Home വാണിജ്യം മാസ്‌ക് ധരിക്കുന്നുണ്ടോയെന്ന് നോക്കാന്‍ ഡ്രോണ്‍ കാമറ: കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി

മാസ്‌ക് ധരിക്കുന്നുണ്ടോയെന്ന് നോക്കാന്‍ ഡ്രോണ്‍ കാമറ: കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി

കോവിഡ് വ്യാപനം നിലയ്ക്കാത്ത സാഹചര്യത്തില്‍ കര്‍ശന നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഹൈക്കോടതി. കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകളില്‍ ജനങ്ങള്‍ മാസ്‌ക് ധരിക്കുന്നുണ്ടോയെന്നു ഡ്രോണ്‍ ഉപയോഗിച്ചു നിരീക്ഷിക്കാനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം.

വൈറസ് വ്യാപനം രൂക്ഷമായ ആറ് ജില്ലകളില്‍ കര്‍ശന നിരീക്ഷണ നടപടികള്‍ കൈക്കൊള്ളാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തിരക്കേറിയ മേഖലകളില്‍ എല്ലാ ദിവസവും ഇരുപത്തിനാലു മണിക്കൂറും ഡ്രോണ്‍ നിരീക്ഷണം വേണം. മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തണമെന്നും ഹൈക്കോടതി അറിയിച്ചു.

ലക്നൗ, ഘാസിയാബാദ്, മീററ്റ്, കാണ്‍പുര്‍, പ്രയാഗ് രാജ്, ഗൗത്ം ബുദ്ധ് നഗര്‍ എന്നീ ജില്ലകളില്‍ മുപ്പതു ദിവസം കൂടി കര്‍ശന നിരീക്ഷണം വേണമെന്ന് കോടതി അഭിപ്രായപ്പെട്ടു. വഴിയോരത്ത് ഭക്ഷ്യവസ്തു വില്‍്പ്പനയ്ക്കുള്ള നിയന്ത്രണം ആറാഴ്ച തുടരണമെന്നും കോടതി നിര്‍ദേശിച്ചു.