Home വിനോദം വിമാനയാത്രക്കാര്‍ക്ക് വിര്‍ച്വല്‍ റിയാലിറ്റി ഷോ ആസ്വദിക്കാം; ഈ സൗകര്യം ഇന്ത്യന്‍ വിമാനത്താവളത്തില്‍

വിമാനയാത്രക്കാര്‍ക്ക് വിര്‍ച്വല്‍ റിയാലിറ്റി ഷോ ആസ്വദിക്കാം; ഈ സൗകര്യം ഇന്ത്യന്‍ വിമാനത്താവളത്തില്‍

വിമാനയാത്രക്കാര്‍ക്ക് വിര്‍ച്വല്‍ റിയാലിറ്റി ഷോ ആസ്വദിക്കാനുള്ള സൗകര്യമൊരുക്കി ഡല്‍ഹി വിമാനത്താവളം. നഗരക്കാഴ്ചകള്‍, ഹിമയുഗം തുടങ്ങിയവയാണ് പരിപാടിയിലൂടെ ആസ്വദിക്കാനാവുക.

ടെര്‍മിനല്‍ മൂന്നിന്റെ ബോര്‍ഡിങ് ഗേറ്റിന് സമീപത്ത് തയ്യാറാക്കിയിരിക്കുന്ന മിനി പ്ലാനറ്റേറിയത്തിലെ അര്‍ദ്ധവൃത്താകൃതിയിലുള്ള സ്‌ക്രീനിലാണ് റിയാലിറ്റി ഷോ സജ്ജീകരിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് യഥാര്‍ത്ഥത്തില്‍ സഞ്ചരിക്കുന്നതായുള്ള അനുഭവമായിരിക്കും ഈ വിര്‍ച്വല്‍ യാത്രയിലൂടെ ലഭിക്കുക.

എല്ലാ പ്രായക്കാര്‍ക്കും ആസ്വദിക്കാവുന്ന തരത്തിലാണ് റിയാലിറ്റി ഷോ തയ്യാറാക്കിയിരിക്കുന്നത്. ഏഴ് മുതല്‍ പതിനഞ്ച് മിനിറ്റ് വരെയാണ് പരിപാടിയുടെ ദൈര്‍ഘ്യം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇവിടെ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഒരേസമയം എട്ടുപേര്‍ക്ക് മാത്രമേ കയറാനാവൂ.

ആഗോള യാത്രാ, വിനോദസഞ്ചാര വ്യവസായ മേഖലയ്ക്ക് 360 ഡിഗ്രി വിര്‍ച്വല്‍ റിയാലിറ്റി ഉള്ളടക്കങ്ങള്‍ തയ്യാറാക്കി നല്‍കുന്ന ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘമാണ് ഡല്‍ഹി വിമാനത്താവളത്തിലെ ഈ മിനി പ്ലാനറ്റേറിയത്തിനുവേണ്ടിയും പ്രവര്‍ത്തിച്ചിരിക്കുന്നത്. പ്രതിദിനം ശരാശരി എണ്‍പതുപേര്‍ ഈ പ്രദര്‍ശനം ആസ്വദിക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.