മൃഗ സംരക്ഷണ വകുപ്പിന്റെ കണക്കനുസരിച്ച് കേരളത്തിലെ വീടുകളിൽ വളർത്തുന്നത് ഒൻപത് ലക്ഷത്തോളം പട്ടികൾ. ഇവയിൽ ഒരു ശതമാനത്തിനുപോലും ലൈസൻസില്ല.
പട്ടികൾക്ക് ലൈസൻസെടുക്കാൻ 50 രൂപയോളം മാത്രമേ ചെലവുള്ളൂ. വാക്ലിൻ സൗജന്യമായി എല്ലാ സർക്കാർ മൃഗാസ്പത്രികളിലും കിട്ടും. ഒ.പി.ടിക്കറ്റ്, വാക്സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവയ്ക്കുള്ള ഫീസായി 30 രൂപ അടയ്ക്കണം.പഞ്ചായത്തീരാജ് നിയമമനുസരിച്ച് പട്ടികളെ വളർത്താൻ ലൈസൻസ് എടുക്കണം. ചട്ടം ലംഘിച്ചാൽ 250 രൂപയാണ് പിഴ. ലൈസൻസ് എടുക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളിൽനിന്നാണ്. 15 രൂപയാണ് ഫീസ്. മൃഗാശുപത്രികളിൽനിന്ന് ലഭ്യമാകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കാണിച്ചാൽ ലൈസൻസ് ലഭിക്കും.മിക്ക വീടുകളിലും വളർത്തുന്നത് നാടൻ ഇനങ്ങളെയാണ്. ഇവയ്ക്ക് വാക്സിൻ എടുക്കുന്നില്ലെന്ന് മാത്രമല്ല, തുറന്നുവിടുന്നതും പതിവാണ്. പേവിഷബാധയ്ക്കിരയാവുന്നതും ഇത്തരം പട്ടികളാണ്.
തെരുവ് നായ്ക്കളുടെ എണ്ണം മൂന്നു ലക്ഷത്തോളവും വരും. തെരുവുനായകൾ ഇത്രയും പെരുകാൻ കാരണം വഴിയോരങ്ങളിൽ കുമിയുന്ന മാലിന്യങ്ങളാണ്. പ്രത്യേകിച്ചും അറവ് മാലിന്യങ്ങൾ. അനധികൃത അറവുകേന്ദ്രങ്ങളെ ചുറ്റിപ്പറ്റിയാണ് 73 ശതമാനം തെരുവുനായകളും ജീവിക്കുന്നത്. മാംസാവശിഷ്ടം തിന്നു ശീലിച്ചവ വളർത്തുമൃഗങ്ങളെയും മനുഷ്യരെയും ആക്രമിക്കും.