സംഭവം ഒരൊന്നൊന്നര ഐറ്റമാണ്. എല്ലില്ലാതെ ചെത്തിയെടുത്ത് കഴുകി വൃത്തിയാക്കിയ ബീഫിൽ ഉപ്പും കുരുമുളകുപൊടിയും ചിക്കൻമസാലപ്പൊടിയും ഇറച്ചി മസാലയും മഞ്ഞൾപ്പൊടിയും നന്നായി തേച്ചുപിടിപ്പിച്ച് അടുപ്പിനു മുകളിൽ കയർ കെട്ടി പുകകൊള്ളുന്ന വിധത്തിൽ തൂക്കിയിടും. അങ്ങനെ അടുപ്പിലെ ചൂടിലും പുകയിലും മൂന്നുദിവസം കൊടും പീഡനമനുഭവിക്കുന്ന പോത്തിൻകഷണങ്ങളെ പിന്നീട് വീണ്ടും ചെറുതാക്കി കനലിലിട്ട് ചുട്ടെടുക്കും. തീർന്നില്ല ഇനിയുമുണ്ട് കടമ്പകൾ. ചുക്കിച്ചുളിഞ്ഞ രീതിയിൽ ചുട്ടെടുക്കുന്ന ബീഫിനെ പിന്നീട് വലിയൊരു മരപ്പലകയിൽവെച്ച് വെച്ചിടിച്ച് നന്നായി ചതച്ചെടുക്കും. ഇതുകൊണ്ടായിരിക്കണം ഈ വിഭവത്തിന് ഇടിയിറച്ചിയെന്ന പേരുണ്ടായത്.അമ്മാതിരി ഇടിയല്ലേ ഇടിക്കുന്നത്. ഇങ്ങനെ ഇടിച്ച ബീഫിനെ മിക്സിയിലിട്ട് വീണ്ടും ചതച്ചെടുത്ത് വെളിച്ചെണ്ണയിൽ വെളുത്തുള്ളി, സവാള, കറിവേപ്പില, എന്നിവ ചേർത്ത് വറുത്തെടുക്കും. ഇടിയിറച്ചി അത്ര സിമ്പിളല്ല. പക്ഷേ, പവർഫുൾ, ഭയങ്കര പവർഫുൾ ആണ്. എത്രദിവസം വേണമെങ്കിലും കേടുകൂടാതിരിക്കും എന്നതാണ് ഈ വിഭവത്തിന്റെ ഹൈലൈറ്റ്. അതുകൊണ്ടുതന്നെ ഇടിയിറച്ചി പാഴ്സലായി വിദേശരാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നവർ ഏറെയാണ്.