Home നാട്ടുവാർത്ത കുടുംബശ്രീ ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക് വായ്പാ സഹായങ്ങള്‍

കുടുംബശ്രീ ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക് വായ്പാ സഹായങ്ങള്‍

സംസ്ഥാനത്തെ കുടുംബശ്രീ ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക് വായ്പാ സഹായങ്ങള്‍ അനുവദിക്കുന്നു. വനിത വികസന കോര്‍പറേഷന്റെ നേതൃത്വത്തിലാണ് വായ്പകള്‍ അനുവദിക്കുന്നത്. നിലവിലെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാനും സംരഭങ്ങള്‍ ആരംഭിക്കുന്നതിനുമാണ് വായ്പകള്‍ അനുവദിക്കുന്നത്.

തൊഴില്‍ ചെയ്യാന്‍ ആവശ്യമായ വാഹനം വാങ്ങല്‍, സംരംഭ വികസനം, സാനിട്ടറി മാര്‍ട്ടുകള്‍, ഹരിത സംരംഭങ്ങള്‍, സേനാഗങ്ങളുടെ പെണ്‍മക്കള്‍ക്ക് വിദ്യാഭ്യാസ സഹായം എന്നീ കാര്യങ്ങള്‍ക്കാണ് വായ്പ അനുവദിക്കുന്നത്. നാല് മുതല്‍ അഞ്ച് ശതമാനം പലിശ നിരക്ക്. മൂന്ന് വര്‍ഷമാണ് വായ്പയുടെ കാലാവധി. വാഹനം വാങ്ങുന്നതിന് പരമാവധി 15 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.

ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഒരു അംഗത്തിന് 60,000 രൂപ വരെയും ഒരു സിഡിഎസ്സിനു 50 ലക്ഷം വരെയും ലഭിക്കും. ശുചീകരണ ജോലികള്‍ക്ക് സഹായകമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 15 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. സേന അംഗങ്ങളുടെ പെണ്‍മക്കള്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സുകള്‍ വൊക്കേഷണല്‍ പഠനത്തിനും മൂന്നര ശതമാനം പലിശയ്ക്ക് നാല് ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. വാര്‍ഷിക വരുമാനം നാലര ലക്ഷം രൂപയില്‍ താഴെയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള യോഗ്യത നേടി കഴിഞ്ഞാല്‍ പലിശ തിരികെ ലഭിക്കും.