Home കൃഷി കരിങ്കോഴി ചില്ലറക്കാരനല്ല.

കരിങ്കോഴി ചില്ലറക്കാരനല്ല.

കരിങ്കോഴി കർഷകർക്കും സൗന്ദര്യസംരക്ഷകർക്കും ആരോഗ്യകാര്യത്തിൽ ശ്രദ്ധപുലർത്തുന്നവർക്കും ഒരു പോലെ പഥ്യം.
മുട്ട, കോഴിക്കുഞ്ഞ്, മാംസം എന്നിവയ്ക്കുള്ള വൻ ഡിമാൻഡ്, ഏറെക്കുറെ സാധാരണ കോഴിക്ക് സമാനമായ പരിചരണം, പതിൻമടങ്ങ് ലാഭം തുടങ്ങിയ കാര്യങ്ങളാണ് കോഴിക്കർഷകരെ കരിങ്കോഴിയിലേക്ക് ആകർഷിക്കുന്നത്.

ഉത്തരേന്ത്യക്കാർ കരിങ്കോഴിയെ വിളിക്കുന്നത് കാലാമസി എന്നാണ്. നാടൻകോഴികളിൽനിന്ന് ഇറച്ചിക്കോഴിയിലേക്ക് കൂടുമാറിയവർ നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കരിങ്കോഴി വളർത്തലിലാണ്. മധ്യപ്രദേശിലെ ജൗബ, ധാ ർ തുടങ്ങിയ പ്രദേശങ്ങളിൽ ഉരുത്തിരിഞ്ഞ മുട്ടക്കോഴിയിനമാണ് കടക്നാഥ് അഥവാ കാലാമസി. ശരീരമാകെ കറുത്ത നിറമായതിനാൽ മലയാളികൾക്കത് കരിങ്കോഴിയായി.

മാംസത്തിനും മുട്ടയ്ക്കും പോഷകമൂല്യവും ഔഷധഗുണവുമുണ്ടെന്നുള്ള അറിവാണ് കരിങ്കോഴിക്ക് സംസ്ഥാനത്ത് ആവശ്യക്കാരെ കൂട്ടുന്നത്. കരിങ്കോഴി മുട്ടയൊന്നിന് 30 മുതൽ 40 രൂപവരെ വിലയുണ്ട്. ഒരുദിവസം പ്രായമായ കോഴിക്കുഞ്ഞിന് വില 45-60രൂപ.പൂർണവളർച്ചയെത്തിയ കോഴിക്ക് 1000-നും 1500-നും ഇടയിൽ രൂപകൊടുത്ത് വാങ്ങാൻവരെ ആളുണ്ട്. പൂർണവളർച്ചയെത്തിയ പൂവന് രണ്ടുകിലോവരെയും പിടയ്ക്ക് ഒന്നരക്കിലോവരെയും തൂക്കം കാണും.
നിലവിൽ പ്രാദേശിക വിപണിയിൽത്തന്നെ കരിങ്കോഴിയിറച്ചിയും മുട്ടയും വാങ്ങാനാളുണ്ടെന്നതിനാൽ വിപണനത്തിനായി ബദ്ധപ്പെടേണ്ടതില്ല.

കരിങ്കോഴിയുടെ ഔഷധഗുണങ്ങൾ..
ഹൃദ്രോഗികൾക്ക് ഏറ്റവും സുരക്ഷിതമായ മാംസമെന്നാണ് മൈസൂരുവിലെ ദേശീയ ഭക്ഷ്യഗവേഷണസ്ഥാപനം കരിങ്കോഴിയിറച്ചിയെ വിശേഷിപ്പിച്ചത്. കരിങ്കോഴിയിറച്ചിയിലെ പ്രോട്ടീൻ 24-27% വരെയാണ്. സാധാരണ കോഴിയിറച്ചിയിലാകട്ടെ ഇത് 15-18 ശതമാനവും മാത്രവും. കരിങ്കോഴിയിറച്ചിയിലെ കൊഴുപ്പിന്റെ അളവ് 0.73-1.05 ശതമാനം മാത്രമാണ്. സാധാരണ കോഴിയിറച്ചിയിൽ കൊഴുപ്പളവ് ഇതിന്റെ 20-25 ഇരട്ടിയാണ്.
ഇരുമ്പ്, ഫോസ്ഫറസ്, കാത്സ്യം തുടങ്ങിയ ധാതുക്കളുടെയും നിരവധി ജീവകങ്ങളുടെയും കലവറ കൂടിയാണ് കരിങ്കോഴിമാംസം. മനുഷ്യശരീരത്തിനാവശ്യമായ എട്ട് അമിനോ അമ്ലങ്ങളുൾപ്പെടെ കരിങ്കോഴി മാംസത്തിൽ അടങ്ങിയിട്ടുണ്ടെന്ന് പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. കരിങ്കോഴിയുടെ മുട്ടയിലും മാംസത്തിലും ധാരാളം വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. പേശികൾക്ക് കൂടുതൽ ബലം ലഭിക്കാൻ ഇതിന്റെ ഇറച്ചി സഹായകമാണ്. ഇളം തവിട്ടുനിറമുള്ള മുട്ടയിൽ കൊളസ്ട്രോളിന്റെ അളവ് നാടൻകോഴികളെ അപേക്ഷിച്ച് കുറവാണ്. ഉയർന്ന തോതിൽ മെലാനിൻ അടങ്ങിയിട്ടുള്ളതിനാലാണ് ഇവയുടെ മാംസത്തിനും ആന്തരികാവയവങ്ങൾക്കും കറുപ്പുനിറം.