ലോക്ഡൗണിനെ തുടര്‍ന്നുള്ള പ്രതിസന്ധിയില്‍ സൗദിയില്‍ തിരിച്ചെത്താന്‍ കഴിയാതെ നാടുകളില്‍ കഴിയുന്ന പ്രവാസികളുടെ റെസിഡന്റ് വിസ (ഇഖാമ) സൗജന്യമായി പുതുക്കിത്തുടങ്ങി. രണ്ടാഴ്ച മുമ്പ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഇഖാമയും റീഎന്‍ട്രി, വിസിറ്റ് വിസകളും സൗജന്യമായി പുതുക്കി നല്‍കാന്‍ ഉത്തരവിട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടികളാണ് ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നത്. ജൂലൈ 31 വരെയാണ് കലാവധി നീട്ടി നല്‍കുന്നത്. അതിനുള്ളില്‍ കാലാവധി കഴിയുന്നതും ഇതിനോടകം കാലാവധി കഴിഞ്ഞതുമായ മുഴുവന്‍ ഇഖാമകളും പുതുക്കും. സൗദിയിലേക്ക് പ്രവേശനം താല്‍ക്കാലികമായി നിരോധിച്ച ഇന്ത്യയടക്കമുള്ള 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഈ ആനുകൂല്യം. ഇന്ന് മുതലാണ് തീരുമാനം നടപ്പായി തുടങ്ങിയത്.