Home അറിവ് വായ്പ പലിശ നിരക്കുകൾ ഉയരും

വായ്പ പലിശ നിരക്കുകൾ ഉയരും

റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചു. 40 ബേസിസ് പോയിന്റ് ഉയര്‍ത്തി 4.40 ശതമാനമാക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ വായ്പാ പലിശ നിരക്കുകള്‍ ഉയരും.

പണപെരുപ്പ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യം പരിഗണിച്ചാണ് റിസര്‍വ് ബാങ്ക് നടപടി.മോണിറ്ററി പോളിസി സമിതിയുടെ അസാധാരണ യോഗത്തിലാണ് റിപ്പോ നിരക്ക് വര്‍ധിപ്പിച്ചത്. വിപണിയിലെ പണലഭ്യത കുറച്ച്‌ വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നിരക്ക് ഉയര്‍ത്തല്‍ എന്നാണ് വിലയിരുത്തല്‍. യോഗത്തില്‍ പങ്കെടുത്തവരെല്ലാം നിരക്ക് ഉയര്‍ത്തുന്നതിനെ അനുകൂലിച്ച്‌ വോട്ട് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.2020 മെയ് മുതല്‍ റിപ്പോ നിരക്ക് നാല് ശതമാനമായി തുടരുകയായിരുന്നു. റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് 17 മാസത്തെ ഉയര്‍ന്ന നിരക്കില്‍ തുടരുന്നത് കണക്കിലെടുത്താണ് നിരക്ക് വര്‍ധന.

ഭക്ഷ്യവസ്തുക്കളുടെയും മറ്റും വിലയില്‍ പ്രതീക്ഷിച്ചതിലും വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ആര്‍ ബി ഐയുടെ ക്ഷമതാ പരിധിയായ ആറ് ശതമാനത്തിന് മുകളിലാണ് കുറച്ചുമാസങ്ങളായി പണപ്പെരുപ്പ നിരക്ക് തുടരുന്നത്.