കരിപ്പൂരിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി അപകടത്തിൽ പെട്ടത് മുന്നറിയിപ്പ് അവഗണിക്കപ്പെട്ടത് മൂലമോ? പറന്നിറങ്ങുമ്പോൾ റൺവേയുടെ അവസാന ഭാഗത്ത് നിന്നാണ് വിമാനം തെന്നിമാറിയത്. റൺവേയിൽ നിന്ന് പാലക്കപ്പറമ്പ് ഭാഗത്തേക്കാണ് തെന്നി മാറിയത്.റൺവേയിൽ നിന്ന് തെന്നിമാറി 40-50 അടി താഴ്ചയിലേക്ക് വീണ വിമാനം തകർന്നുപോയി. കരിപ്പൂരിലെ റൺവേ സംബന്ധിച്ച് നേരത്തേയും പരാതികൾ ഉയർന്നിരുന്നു.
2017 ആഗസ്റ്റ് 4ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍നിന്ന് മുന്നൂറോളം മീറ്റര്‍ തെന്നിമാറിയിരുന്നു. വൈമാനികന്റെ സമയോചിത ഇടപെടല്‍മൂലമാണ് അന്ന് വന്‍ ദുരന്തം ഒഴിവായത്. രാവിലെ 8.45ന് ബംഗളൂരുവില്‍നിന്ന് 60 യാത്രക്കാരുമായി എത്തിയ സ്പൈസ് ജെറ്റ് വിമാനമാണ് അപകടത്തില്‍പെട്ടത്്. ആറ് റണ്‍വേ ലൈറ്റുകള്‍ തകര്‍ത്തശേഷം തിരിഞ്ഞ് റണ്‍വേയ്ക്കുപുറത്ത് ചെളിയില്‍ പൂണ്ടാണ് വിമാനംനിന്നത്. അല്‍പ്പംകൂടി മുന്നോട്ട് പോയിരുന്നെങ്കില്‍ താഴ്ചയിലേക്ക് പതിക്കുമായിരുന്നു. റണ്‍വേയില്‍നിന്ന് തെന്നിമാറിയപ്പോള്‍ ഉണ്ടായ കുലുക്കം മാത്രമാണ് അനുഭവപ്പെട്ടതെന്ന് യാത്രക്കാര്‍ പറഞ്ഞു.
2017 ഏപ്രില്‍ 23ന് 178 യാത്രക്കാരുമായി ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എഐ 737 വിമാനം പറന്നുപൊങ്ങാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പെട്ടിരുന്നു. അന്നും വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. 2014ൽ മുംബൈയില്‍നിന്നെത്തിയ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനവും ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍നിന്ന് തെന്നി മാറിയിരുന്നു. കരിപ്പൂരിൽ റണ്‍വേ നീളംപോരെന്ന പരാതി നേരത്തേതന്നെ ശക്തമാണ്. റണ്‍വേയുടെ വിസ്തൃതി വര്‍ധിപ്പിച്ചശേഷമേ വലിയ എയര്‍ ക്രാഫ്റ്റുകള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കൂ എന്ന് ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ വിഭാഗം നേരത്തേ വ്യക്തമാക്കിയിരുന്നു.
ഗൾഫ് മേഖലയിൽ നിന്ന് ഏറ്റവും കൂടുതൽ പ്രവാസികൾ എത്തുന വിമാനത്താവളമാണ് കരിപ്പൂർ.ഉയരമുള്ള സ്ഥലത്തേക്ക് കെട്ടിപ്പൊക്കിയതാണ് വിമാനത്താവളം.ഇവിടത്തെ റണ്‍വേയിലേക്കുള്ള അപ്രോച്ച് കുന്നുകളാലും താഴ്‌വരകളാലും ചുറ്റപ്പെട്ടു കിടക്കുകയാണ്.റണ്‍വേ അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ് വലിയ വിമാനങ്ങള്‍ക്കായി കരിപ്പൂര്‍ വിമാനത്താവളം വീണ്ടും സജ്ജമായത് 2017 മെയിലാണ്.വലിയ വിമാനങ്ങള്‍ പാര്‍ക്കിങ് ബേയിലേക്ക് കടക്കാനായി റണ്‍വേ വീതികൂട്ടുന്ന നടപടികളാണ് നടന്നത്.