Home അറിവ് ഒരു കോടി രൂപ വരെ വായ്പ അഞ്ചുശതമാനം പലിശയിൽ; പുതിയ പദ്ധതിയുമായി കേരളം

ഒരു കോടി രൂപ വരെ വായ്പ അഞ്ചുശതമാനം പലിശയിൽ; പുതിയ പദ്ധതിയുമായി കേരളം

ചെറുകിട, ഇടത്തരം സംരംഭകർക്ക് അഞ്ചുശതമാനം പലിശയിൽ ഒരു കോടി രൂപ വരെ വായ്പ നൽകുന്ന പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ. നിലവിലുള്ള മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയാണ് പുനരാവിഷ്‌കരിക്കുന്നത്.സർക്കാർ ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപറേഷൻ വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

നിലവിൽ 7% പലിശയിൽ 50 ലക്ഷം രൂപ വരെയാണ് പദ്ധതി വഴി ലഭ്യമാവുന്നത്. ഇത് ഒരു കോടി രൂപ വരെയാക്കി ഉയർത്തി. 5% പലിശ നിരക്കിൽ വായ്പ അനുവദിക്കുന്ന രീതിയിലാണ് പദ്ധതി പുതുക്കിയത്. ഒരു വർഷം 500 സംരംഭം എന്ന കണക്കിൽ 5 വർഷം കൊണ്ട് 2,500 വ്യവസായ സ്ഥാപനങ്ങളാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഓരോ വർഷവും കെഎഫ്സി 300 കോടി രൂപയാണ് നീക്കി വയ്ക്കുക. പദ്ധതിയിൽ 3% സബ്സ്സിഡി കേരള സർക്കാരും, 2% സബ്സ്സിഡി കെഎഫ്സിയും നൽകും.

വ്യവസായ യൂണിറ്റുകൾക്ക് എംഎസ്എംഇ രജിസ്‌ട്രേഷൻ ഉണ്ടാവണം. മുഖ്യ സംരംഭകന്റെ പ്രായം 50 വയസ്സിൽ താഴെ ആയിരിക്കണം. പട്ടികജാതി പട്ടികവർഗ്ഗ സംരംഭകർക്കും, വനിതാ സംരംഭകർക്കും പ്രവാസി സംരംഭകർക്കും പ്രായപരിധി 55 വയസ്സുവരെയാണ്. പുതിയ സംരംഭം തുടങ്ങാനും നിലവിലെ സംരംഭങ്ങൾ ആധുനികവത്കരിക്കാനും വായ്പ ലഭിക്കും.

പദ്ധതി ചെലവിന്റെ 90% വരെയാണ് വായ്പയായി അനുവദിക്കുക. പുതിയ പദ്ധതികൾക്ക് ഒരു കോടിക്ക് മുകളിലും വായ്പ ലഭിക്കും. ഇത്തരം സാഹചര്യങ്ങളിൽ, ഒരു കോടി രൂപ വരെ ഉള്ള വായ്പകൾ 5 ശതമാനം നിരക്കിലും ബാക്കി തുക കെഎഫ്സിയുടെ സാധാരണ പലിശ നിരക്കിൽ ഉൾപ്പെടുത്തിയായിരിക്കും അനുവദിക്കുക.

10 വർഷം വരെ തിരിച്ചടവ് കാലാവധി ഉണ്ടാകും. എങ്കിലും പലിശ ഇളവ് 5 വർഷത്തേക്കായിരിക്കും. തെരഞ്ഞെടുത്ത സംരംഭകർക്കായി കെഎഫ്സി പ്രത്യേക പരിശീലനവും തുടർ സേവനങ്ങളും ലഭ്യമാക്കും. സ്റ്റാർട്ടപ്പുകൾക്കും ഈ പദ്ധതിയിൽ പ്രയോജനം ലഭിക്കുമെന്നത് ശ്രദ്ധേയമാണ്.