Home അന്തർദ്ദേശീയം മരുന്നുകളുമായി യുഎഇയിലേക്കു യാത്ര ചെയ്യുമ്പോള്‍ ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ കുടുങ്ങും

മരുന്നുകളുമായി യുഎഇയിലേക്കു യാത്ര ചെയ്യുമ്പോള്‍ ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ കുടുങ്ങും

സ്വന്തം ഉപയോഗത്തിനുള്ള മരുന്നുകളുമായാലും യുഎഇയിലേക്കു യാത്ര ചെയ്യുമ്പോള്‍ ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ കുടുങ്ങും.താമസ- സന്ദര്‍ശക വീസക്കാര്‍ക്ക് നിയമങ്ങള്‍ ഒരുപോലെ ബാധകം. മരുന്നുകള്‍ ഏതു വിഭാഗത്തില്‍ പെടുന്നുവെന്നതു കണക്കിലെടുത്താണ് നടപടിക്രമങ്ങള്‍.

കണ്‍ട്രോള്‍ഡ്, സെമി കണ്‍ട്രോള്‍ഡ് വിഭാഗത്തിലെ മരുന്നുകള്‍ക്ക് യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക പെര്‍മിറ്റ് നിര്‍ബന്ധമാണ്. മറ്റു മരുന്നുകള്‍ക്ക് ഇതാവശ്യമില്ലെങ്കിലും പരിധിയില്‍ കൂടുതല്‍ കൊണ്ടുവരാനാവില്ല. പെര്‍മിറ്റിന് ഓണ്‍ലൈനില്‍ അപേക്ഷിക്കാം. സൈറ്റ്: www.mohap.gov.ae.

ലോകരാജ്യങ്ങളില്‍ ലഭ്യമായ ഭൂരിഭാഗം മരുന്നുകളും യുഎഇയിലെ ഫാര്‍മസികളിലും ആശുപത്രികളിലും ലഭ്യമാണ്. ചില മരുന്നുകളുടെ കാര്യത്തില്‍ നിരോധനവും നിയന്ത്രണവുമുണ്ട്.

അപേക്ഷയില്‍ എന്തൊക്കെ

രോഗം, മരുന്ന്, ചികിത്സ എന്നിവയെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ വ്യക്തമാക്കണം. പരിശോധിച്ച ഡോക്ടര്‍ 3 മാസത്തിനുള്ളില്‍ നല്‍കിയ കുറിപ്പടി, ചികിത്സിച്ച സ്ഥാപനം നല്‍കിയ ഒരു വര്‍ഷത്തിനകമുള്ള റിപ്പോര്‍ട്ട്, ആരോഗ്യം സംബന്ധിച്ച രേഖകള്‍, എമിറേറ്റ്സ് ഐഡിയുടെയോ പാസ്പോര്‍ട്ടിന്റെയോ പകര്‍പ്പ് എന്നിവ വേണം.ചികിത്സ സ്വീകരിച്ച രാജ്യത്തെ ഹെല്‍ത്ത് അതോറിറ്റിയുടെയോ ചുമതലപ്പെട്ട മറ്റു വകുപ്പുകളുടെയോ യുഎഇ എംബസിയുടെയോ രേഖകളും കരുതണം.യുഎഇ ഡ്രഗ് ഡിപ്പാര്‍ട്മെന്റില്‍ അപേക്ഷ പരിശോധിച്ചു ബോധ്യപ്പെട്ടാല്‍ സമ്മതപത്രം നല്‍കും. തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും പരിശോധനകള്‍ പൂര്‍ത്തിയാക്കി മാത്രമേ യാത്രക്കാരനു പുറത്തിറങ്ങാനാകൂ.