നേരം ഞാൻ പറഞ്ഞോണ്ടിരുന്നത് മങ്കി ടെംപിൾ നെ കുറിച്ചല്ല, മത്തങ്ങ ഹിൽസ് നെ കുറിച്ചാണ് അവിടെ നിന്നും നദിയുടെ അപ്പുറത്തു കണ്ടതായിരുന്നു മങ്കി ടെംപിൾ )
അവിടന്നു നേരെ പോയത് വിരുപക്ഷ ടെംപിൾ ലേക്ക് ആണ്. അവിടെ വെച്ചു ഒരു ഗൈഡ് വന്നു സ്വയം പരിചയപ്പെടുത്തികൊണ്ട് പറഞ്ഞു അവർ ഒരു ഗ്രൂപ്പ് ആയി സൈക്കിളിൽ ഹംപി ചുറ്റുന്നുണ്ട് ഗൈഡ് കൂടെ ഉണ്ടാവും എല്ലാ സ്ഥലത്തെക്കുറിച്ചും പറഞ്ഞുതരും എന്നും പറഞ്ഞു. 400ൽ പറഞ്ഞു അവസാനം 200 രൂപയിൽ ഒതുക്കി. അവസാനം 6 വിദേശികളുമായി യാത്ര തുടങ്ങി. ഓരോ സ്ഥലത്തും കൊണ്ട് പോയി ആ സ്ഥലത്തിനെ കുറിച്ചും അത് എങ്ങനെ നിർമിച്ചതാണ്, ആരാണ് നിർമിപ്പിച്ചത്, പിന്നെ ഓരോ നിർമ്മിതിയും തമ്മിലുള്ള ബന്ധം എല്ലാം പറഞ്ഞു കൊണ്ടേയിരുന്നു. വിരുപക്ഷ ടെംപിൾ, ക്വീൻസ് ബാത്ത്, ഉഗ്ര നരസിംഹ, സിസ്റ്റേഴ്സ് റോക്ക്, വിജയ വിട്ടാല ടെംപിൾ, വിജയവിട്ടാല ബസാർ, അച്ചുതരായ ടെംപിൾ, ബദവി ലിംഗ, ലോട്ടസ് മഹൽ, എലെഫന്റ്റ് സ്റ്റേബിൾസ്, സ്‌റ്റെപ്പ്ഡ് ടാങ്ക്, മഹാനവമി പ്ലാറ്റഫോം, വിരുപക്ഷ ബസാർ, ശ്രീകൃഷ്ണ ടെംപിൾ, കൃഷ്ണ ബസാർ, കൊട്ടാര ഗേറ്റ്, ഫ്ലവർസ് ഗേറ്റ്, പാതാളേശ്വര ടെംപിൾ, കിങ്‌സ് ആഡിറ്റോറിയം, തുടങ്ങിയ സ്ഥലങ്ങൾ എല്ലാം കണ്ടു, 2മണി ആയപ്പോ ആ പരിപാടി തീർന്നു, കൂടെ വന്ന ഗൈഡ് ചേട്ടനോട് മങ്കി ടെംപിൾ ലേക്കുള്ള വഴി ചോദിച്ചു അത് പുഴയുടെ അപ്പുറത്തു ആണെന്നും അങ്ങോട്ട് റോഡ് വഴി പോകണം എങ്കിൽ 30കിലോമീറ്റർ ഉണ്ടെന്നും പുഴയിൽ വെള്ളം കുറവായതിനാൽ നടന്നു പുഴ കടക്കാം എന്നും അതാ നല്ലതെന്നും പറഞ്ഞു, അദ്ദേഹത്തോട് യാത്ര പറഞ്ഞു ബൈക്ക് നദിയുടെ തീരത്തു വെച്ചു പുഴ മുറിച്ചു കടന്നു. അവിടന്നു മങ്കി ടെംപിൾ ലേക്ക് 4-5കിലോമീറ്റർ ഉണ്ടെന്നു അവിടെ എത്തിയതിനു ശേഷമാണ് അറിഞ്ഞത്, അവിടെ നിന്നും ഒരു ബൈക്ക് വാടകയ്ക്ക് എടുത്താണ് മങ്കി ടെംപിൾ ലേക്ക് പോയത്. 575ഓളം പടികൾ ഉണ്ട് മങ്കി ടെംപിളിൽ എത്താൻ. താഴെ നിന്നും വാങ്ങിയ ഒരു ലിറ്റർ വെള്ളം ഞാൻ അവിടെ എത്തുന്നതിനും മുൻപ് കുടിച്ചു തീർത്തു.
ഒരു ദിവസത്തേക്കുള്ള വാടക കൊടുത്ത ബൈക്ക് 2 മണിക്കൂർ കൊണ്ട് തിരിച്ചേല്പിക്കണം എന്ന വിഷമവും ഹംപി 25Km വിസ്തൃതിയിൽ പരന്നു കിടക്കുന്ന അറിവും അവിടെ ഒന്നുംകൂടെ ചുറ്റിത്തിരിയാം എന്നു തീരുമാനിച്ചു. പേരു അറിയാത്ത ഒരുപാട് സ്ഥലങ്ങൾ കണ്ടു, ശേഷം ബൈക്ക് തിരിച്ചേല്പിച്ചു വൈകീട്ട് ആറുമണിയോടെ വീട്ടിലേക്കുള്ള യാത്ര തിരിച്ചു. ഒട്ടും മനസ്സില്ലാതെയാണ് തിരിച്ചു പോന്നത്. അപ്പൊ മനസ്സിൽ ഉണ്ടായിരുന്ന പ്രതീക്ഷ രാവിലെ ആറുമണിക്ക് ബന്ദിപ്പൂർ എത്താം എന്നും മൃഗങ്ങളെ കാണാം എന്നും ഉള്ളതായിരുന്നു. പ്രതീക്ഷിച്ച പോലെത്തന്നെ റോഡ് സൈഡിൽ ഒരു ആനയെക്കണ്ടു. ഒന്നല്ല ഒരുകൂട്ടം ഉണ്ടായിരുന്നു. അവർ റോഡ് മുറിച്ചു കടക്കാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു. ഞാൻ ബൈക്ക് നിർത്തി. പിന്നെ താമരശ്ശേരി ചുരമിറങ്ങി നേരെ വീട്ടിലേക്ക്
Nb : ഹംപിയിലേക്കു പോകുന്നവരോട്…
ഹംപി മുഴുവൻ കാണണം എങ്കിൽ കുറഞ്ഞത് 3-4ദിവസം എങ്കിലും വേണം (ഗൂഗിൾ ഇൽ മങ്കി ടെംപിൾ സെർച്ച് ചെയ്താൽ സജഷൻ ആയി മത്തങ്ങ ഹിൽസ് മാത്രമേ വരുള്ളൂ ആഞ്ജനേയ ടെംപിൾ എന്നു സെർച്ച് ചെയ്യണം അല്ലേൽ എനിക്ക് കിട്ടിയ പോലെ പണി കിട്ടും ) ഗൈഡിന്റെ സേവനവും അത്യാവശ്യം ആണ്