Home അറിവ് കോവിഡും സ്വദേശി വല്‍ക്കരണവും; സൗദിയില്‍ 5.71 ലക്ഷം പ്രവാസികളുടെ ജോലി നഷ്ടപ്പെട്ടു

കോവിഡും സ്വദേശി വല്‍ക്കരണവും; സൗദിയില്‍ 5.71 ലക്ഷം പ്രവാസികളുടെ ജോലി നഷ്ടപ്പെട്ടു

സൗദി അറേബ്യയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 5.71 ലക്ഷം വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടു. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ഉള്‍പ്പെടെയാണിത്. ജൂണിലെ കണക്കനുസരിച്ച് വിദേശ തൊഴിലാളികളുടെ എണ്ണം 61 ലക്ഷമായി കുറഞ്ഞു. 2020 ജൂണില്‍ ഇത് 67 ലക്ഷമായിരുന്നു.

തൊഴിലാളികളുടെ എണ്ണത്തില്‍ 8.52% കുറവുണ്ടെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സില്‍ റജിസ്റ്റര്‍ ചെയ്ത വിദേശികളുടെ എണ്ണം ഗണ്യമായി കുറഞ്ഞപ്പോള്‍ സ്വദേശികളുടെ എണ്ണം വര്‍ധിച്ചു.

ഈ വര്‍ഷം രണ്ടാം പാദത്തില്‍ മാത്രം 1,23,951 സ്വദേശികള്‍ക്കു ജോലി ലഭിച്ചിരുന്നു. കോവിഡ് തരംഗത്തില്‍ ജോലി നഷ്ടപ്പെട്ടതിനു പുറമെ സ്വദേശിവല്‍ക്കരണ പദ്ധതി കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിച്ചതാണ് വിദേശികള്‍ക്കു തൊഴില്‍ നഷ്ടപ്പെടാന്‍ കാരണം.

മലയാളികളടക്കം ഒട്ടേറെ വിദേശികള്‍ സ്വന്തം നാടുകളിലേക്കു തിരിച്ചുപോയി. യാത്രാ വിലക്കുള്ളതിനാല്‍ പുതിയ വീസയില്‍ എത്തുന്നവരുടെ എണ്ണം കുറഞ്ഞതും തൊഴില്‍ വിപണിയില്‍ പ്രതിഫലിച്ചു.