Home അറിവ് കിടക്കയില്‍ പഞ്ഞിക്ക് പകരം ഉപയോഗിച്ച മാസ്‌കുകള്‍; ഫാക്ടറി പൂട്ടിച്ചു, അന്വേഷണം തുടരുന്നു

കിടക്കയില്‍ പഞ്ഞിക്ക് പകരം ഉപയോഗിച്ച മാസ്‌കുകള്‍; ഫാക്ടറി പൂട്ടിച്ചു, അന്വേഷണം തുടരുന്നു

പയോഗിച്ച മാസ്‌ക്കുകള്‍ കുത്തിനിറച്ച് കിടക്ക നിര്‍മ്മിച്ച ഫാക്ടറി പൂട്ടിച്ചു. പഞ്ഞി ഉള്‍പ്പെടെ സാധാരണയായി ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ക്ക് പകരം ഉപയോഗിച്ച മാസ്‌ക്കുകള്‍ കുത്തിനിറച്ചാണ് കിടക്കകള്‍ നിര്‍മ്മിച്ചതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മഹാരാഷ്ട്രയിലെ ജാല്‍ഗാവ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം.

മഹാരാഷ്ട്രയിലെ കിടക്ക നിര്‍മാണ കേന്ദ്രത്തില്‍ ഇത്തരമൊരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനിലുള്ള (എംഐഡിസി) പൊലീസ് സ്റ്റേഷനില്‍ വിവരം ലഭിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് എംഐഡിസിയിലെ കുസുംബ ഗ്രാമത്തിലെ ഫാക്ടറിയിലേക്ക് ഉദ്യോഗസ്ഥര്‍ തിരച്ചിലിനെത്തുന്നത്.

ഫാക്ടറിയുടെ ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റാക്കറ്റിലുള്‍പ്പെട്ട മറ്റുള്ളവരെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. ഫാക്ടറി സന്ദര്‍ശിച്ച ഉദ്യോഗസ്ഥര്‍, ഉപയോഗിച്ച മാസ്‌ക്കുകള്‍ കുത്തിനിറച്ച് കിടക്ക നിര്‍മ്മിച്ചിരിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന്് കമ്പനി പൂട്ടിയ അധികൃതര്‍ ഉപയോഗിച്ച മാസ്‌ക്കുകള്‍ കൂട്ടിയിട്ട് കത്തിച്ചും നശിപ്പിച്ചു.

കഴിഞ്ഞ മാര്‍ച്ചില്‍ 1.5 കോടി മാസ്‌കുകളാണ് ദിവസവും ഉണ്ടാക്കിയിരുന്നത്. ഇന്നത് വളരെ വര്‍ധിച്ചിട്ടുണ്ട്. 2020 ജൂണ്‍ – സെപ്റ്റംബര്‍ കാലയളവില്‍ മാത്രം 18,000 ടണ്ണിലധികം ബയോ മെഡിക്കല്‍ മാലിന്യമാണ് ഇന്ത്യയില്‍ ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കുകള്‍ പറയുന്നു. ഇതില്‍ മാസ്‌കുകളും ഗ്ലൗസുകളും ഉള്‍പ്പെടുന്നു.