Home ആരോഗ്യം ഉപയോഗിച്ച ടീ ബാഗ് കളയും മുന്‍പ് ഒന്നാലോചിക്കൂ…

ഉപയോഗിച്ച ടീ ബാഗ് കളയും മുന്‍പ് ഒന്നാലോചിക്കൂ…

പ്പോള്‍ ചായപ്പൊടിക്ക് പകരം ടീബാഗുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരുകയാണ്. പക്ഷേ ഉപയോഗിച്ച് കഴിഞ്ഞ ടീബാഗ് വലിച്ചെറിയുന്ന ശീലമാണ് മിക്കവരും പിന്തുടരുന്നത്. എന്നാല്‍ ഈ ടീ ബാഗ് കൊണ്ട് നിരവധി ഗുണങ്ങള്‍ ഉണ്ടെന്ന് എത്ര പേര്‍ക്കറിയാം.

ടീ ബാഗുകള്‍ ആരോഗ്യം മെച്ചപ്പെടുത്തുന്നതോടൊപ്പം ചര്‍മ്മ സൗന്ദര്യം കൂട്ടുമെന്ന കാര്യം പലര്‍ക്കും അറിയില്ല. ചര്‍മ്മത്തിന് മാത്രമല്ല, തലമുടിയുടെ അഴകിനും ടീ ബാഗ് സഹായിക്കും.

ടീ ബാഗിന്റെ പ്രധാനപ്പെട്ട ചില ഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം…

കണ്ണിനു താഴെയുള്ള കറുത്ത പാടുകള്‍ അകറ്റാന്‍ ടീ ബാഗുകള്‍ സഹായിക്കും. ഉപയോഗിച്ച് കഴിഞ്ഞ ടീ ബാഗ് ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കുക. അതിനുശേഷം കണ്ണിന് താഴെ വയ്ക്കാം. കണ്ണുകള്‍ക്ക് താഴെയുണ്ടാകുന്ന കറുപ്പ് നിറം കുറയ്ക്കാന്‍ ഇത് പതിവായി ചെയ്യുന്നത് നല്ലതാണ്.

ഉപയോഗിച്ച ശേഷം ടീ ബാഗ് കൊണ്ട് മുഖം മസാജ് ചെയ്യാം. ഉപയോഗിച്ചു കഴിഞ്ഞ ടീ ബാഗുകള്‍ നിങ്ങളുടെ ചര്‍മ്മത്തിന് ഒരു മികച്ച സ്‌ക്രബ് ആയി പ്രവര്‍ത്തിക്കുന്നു. ഇവ ചര്‍മ്മത്തെ വൃത്തിയാക്കാന്‍ സഹായിക്കും.

ചര്‍മ്മത്തിലുണ്ടാകുന്ന പൊള്ളലിനെ ശമിപ്പിക്കാനും ടീ ബാഗ് ഉപയോഗിക്കാം. ടീ ബാഗുകള്‍ കുറഞ്ഞത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കുക. തണുത്തു കഴിഞ്ഞാല്‍ ഇവ പൊള്ളിയ ഭാഗങ്ങളില്‍ വയ്ക്കാം. ബാക്ടീരിയകളെ തുരത്താനുള്ള ചായപ്പൊടിയുടെ കഴിവ് അണുബാധയെ ചെറുക്കും.

ടീ ബാഗുകള്‍ ചര്‍മ്മത്തിന് യുവത്വം വീണ്ടെടുക്കാന്‍ സഹായിക്കും. നിങ്ങളുടെ ദൈനംദിന ചര്‍മ്മ സംരക്ഷണ ശീലങ്ങളില്‍ ടീ ബാഗുകള്‍ ഉപയോഗിച്ചാല്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ അകാലമായി ഉണ്ടാകുന്ന ചുളിവുകളും നേര്‍ത്ത വരകളും കുറയുന്നത് തിരിച്ചറിയാം. ഇതിനായി ഉപയോഗിച്ച ഗ്രീന്‍ ടീ ബാഗുകള്‍ ഒരു പാത്രത്തിലേയ്ക്ക് മാറ്റി കുറച്ച് നാരങ്ങാനീര്, കറ്റാര്‍വാഴ ജെല്‍ എന്നിവ ചേര്‍ത്ത് ഒരു മാസ്‌ക് ഉണ്ടാക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്തും കഴുത്തിന്റെ ഭാഗത്തും പുരട്ടാം. 10 മിനിറ്റിന് ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയാം.

തലമുടിയഴകിനും ടീ വളരെ മികച്ചതാണ്. കട്ടന്‍ചായയോ ഗ്രീന്‍ ടീയോ ഉപയോഗിച്ച് കഴുകുന്നതും മുടിക്ക് നല്ലതാണ്. അതുപോലെ തണുത്ത ടീ ബാഗ് തലയില്‍ തേച്ച് പത്ത് മിനിറ്റ് വയ്ക്കുക. ഇതിന് ശേഷം കഴുകി കളയാം. മുടിക്ക് തിളക്കം കിട്ടാന്‍ ഇത് സഹായിക്കും.