Home വാണിജ്യം ഇലക്ട്രിക് വാഹനം സ്വന്തമാക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത; എച്ച്പിസിഎല്‍ 5,000 ഇവി ചാര്‍ജിങ് കേന്ദ്രം തുറക്കുന്നു

ഇലക്ട്രിക് വാഹനം സ്വന്തമാക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത; എച്ച്പിസിഎല്‍ 5,000 ഇവി ചാര്‍ജിങ് കേന്ദ്രം തുറക്കുന്നു

രാജ്യത്ത് വൈദ്യുത വാഹന(ഇവി)ങ്ങളുടെ പ്രചാരം വര്‍ധിപ്പിക്കാനൊരുങ്ങി എച്ച്പിസിഎല്‍. ഇതിനായി മൂന്നു വര്‍ഷത്തിനിടെ 5000 ബാറ്റരി ചാര്‍ജിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് പൊതുമേഖല എണ്ണ വിപണന കമ്പനിയായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്(എച്ച്പിസിഎല്‍). വൈദ്യുത വാഹന ബാറ്ററി ചാര്‍ജിങ് വിഭാഗത്തില്‍ ശക്തമായ സാന്നിധ്യം ഉറപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ടാണു കമ്പനിയുടെ ഈ നീക്കം.

പുതിയ കേന്ദ്രങ്ങള്‍ മിക്കതും ഇപ്പോഴുള്ള പെട്രോള്‍ പമ്പുകളില്‍ തന്നെയാവും സ്ഥാപിക്കുകയെന്നും എച്ച്പിസിഎല്‍ സൂചിപ്പിച്ചു. ഭാവിയിലെ പരിവര്‍ത്തനങ്ങള്‍ക്കായി തയാറെടുക്കുകയാണ് എച്ച്പിസിഎല്ലെന്നു കമ്പനി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എംകെ സുരാന വ്യക്തമാക്കി. രാസവസ്തുക്കളും ജൈവ ഇന്ധനവും വൈദ്യുത വാഹനവും ഹൈഡ്രജനുമൊക്കെയാവും ഭാവിയിലെ വളര്‍ച്ചാ സാധ്യതകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വൈദ്യുത വാഹനങ്ങള്‍ പ്രചാരത്തിലെത്താന്‍ സമയമെടുത്തേക്കാം. എന്നാല്‍ ഇ വികള്‍ വ്യാപകമാവുന്ന കാലത്തിനു മുമ്പുതന്നെ ചാര്‍ജിങ് സ്റ്റേഷനുകള്‍ സജ്ജമാക്കി തയാറെടുക്കാനാണ് എച്ച്പിസിഎല്ലിന്റെ പദ്ധതി. അതേസമയം, വൈദ്യുത വാഹന ചാര്‍ജിങ് കേന്ദ്രങ്ങളുടെ ശൃംഖല സ്ഥാപിക്കാനുള്ള തീരുമാനം ഇന്ധനങ്ങള്‍ക്കുള്ള ആവശ്യം ഇടിയുമെന്നതിന്റെ സ്ഥിരീകരണമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും സുരാന വ്യക്തമാക്കി.

വാഹന ഉടമകള്‍ക്ക് ആവശ്യമായ ഊര്‍ജ സ്രോതസുകളെല്ലാം കമ്പനി ഔട്ട്‌ലെറ്റില്‍ ലഭ്യമാക്കാനാണു ശ്രമം. ആരെങ്കിലും വൈദ്യുത വാഹന ബാറ്ററി ചാര്‍ജ് ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അതിനുള്ള സൗകര്യവും എച്ച്പിസിഎല്‍ പമ്പുകളില്‍ ലഭ്യമാവുമെന്ന് അദ്ദേഹം വിശദീകരിച്ചു.

രാജ്യവ്യാപകമായി 19,000 പെട്രോള്‍ പമ്പുകളാണ് എച്ച് പി സിഎല്ലിനുള്ളത്; കൂടാതെ ദശാബ്ദങ്ങളടെ പ്രവര്‍ത്തന പരിചയും ദൃഢമായ ബ്രാന്‍ഡ് ലോയല്‍റ്റിയും കമ്പനിക്കുണ്ട്. ഈ അനുകൂല സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തി വൈദ്യുത വാഹന ചാര്‍ജിങ് മേഖലയിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് എച്ച് പി സി എല്ലിന്റെ നീക്കം. ഇതിനകം തന്നെ 85 പെട്രോള്‍ പമ്പുകളില്‍ എച്ച് പി സി എല്‍ വൈദ്യുത വാഹന ബാറ്ററി ചാര്‍ജിങ് സ്റ്റേഷനുകള്‍ തുറന്നിട്ടുണ്ട്.

തുടക്കത്തില്‍ പ്രധാന നഗരങ്ങളിലും വൈദ്യുത വാഹനങ്ങള്‍ കൂടുതലുള്ള മേഖലകളിലും ഇ വി ചാര്‍ജിങ് കേന്ദ്രം സ്ഥാപിക്കാനാണ് എച്ച് പി സി എല്ലിന്റെ പദ്ധതി. ഡല്‍ഹി – ചണ്ഡീഗഢ്, മുംബൈ – പുണെ തുടങ്ങിയ ഇ വി സാന്ദ്രതയേറിയ മേഖലകള്‍ക്കാവും ആദ്യ പരിഗണന. പരിസ്ഥിതി മലിനീകരണത്തെക്കുറിച്ചു കൂടുതല്‍ അവബോധമുള്ളതും സര്‍ക്കാര്‍ തലത്തില്‍ പിന്തുണ ലഭിക്കുന്നതുമായ മേഖലകളിലാവും കമ്പനി ഇ വി ചാര്‍ജിങ് കേന്ദ്രം സ്ഥാപിക്കുകയെന്നു സുരാന വെളിപ്പെടുത്തി.