Home അറിവ് പ്രളയത്തില്‍ നിന്നും നെതര്‍ലന്റ് കരകയറിയത് ഇങ്ങനെയായിരുന്നു… കേരളത്തില്‍ ഇത് എന്ന് പ്രാവര്‍ത്തികമാകും.; സന്ദീപ് ബാലസുധ പറയുന്നു

പ്രളയത്തില്‍ നിന്നും നെതര്‍ലന്റ് കരകയറിയത് ഇങ്ങനെയായിരുന്നു… കേരളത്തില്‍ ഇത് എന്ന് പ്രാവര്‍ത്തികമാകും.; സന്ദീപ് ബാലസുധ പറയുന്നു

സമുദ്ര നിരപ്പിൽനിന്ന് താഴ്ന്ന‌ ഭൂപ്രദേശം ആണ് നെതർലാൻഡ്സിന്റെ വലിയൊരുഭാഗവും. നമ്മുടെ കുട്ടനാട് പോലൊരു രാജ്യം. പ്രളയവും കടൽകയറ്റവും അവർക്ക് ജീവിതത്തിന്റെ ഭാഗമായിരുന്നു. 1000 വർഷങ്ങളോളം എടുത്ത കടലിൽ നിന്ന്‌കരയെ വീണ്ടെടുത്താണ് ആ രാജ്യം നാം ഇന്ന് കാണുന്ന നിലയിൽ നിലനിൽക്കുന്നത്.

കടൽ കയറാതിരിക്കാനുള്ള അവരുടെ തയ്യാറെടുപ്പുകൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ട്. കൃത്രിമമായി നിർമ്മിച്ച മതിലുകളു (Dike)ടെ ഒരു ശൃംഖല തന്നെ അവിടെ ഉണ്ട്. പുഴകൾക്ക് ഇരുവശത്തും രണ്ട് മൂന്ന് ആൾ പൊക്കത്തിലുള്ള മൺ തിട്ടകൾ നിർമ്മിച്ചിട്ടുണ്ട്. പല ഇടങ്ങളിലും പ്രളയ ജലത്തിന് പരന്നൊഴുകാ ഇടങ്ങളുണ്ട്. ഈ മാതൃകകൾ യൂറോപ്പിൽ അങ്ങോളം ഇങ്ങോളം കാണാം. ജർമ്മനിയിൽ നഗരത്തിലൊഴുകുന്ന നദികളിൽ ഓരോ നിശ്ചിത ദൂരത്തിലും ഷട്ടറുകൾ ഉണ്ട്. ഇവ റൂൾ കർവ് അനുസരിച്ച് ഓട്ടോമാറ്റിക്കയി ജലത്തിന്റെ അളവും വേഗവും ഓരോ മിനിറ്റിലും നിയന്ത്രിക്കുന്നുണ്ട്. പ്രളയനിലങ്ങൾ മഴയില്ലാത്ത കാലത്ത് പാർക്കുകൾ പോലെ ഉപയോഗിക്കുന്ന സ്ഥലങ്ങളാണ്.

പക്ഷെ 1990 ഇൽ തുടർച്ചയായി പ്രളയങ്ങൾ നെതർലാന്റിനെ വെളലത്തിലാക്കി. 1992 ഇലാണ് നിലവിലുള്ള സങ്കേതങ്ങൾ പോരാ എന്ന് നെതര്‍ലന്റ ചിന്തിച്ച് തുടങ്ങുന്നത്. ഗ്ലോബൽ വാമിങ്ങും കാലാവസ്ഥാ വ്യതിയാനവും ഒക്കെ ലോകം അറിഞ്ഞ് തുടങ്ങുന്ന കാലത്ത്. മഴയുടെ ശക്തി വർഷാവർഷം കൂടുന്നുണ്ടെന്നും പ്രളയം കനക്കുമെന്നും അവർ തിരിച്ചറിഞ്ഞു. അങ്ങനെയാണ് റൂം വോർ റിവർ പദ്ധതി ആസൂത്രണം ചെയ്യുന്നത്. 2007 ഇൽ ആരംഭിച്ച പദ്ധതിയിലെ 30 പ്രോജക്റ്റുകൾ 2018 ഇൽ പൂർത്തിയായി. പ്രളയ സമയത്ത് നദികളിലെ ഒഴുക്കിന്റെ അളവ് (ത്രൂ പുട്ട്) വർദ്ധിപ്പിക്കാൻ സൈഡ് ചാനലുകളും ബൈപാസ് നദികളും കൈവഴികളും ഒരുക്കലും നദികളുടെ വീതിയും ആഴം കൂട്ടലും തുടങ്ങി വളരെ വിശാലവും വിശദ്ദവുമായ പദ്ധതിയാണിത്. പദ്ധതിയുടെ അടുത്ത ഘട്ടങ്ങൾ വൈകാതെ തുടങ്ങാനാണ് ആലോചിക്കുന്നത്.

പ്രളയങ്ങളോട് നൂറ്റാണ്ടുകളായി പോരാടി ശീലിച്ച ഡച്ച്കാരൻ വിരലിലെണ്ണാവുന്ന നദികൾക്ക് ചുറ്റും പദ്ധതി നടപ്പാക്കാൻ എടുത്തത് 11 വർഷമാണ്. സമതല പ്രദേശം കുറഞ്ഞ ജനസാന്ദ്രത ആവശ്യത്തിന് പണവും ടെക്നോളജിയും എന്നിവ കയ്യിലുണ്ടായിരുന്ന നെതർലാൻഡിൻസിന്റെ കാര്യമാണ് പറയുന്നത്. അതും നല്ലരീതിയിൽ പ്രവർത്തിക്കുന്ന വിപുലമായ പ്രളയ നിലങ്ങളും പുഴയ്ക്കു ചുറ്റുമുള്ള മതിൽക്കെട്ടുകൾക്കും പുറമെ ആയിരുന്നു പുതിയ പദ്ധതികൾ.

ഇനി കേരളത്തിലേക്ക് വന്നാലോ? നമ്മൾ ഇതിനു മുൻപൊരു പ്രളയം അനുഭവിച്ചത് സ്വാതന്ത്ര്യത്തിനും 2 നൂറ്റാണ്ട് മുൻപാണ്. 2018 ന് മുൻപ് ഒരു പ്രളയം കണ്ട മലയാളി ജീവിച്ചിരിപ്പില്ല. പ്രളയത്തോട് മല്ലിടൽ മലയാളിക്ക് ഒരു പ്രശ്നമല്ലായിരുന്നു. ഡാമുകൾ വച്ച് മാത്രം നിയന്ത്രിക്കാവുന്ന പ്രളയമേ നമുക്കുണ്ടായിരുന്നുള്ളു. അതിന് ശേഷമാണ് സീൻ മാറുന്നത്. ഇന്ന് നമ്മൾക്ക് പ്രളയം ഒരു വാർഷികപരിപാടി ആണ്. ഇനിയും ആയിരിക്കും. അങ്ങനെയാണ് നെതർലാഡ്സിന്റെ ട്രൈഡ് ആൺന്റ് ടെസ്റ്റെഡ് ഫ്ലഡ് മാനേജ്മെന്റ് പദ്ധതി കേരളത്തിലേക്ക് കൊണ്ട് വരാൻ കേരളം തയ്യാറെടുക്കുന്നത്.

പക്ഷെ ഇത് എന്ന് തീരും? ആ ചോദ്യത്തിന്റെ ഉത്തരം അത്ര എളുപ്പമല്ല. നമ്മൾ തുടങ്ങുന്നത് പൂജ്യത്തിൽ നിന്നാണ്. പ്രളയ നിലങ്ങളും പുഴ ഭിത്തികളും നമ്മൾ ഒന്നു മുതൽ നിർമ്മിച്ച് തുടങ്ങണം. നദികൾക്ക് ചുറ്റും തിങ്ങിപ്പാർക്കുന്ന മനുഷ്യരെ മാറ്റി അവിടെ പ്രളയനിലങ്ങൾ ഒരുക്കണം. നഗരങ്ങളിലൂടെ ഒഴുകുന്ന നദികളിൽ- എന്നുവച്ചാൽ ഏതാണ്ട് 44 നദികളിലും- നിശ്ചിത അകലങ്ങളിൽ ഷട്ടർ കണ്ട്രോളുകൾ നിർമ്മിക്കണം. നദികളുടെ ആഴവും വീതിയും കൂട്ടണം. ചില നദികൾക്ക് ബൈപ്പാസുകൾ നിർമ്മിക്കണം നെതർലാൻഡിന്റെ ഇരട്ടി ജനസാന്ദ്രതയും അവരുടെ 1000 ഇൽ ഒന്ന് ബാങ്ക് ബാലൻസും ഇല്ലാത്ത കേരളം.

എങ്കിലും നമ്മളിത് തുടങ്ങി വയ്ക്കുകയാണ്. എന്റെയോ നിങ്ങളുടെയോ ജീവിതകാലത്ത് ഇത് മുഴുവൻ തീരുമെന്ന് തോന്നുന്നില്ല. പക്ഷെ നമുക്ക് ഇത് ഇന്നെങ്കിലും തുടങ്ങിയേ പറ്റൂ. ഇനിയുള്ള വർഷങ്ങളിൽ മഴ കനക്കും കടൽ കയറും. അതിൽ നമുക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. ചെയ്യാവുന്നത് നാടിനെ അത് നേരിടാൻ ഒരുക്കൽ മാത്രമാണ്.