Home ആരോഗ്യം അനീമിയയെ നിസാരമായി കാണരുത്; പരിഹാരമിതാണ്

അനീമിയയെ നിസാരമായി കാണരുത്; പരിഹാരമിതാണ്

നീമിയ അഥവാ വിളര്‍ച്ച വരാന്‍ പല കാരണങ്ങളുണ്ട്. പോഷകാഹാരക്കുറവും അമിതപോഷണവും വിളര്‍ച്ചയിലേക്കു നയിക്കാം. ശരീരത്തിലുണ്ടാകുന്ന ഇരുമ്പിന്റെ കുറവു മൂലം രക്തത്തിലെ ഹീമോഗ്ലോബിന്‍ കുറയുന്നതാണ് വിളര്‍ച്ചയ്ക്കു കാരണം. ഇവ തളര്‍ച്ച, ക്ഷീണം, തലകറക്കം എന്നിവയ്ക്ക് കാരണമാകാം. തൈറോയ്ഡ്, കാന്‍സര്‍, കുടല്‍രോഗങ്ങള്‍, കുട്ടികളിലെ വിരരോഗങ്ങള്‍ എന്നിവയും വിളര്‍ച്ച കാരണം സംഭവിക്കാം.

വിളര്‍ച്ച നീണ്ടുപോയാല്‍ ക്രോണിക് അനീമിയ എന്ന അടുത്ത ഘട്ടത്തിലേക്കും ഹൃദയത്തെ പോലും ബാധിക്കുന്ന മറ്റു രോഗങ്ങളിലേക്കും കടക്കും. ഇരുമ്പ്, വൈറ്റമിനുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയ ഭക്ഷണം ശീലമാക്കണം. ഇവ അടങ്ങിയ ഇലക്കറികള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ കഴിക്കണം. ജങ്ക് ഫുഡ് വിഭാഗത്തിലുള്ള ഭക്ഷണം വിളര്‍ച്ചയ്ക്കു കാരണമാകും.

രണ്ടുതരം ഇരുമ്പുകളാണു ശരീരത്തിന് ആവശ്യം. ഹീം അയണും നോണ്‍ ഹീം അയണും. ആദ്യത്തേതു മാംസ്യത്തില്‍ നിന്നും രണ്ടാമത്തേതു പച്ചക്കറികളില്‍ നിന്നും ലഭിക്കും. യുവതികള്‍ക്കും മധ്യവയസ്‌കരായ സ്ത്രീകള്‍ക്കും ശരീരത്തില്‍ ദിവസേന 18 മില്ലിഗ്രാം ഇരുമ്പ് ആവശ്യമാണ്. ഗര്‍ഭിണികള്‍ക്ക് 27 മില്ലി ഗ്രാം വരെ വേണം.

ഈന്തപ്പഴം, പാവയ്ക്ക, ചീര, ബ്രോക്കോളി, ശര്‍ക്കര, കരിപ്പട്ടി, ഓറഞ്ച്, സ്‌ട്രോബറി, മാതള നാരങ്ങ, പയറു വര്‍ഗങ്ങള്‍, ഉരുളക്കിഴങ്ങ്, മത്തങ്ങ, ധാന്യങ്ങള്‍, കശുവണ്ടി, മള്‍ബറി, കല്ലുമ്മക്കായ, റെഡ് മീറ്റ് ഇറച്ചി വിഭവങ്ങള്‍ എന്നിവ ഇരുമ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങളാണ്.