Home ആരോഗ്യം എന്തുകൊണ്ടാണ് ഉറക്കത്തില്‍ തടസം നേരിടുന്നത്?; നിസാരമല്ല ഉറക്കപ്രശ്‌നങ്ങള്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

എന്തുകൊണ്ടാണ് ഉറക്കത്തില്‍ തടസം നേരിടുന്നത്?; നിസാരമല്ല ഉറക്കപ്രശ്‌നങ്ങള്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ലേദിവസത്തെ ഉറക്കം ശരിയായില്ലെങ്കില്‍ നമ്മുടെ അന്നത്തെ ദിവസം തന്നെ പോയിക്കിട്ടും. ഉറക്കം ആരോഗ്യത്തിന്റെ അടിസ്ഥാനമാണ്. ഉറക്ക ക്രമത്തിലും അതിന്റെ ഗുണമേന്മയിലുമുണ്ടാകുന്ന വീഴ്ചകള്‍ പല രീതിയിലും ആരോഗ്യവസ്ഥയെ തകിടം മറിക്കും. ഇത് നിരവധി ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

സുസ്ഥിരമായ ഉറക്കമില്ലായ്മ, അല്ലെങ്കില്‍ ഉറക്കപ്രശ്നങ്ങള്‍ പലപ്പോഴും ഭാവിയില്‍ ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങളിലേക്കും നയിച്ചേക്കാം. എന്നാല്‍ എല്ലാ ഉറക്കപ്രശ്നങ്ങളും ഒരുപോലെയുള്ളതല്ല. പല ഘടകങ്ങളാണ് ഇവയെ സൃഷ്ടിക്കുന്നതും സ്വാധീനിക്കുന്നതും. ‘ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ’ (ഒഎസ്എ) എന്ന പ്രശ്നത്തെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ?

പല തരം ഉറക്കപ്രശ്നങ്ങളില്‍ സാധാരണഗതിയില്‍ കാണപ്പെടുന്ന ഒന്നാണ് ‘ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ’. ഇത് വളരെ ഗൗരവമുള്ള അവസ്ഥയായിട്ടാണ് ആരോഗ്യ വിദഗ്ധര്‍ കണക്കാക്കുന്നത്. ശ്വസനപ്രക്രിയയുമായി ബന്ധപ്പെട്ട വിഷമതകളോടെ ഉറക്കം നഷ്ടമാകുന്ന അവസ്ഥയാണ് ഒഎസ്എ.

ഇനി ഇതുതന്നെ ഹൃദയസംബന്ധമായ ആളുകളില്‍ കാണുന്നതാണെങ്കില്‍ കുറെക്കൂടി ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നാണ് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത്. ‘സര്‍ക്കുലേഷന്‍’ എന്ന പ്രമുഖ ആരോഗ്യപ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിരിക്കുന്നത്. ഹൃദ്രോഗികളില്‍ 40 മുതല്‍ 80 ശതമാനം വരെയുള്ളവരില്‍ ഒഎസ്എ കാണാമെന്നാണ് പഠനം പറയുന്നത്.

കൂര്‍ക്കം വലി, ശ്വാസതടസം, ഇടവിട്ട് മാത്രം കിട്ടുന്ന ഉറക്കം, പകലുറക്കം എന്നിവയെല്ലാം ‘ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ’യുടെ ലക്ഷണങ്ങളാകാം. പൊതുവില്‍ പുരുഷന്മാരിലാണ് ഈ പ്രശ്നം കൂടുതലായി കാണുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഹൃദ്രോഗമുള്ളവരിലാണെങ്കില്‍ ഒഎസ്എ കൂടുതല്‍ സങ്കീര്‍ണ്ണതകള്‍ സൃഷ്ടിക്കുകയും മരണത്തില്‍ പോലും എത്തിച്ചേക്കാവുന്ന തരത്തിലേക്ക് മോശമാവുകയും ചെയ്യുന്നു എന്നാണ് പഠനത്തിന്റെ നിഗമനം. അതിനാല്‍ തന്നെ ഹൃദ്രോഹമുള്ളവരിലെ ഒഎസ്എ സമയബന്ധിതമായി കണ്ടെത്തപ്പെടുകയും അതിന് ചികിത്സയെടുക്കുകയും വേണമെന്നും പഠനം ഓര്‍മ്മിപ്പിക്കുന്നു.

രക്തസമ്മര്‍ദ്ദം പെടുന്നനെ ഉയരുക, ഹൃദയമിടിപ്പില്‍ അസ്വാഭാവികതകളുണ്ടാവുന്ന അസുഖങ്ങള്‍, പക്ഷാഘാതം, ഹൃദയാഘാതം, ഹൃദയസ്തംഭനം, ധമനികളെ ബാധിക്കുന്ന അസുഖങ്ങള്‍, പള്‍മണറി ഹൈപ്പര്‍ടെന്‍ഷന്‍ എന്ന അസുഖം, ഉപാപചയപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അസുഖങ്ങള്‍, ടൈപ്പ്- 2 പ്രമേഹം എന്നിവയെല്ലാം ഒഎസ്എയുള്ള ഹൃദ്രോഗികളില്‍ കാണപ്പെടുന്ന സാധ്യതകളാണ്.

ഇവയില്‍ മിക്കവാറും സാധ്യതകളും ജീവന് ഭീഷണി സൃഷ്ടിക്കുന്നതാണ്. സമയബന്ധിതമായി കണ്ടെത്താനായാല്‍ ഒഎസ്എയ്ക്ക് ഫലപ്രദമായി ചികിത്സ നല്‍കുവാന്‍ സാധ്യമാണെന്ന് വിദഗ്ധര്‍ ഉറപ്പുനല്‍കുന്നു. ‘സ്ലീപ് അപ്നിയ’ പരിപൂര്‍ണ്ണമായി ഭേദപ്പെടുത്തുക എന്നതില്‍ക്കവിഞ്ഞ് രോഗിയെ സുരക്ഷിതമായി കൊണ്ടുപോവുക എന്നതാണ് ചികിത്സ കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്.