Home ആരോഗ്യം കോവിഡ് 19 വാക്‌സിന്‍ താരതമ്യം ചെയ്യാനുള്ള നെട്ടോട്ടത്തില്‍ രാജ്യങ്ങള്‍: ഇന്ത്യയിലടക്കം ലാബ് ശൃംഖല

കോവിഡ് 19 വാക്‌സിന്‍ താരതമ്യം ചെയ്യാനുള്ള നെട്ടോട്ടത്തില്‍ രാജ്യങ്ങള്‍: ഇന്ത്യയിലടക്കം ലാബ് ശൃംഖല

കോവിഡിനെതിരെ ഫലപ്രദമായ ഒരു വാക്സീന്‍ കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് ലോകമെമ്പാടുമുള്ള രാജ്യങ്ങളും മരുന്ന് നിര്‍മാണ കമ്പനികളും. നിരവധി കമ്പനികളുടെ വാക്സീനുകള്‍ മനുഷ്യരിലെ മൂന്നാം ഘട്ട പരീക്ഷണത്തിലേക്ക് കടന്നു കഴിഞ്ഞു. എന്നാല്‍ ഈ വാക്സീനുകളെല്ലാം കണ്ടെത്തി കഴിയുമ്പോള്‍ ഏതാണ് ഏറ്റവും മികച്ച ഫലം നല്‍കുന്നതെന്ന് തിരിച്ചറിയുന്നത് വിഷമം പിടിച്ച കാര്യമാണ്.

പല രാജ്യങ്ങളും കമ്പനികളും പരീക്ഷണത്തിന് വ്യത്യസ്തമായ പ്രോട്ടോകോളുകളാണ് പിന്തുടരുന്നത്. വൈറല്‍ വെക്ടര്‍ വാക്സീനുകള്‍, ആര്‍എന്‍എ അധിഷ്ഠിത വാക്സീനുകള്‍ എന്നിങ്ങനെ വാക്സീന്‍ സാങ്കേതിക വിദ്യയിലും വൈവിധ്യമുണ്ട്. ഈ സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള വിവിധ വാക്സീനുകളെ ഒരു പൊതു പ്രോട്ടോകോളിന്റെ അടിസ്ഥാനത്തില്‍ താരതമ്യം ചെയ്യുന്നതിന് ഒരു കേന്ദ്രീകൃത ലാബ് ശൃംഖലയ്ക്ക് രൂപം നല്‍കിയിരിക്കുകയാണ് പ്രമുഖ നോണ്‍ പ്രോഫിറ്റ് ഹെല്‍ത്ത് എമര്‍ജന്‍സി ഗ്രൂപ്പായ കൊഅലിഷന്‍ ഫോര്‍ എപ്പിഡെമിക് പ്രിപ്പയര്‍ഡ്നെസ്സ് ഇന്നവേഷന്‍സ്(സിഇപിഐ).

കോവിഡ് മഹാമാരിയോടുള്ള പ്രതികരണത്തിന്റെ ഭാഗമായി ഇത്തരത്തില്‍ രൂപീകരിക്കുന്ന ആദ്യ കേന്ദ്രീകൃത ലാബ് ശൃംഖലയാണ് ഇത്. ആദ്യ ഘട്ടത്തില്‍ ഇന്ത്യ, ബംഗ്ലാദേശ്, കാനഡ, ബ്രിട്ടന്‍, ഇറ്റലി, നെതര്‍ലാന്‍ഡ്സ് എന്നിവിടങ്ങളിലായി ആറു ലാബുകളാണ് സിഇപിഐ ശൃംഖലയിലുണ്ടാകുക.

വിവിധ കോവിഡ്19 വാക്സീനുകളുടെ പരീക്ഷണങ്ങളില്‍ നിന്നുള്ള സാംപിളുകള്‍ ഈ കേന്ദ്രീകൃത ലാബില്‍ പരിശോധനയ്ക്കും വിലയിരുത്തലിനും വിധേയമാക്കും.

സാധാരണ ഗതിയില്‍ വാക്സീനുകളുടെ പ്രതിരോധ പ്രതികരണം വാക്സീന്‍ നിര്‍മാതാക്കള്‍ തന്നെയാണ് വിലയിരുത്തുന്നത്. ക്ലിനിക്കല്‍ പരീക്ഷണത്തിന് ശേഷം ആന്റിബോഡികളും ടി-സെല്ലുകളും പോലെ ശരീരത്തിലുണ്ടാകുന്ന പ്രതികരണങ്ങളാണ് ഇവിടെ അടയാളപ്പെടുത്തുന്നത്. 320 ലധികം കോവിഡ് വാക്സീനുകള്‍ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളതിനാല്‍ ഡേറ്റ ശേഖരണത്തിലും മൂല്യനിര്‍ണയ രീതികളിലും വരുന്ന വ്യത്യാസങ്ങള്‍ പ്രശ്നമാകാറുണ്ട്.

സാംപിളുകള്‍ എവിടെ, എങ്ങനെ ശേഖരിക്കുന്നു, അവയുടെ ഗതാഗതം, സംഭരണം എന്നിവയെല്ലാം ഇത് സംബന്ധിച്ച് നിര്‍മിക്കപ്പെടുന്ന ഡേറ്റയുടെ ഗുണനിലവാരത്തെയും ഉപയോഗക്ഷമതയെയും ബാധിക്കുന്നു. ഇത് മൂലം താരതമ്യപ്പെടുത്തലുകളും സങ്കീര്‍ണമാകുന്നു.

ഈയവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുകയാണ് ഏകീകൃത സംവിധാനത്തിലൂടെ സിഇപിഐയുടെ ലക്ഷ്യം. വ്യക്തിഗത വാക്സീന്‍ നിര്‍മാതാക്കള്‍ക്ക് ഈ ലാബ് ശൃംഖല സൗജന്യമായി ഉപയോഗപ്പെടുത്താം. നിലവില്‍ വാക്സീനുകളുടെ ഒന്നും രണ്ടും ഘട്ടങ്ങളിലെ സാംപിളുകള്‍ ഉപയോഗിച്ചുള്ള താരത്യമങ്ങളാണ് നടക്കുന്നതെന്നും വരും മാസങ്ങളില്‍ മൂന്നാം ഘട്ട പരീക്ഷണങ്ങളും ഇതിന്റെ പരിധിയില്‍ വരുമെന്നും സിഇപിഐ വാക്സീന്‍ ആര്‍& ഡി ഡയറക്ടര്‍ മെലാനി സാവില്ലെ പറയുന്നു.

താരതമ്യത്തിന്റെ ഫലങ്ങള്‍ വാക്സീന്‍ നിര്‍മാതാക്കള്‍ക്ക് തന്നെ തിരികെ അയച്ച് നല്‍കും. ഈ ഡേറ്റയുടെ അവകാശം സിഇപിഐയ്ക്കോ ലാബ് ശൃംഖലയ്ക്കോ ഉണ്ടാകില്ല. മൊഡേര്‍ണ, ആസ്ട്രസെനക, നൊവാക്സ്, ക്യുവര്‍വാക് തുടങ്ങിയ കമ്പനികളുടേത് ഉള്‍പ്പെടെ ഒന്‍പത് വാക്സീനുകളുടെ വികസനത്തിന് സിഇപിഐ ധനസഹായവും നല്‍കുന്നുണ്ട്.