Home യാത്രാ വിവരണം അയൽ സംസ്ഥാനങ്ങളിൽ പോകുന്നവർ സൂക്ഷിക്കുക.

അയൽ സംസ്ഥാനങ്ങളിൽ പോകുന്നവർ സൂക്ഷിക്കുക.

മിഴ്നാട്ടിലായാലും കർണാടകത്തിലായാലും മലയാളികളെ പറ്റിക്കാനും, അപകടത്തിൽപ്പെടുത്തി പണം തട്ടാനും ചില സംഘങ്ങൾ പ്രവർത്തിക്കുന്നു എന്ന തിരിച്ചറിവ് ഞെട്ടിക്കുന്നതാണ്. മൈസൂർ മേഖലയിലും,ഹൊഗ്നായ്ക്കലും, സേലം-ചെന്നൈ ഹൈവേയിൽ നിന്നുമെല്ലാം ഇത്തരം വാർത്തകൾ നമ്മൾ നിരവധി കേട്ടു .രാത്രികാലങ്ങളിലെ യാത്ര കൂടുതൽ അപകടം പിടിച്ചതായും മാറുന്നു.ഇവരുടെ ഒരു രീതി പറയാം. കാറിൽ മനപൂർവ്വം ബൈക്ക് കൊണ്ടിടിച്ച് വീഴുന്നതായി അഭിനയിക്കുന്നു. മറ്റ് പ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ കാറുടമ മുന്നോട്ട് പോകും. എന്നാൽ ഒരു കിലോമീറ്റർ പിന്നിട്ടാൽ ഒരു സംഘം കാർ തടയും. പിന്നെ ഭീഷണിയായി. വൻ തുക ആവശ്യപ്പെടലായി. പലരും പ്രശ്നമൊഴിവാക്കാൻ പറഞ്ഞ പണം നൽകുകയാണ് പതിവ്. പ്രത്യേകിച്ച് കുടുംബവുമൊന്നിച്ചുള്ള യാത്രയാണെങ്കിൽ. പോലീസിൽ പരാതിപ്പെട്ടിട്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. അതിവേഗത്തിൽ വരുന്ന വാഹനങ്ങളുടെ ചില്ലിൽ കല്ലെറിഞ്ഞോ, കോഴിമുട്ട എറിഞ്ഞോ വാഹനം നിർത്തിക്കുന്നതാണ് മറ്റൊരു രീതി. വാഹനം നിർത്തിയാൽ പിന്നെ തട്ടിപ്പറി അരങ്ങേറും. ദേശീയപാതകളിലെ പല അപകടങ്ങളും ഇനിയും ദുരൂഹമാണ്. അപകടത്തിൽപ്പെട്ടവരുടെ പണവും സ്വർണ്ണവും കാണാതായ സംഭവങ്ങൾ നിരവധിയാണ്. ഈ ഗൂഢസംഘങ്ങൾക്ക് പുറമേയാണ് പോലീസിലെ പിടിച്ചുപറി. കൊടൈക്കനാൽ ഒരു ഉദാഹരണമാണ്. മലയാളികളുടെ പ്രിയപ്പെട്ട വിനോദയാത്രാ ലൊക്കേഷനാണ് കൊടൈക്കനാൽ.
ഇവിടത്തെ പോലീസിന്റെ പീഡനം പരിധി വിട്ടിരിക്കുന്നു. പ്രത്യേകിച്ച് കേരള രജിസ്‌ട്രേഷൻ വണ്ടികൾ തിരഞ്ഞു പിടിച്ച്. കൊടൈക്കനാൽ ചുരം കയറുന്നതിന് മുൻപേ ചെക്കിങ്ങ് തുടങ്ങും. വണ്ടി മുഴുവനും, എല്ലാ ബാഗിന്റെയും എല്ലാ അറയും തുറന്ന് പരിശോധിക്കും. കൊടൈക്കനാൽ എത്തിയാലും ഈ രീതിയിലുള്ള കടുത്ത പരിശോധന തന്നെ. ഏതെങ്കിലും രീതിയിലുള്ള പിഴവ് കണ്ടെത്തി പണം പിഴിയൽ തന്നെ ലക്ഷ്യം. ഒരു കേരള രജിസ്‌ട്രേഷൻ വണ്ടിയിൽ മുഴുവൻ തപ്പിയിട്ടും ഒന്നും കിട്ടാതെ, വണ്ടിയിലുണ്ടായിരുന്ന ഒരു പെൺകുട്ടിയുടെ ബാഗ് പിടിച്ചു വാങ്ങി പരിശോധിച്ച് ഒരു ‘കോണ്ടം’ തപ്പിയെടുത്തു. ഒരു വനിതാ പോലീസ് പോലുമുണ്ടായിരുന്നില്ല. വണ്ടിയിൽ ദമ്പതിമാർ ആയിരുന്നിട്ടും അഞ്ഞൂറ് രൂപ പിഴയീടാക്കി. അത്രയും പേരുടെ മുന്നിൽ വെച്ചാണ് ആ പെൺകുട്ടിയെ അപമാനിച്ചത്.
അന്യസംസ്ഥാന വണ്ടികൾ നല്ലൊരു വരുമാനമാർഗമാണെന്ന കാഴ്ചപ്പാടാണ് ഇവർക്കുള്ളത്. ഫൈൻ ഈടാക്കുന്ന പണത്തിന് രശീതി നൽകില്ല. തിരഞ്ഞെടുപ്പ് കാലത്ത് വാഹന പരിശോധനയിലൂടെ കുറച്ച് പണമൊന്നുമല്ല തമിഴ്നാട് പോലീസ് പിഴിഞ്ഞത്. തിരഞ്ഞെടുപ്പുമായി ഒരു ബന്ധവുമില്ലാത്ത പണമാണ് ഇവർ പിടിച്ചെടുത്തിരുന്നത്.
കുടുംബസമേതം യാത്രചെയ്യുമ്പോഴുണ്ടാകുന്ന ഇത്തരം പരിശോധനകളും പോലീസിന്റെ മോശം പെരുമാറ്റവും യാത്രക്കാരിൽ ഉണ്ടാക്കുന്ന മാനസിക പ്രയാസം ചെറുതല്ല. അതിനാൽ അയൽ സംസ്ഥാനങ്ങളിലേക്ക് പോകുന്നവർ ജാഗ്രത പുലർത്തുക.സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.