ചെറിയ ടാസ്‌കുകളിലൂടെ പണം നേടാനാകുന്ന ഗൂഗിളിന്റെ ടാസ്‌ക് മേറ്റ് ആപ്ലിക്കേഷന്‍ ഇന്ത്യയിലും അവതരിപ്പിക്കുകയാണ് കമ്പനി. നിലവില്‍ ബീറ്റയിലാണ് ടാസ്‌ക് മേറ്റ് ഇന്ത്യയില്‍ ലഭ്യമാവുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വാണിജ്യ സ്ഥാപനങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ടാസ്‌കുകളാണ് ടാസ്‌ക് മേറ്റില്‍ ഉണ്ടാവുക.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാനാവും. എന്നാല്‍ റഫറല്‍ കോഡ് ഇല്ലാതെ ഉപയോഗം സാധ്യമല്ല. റസ്റ്റോറന്റിന്റെ ചിത്രം പകര്‍ത്തുക, സര്‍വേയില്‍ പങ്കെടുക്കുക, ട്രാന്‍സ്ലേറ്റ് ചെയ്യുക എന്നിങ്ങനെ പലതരം ടാസ്‌കുകള്‍ ആയിരിക്കും ഇതിലുണ്ടാവുക.
ഓരോ ടാസ്‌കിനും പ്രതിഫലം എത്രയെന്നും ആപ്പില്‍ കാണാം. പ്രാദേശിക കറന്‍സിയിലാവും പ്രതിഫലം നല്‍കുക. പ്രതിഫലം ലഭിക്കുന്നതിനായി ആപ്ലിക്കേഷനില്‍ ടാസ്‌ക് മേറ്റിന്റെ പേയ്മെന്റ് പങ്കാളിയുമായി ഇവരുടെ ഇ വാലറ്റ് അല്ലെങ്കില്‍ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യണം. പിന്നാലെ അവരുടെ പ്രൊഫൈല്‍ സന്ദര്‍ശിച്ച് ക്യാഷ് ഔട്ട് ബട്ടന്‍ അമര്‍ത്തണം. എപ്പോള്‍ മുതലാണ് റഫറല്‍ കോഡുകള്‍ ഇല്ലാതെ എല്ലാവര്‍ക്കും ആപ്ലിക്കേഷന്‍ ലഭ്യമാവുക എന്ന് വ്യക്തമല്ല.