Home കൗതുകം അപൂർവയിനം അമ്മക്കുരങ്ങിനെ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു.

അപൂർവയിനം അമ്മക്കുരങ്ങിനെ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു.

മണ്ണുത്തി :പ്രസവബുദ്ധിമുട്ടുകൾ കാരണം ജീവൻ ഭീഷണിയിലായ അപൂർവയിനം അമ്മക്കുരങ്ങിനെ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു. മണ്ണുത്തി വെറ്ററിനറി കോളേജ് ആശുപത്രിയിൽ മാർമോസെറ്റ് വിഭാഗത്തിൽപ്പെട്ട കുരങ്ങിനാണ് ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞുങ്ങളെ രക്ഷിക്കാനായില്ല.

കുന്നംകുളം സ്വദേശി ലൈസൻസ് എടുത്ത് വളർത്തുന്നതാണ് മൂന്നുവയസ്സുള്ള കുരങ്ങ്.അരക്കിലോ മാത്രമാണ് തൂക്കം. കറുപ്പും വെള്ളയുമാണ് നിറം. രണ്ടുലക്ഷത്തോളം രൂപ വിലവരും.

കഴിഞ്ഞ രണ്ട് പ്രസവങ്ങളും സാധാരണമായിരുന്നു. ഓരോന്നിലും രണ്ട് കുട്ടികൾ വീതമുണ്ട്.മൂന്നാമത്തെ പ്രസവം ആണ് സങ്കീർണമായത്

പ്രസവത്തിന്റെ ഭാഗമായി കലശലായ അസ്വസ്ഥതകളുണ്ടായപ്പോൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു.അൾട്രാ സൗണ്ട് പരിശോധനയിൽ മൂന്ന് കുട്ടികൾക്കും ജീവനില്ലെന്ന് കണ്ടു. പ്രസവത്തിനുള്ള മരുന്ന് നൽകിയിട്ടും ഫലമുണ്ടായില്ല. തുടർന്നാണ് സിസേറിയൻ നടത്താൻ തീരുമാനിച്ചത്.

കേരളത്തിൽ ആദ്യമായാണ് വളർത്തുകുരങ്ങിന് ശസ്ത്രക്രിയ നടത്തിയത്. മൂന്ന് കുട്ടികൾ ഉള്ളതിനാൽ ഗർഭപാത്രം വികസിക്കാൻ ബുദ്ധിമുട്ടുണ്ടായതാണ് പ്രശ്നത്തിന് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു.ഇത്തരം സാഹചര്യങ്ങളിൽ അമ്മയും കുട്ടികളും ചത്തുപോകാറാണ് പതിവ്.

മണ്ണുത്തി അനിമൽ റീ-പ്രൊഡക്ഷൻ വിഭാഗം മേധാവി ഡോ. സി. ജയകുമാർ, അസിസ്റ്റന്റുമാരായ ഡോ. ഹിരൺ എം. ഹർഷൻ, ഡോ. മാഗ്നസ് പോൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.