സ്വർണക്കടത്തിലെ ഭീകരവാദ, വിധ്വംസക പ്രവർത്തനങ്ങളുടെ ബന്ധങ്ങളടക്കം എൻഐഎ ഇഴകീറി പരിശോധിക്കുമ്പോൾ കേരളത്തിൽ വീണ്ടും ചർച്ചയാകുന്നത് ഒരു പേരാണ്, അജിത് ഡോവൽ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പ്രത്യേക താൽപര്യമെടുത്തതോടെയാണ് കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തതും അന്വേഷണം എങ്ങുമെത്താത്തതുമായ സ്വർണ കള്ളക്കടത്ത് കേസുകളും എൻഐഎ അന്വേഷിക്കാൻ തീരുമാനമെടുത്തത്. അജിത് ഡോവലിന്റെ കരിയറിലെ കേരള ‘ബന്ധം’ ഇന്നോ, ഇന്നലെയോ തുടങ്ങിയതല്ല.
1971 ലെ തലശേരി കലാപത്തോടെയാണ് അജിത് ഡോവലിന്റെ പേര് ആദ്യമായി വാർത്തകളില്‍ ഇടം പിടിച്ചത്. 1971 ഡിസംബർ 28നാണ് കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച തലശേരി കലാപം തുടങ്ങുന്നത്. മതസംഘട്ടനമായി തുടങ്ങിയ പ്രശ്നങ്ങൾ പുതുവർഷത്തിലേക്കു കടന്നതോടെ കലാപമായി മാറി. സ്വാതന്ത്ര്യത്തിന് ശേഷം കേരളത്തില്‍ നടന്ന ആദ്യത്തെ വർഗീയ കലാപമെന്ന പ്രത്യേകതയുമുണ്ട് തലശേരി കലാപത്തിന്. നിരവധി വീടുകളും സ്ഥാപനങ്ങളുമാണ് കലാപകാരികൾ തീവെച്ചുനശിപ്പിച്ചത്.
അന്ന് കോൺഗ്രസ് സർക്കാരിൽ കെ. കരുണാകരൻ ആയിരുന്നു ആഭ്യന്തര മന്ത്രി. കലാപം നിയന്ത്രിക്കാൻ കേരള പൊലീസിന് സാധിക്കുന്നില്ലെന്ന് വ്യാപകമായി വിമർശനങ്ങൾ നേരിടേണ്ടിവന്നു. ഇതോടെയാണ് പൊലീസിൽനിന്നുതന്നെ മികച്ചൊരു ഉദ്യോഗസ്ഥനെ കണ്ടെത്താൻ കരുണാകരൻ നിർബന്ധിതനായത്. അന്ന് കോട്ടയം എഎസ്പിയും ജൂനിയർ ഉദ്യോഗസ്ഥനുമായിരുന്നു അജിത് ഡോവൽ. 1968ലെ കേരള കേഡർ ഐപിഎസ് ഓഫിസർ. സർവീസിലെത്തിയിട്ട് കുറച്ചു വർഷമേ ആയിട്ടുള്ളൂവെങ്കിലും കലാപം അടിച്ചമർത്താനുള്ള ദൗത്യം കരുണാകരൻ ഡോവലിനെ തന്നെ വിശ്വസിച്ച് ഏൽപിച്ചു.
ഒരാഴ്ചയിൽ സമാധാനം
തലശേരിയിലെ കലാപ ബാധിത പ്രദേശങ്ങളിൽ ഡോവൽ സന്ദര്‍ശനം നടത്തി. സദാസമയവും ഡോവലും പൊലീസ് സംഘവും തലശേരിക്കു കാവലായി. വീടുവിട്ടു പോയവരോടെല്ലാം തിരികെ വരാന്‍ ആവശ്യപ്പെട്ടു. കാലപത്തിനിടെ കവർച്ച ചെയ്ത സാധനങ്ങൾ തിരികെയെത്തിക്കുന്നതിനും ഡോവൽ മുഖ്യപ്രാധാന്യം നൽകി. ഒരാഴ്ചയ്ക്കുള്ളിൽതന്നെ തലശേരിയിൽ സമാധാനം കൊണ്ടുവരാൻ യുവ ഓഫിസർക്ക് അന്നു സാധിച്ചു. കലാപത്തിന് ശേഷം കുറച്ചു കാലം കൂടി തലശേരിയിൽ പ്രവർത്തിച്ച ശേഷമാണ് ഡോവൽ മലബാർ വിട്ടത്.
പിന്നീടിങ്ങോട്ടു പല തവണ രാജ്യം ഡോവലിന്റെ പേര് കേട്ടു. കാണ്ഡഹാര്‍ വിമാനറാഞ്ചല്‍ ഉണ്ടായപ്പോഴും പാക്കിസ്ഥാനെതിരെ ഇന്ത്യ മിന്നലാക്രമണം നടത്തിയപ്പോഴും ഡൽഹിയിൽ കലാപം ഉണ്ടായപ്പോഴും ഇന്ത്യ– ചൈന അതിർത്തി തർക്കത്തിലും വരെ പ്രധാനമന്ത്രിയുടെ വിശ്വസ്തനായ ഡോവലിന്റെ ഇടപെടലുകളുണ്ടായി.
കേരളം വഴി കേന്ദ്രത്തിലേക്ക്
കേരളത്തിൽ തുടങ്ങി കേന്ദ്രസർക്കാരിന്റെ എല്ലാമെല്ലാമായതാണ് ഡോവലിന്റെ പ്രവർത്തന ചരിത്രം. 1945ൽ ഇന്നത്തെ ഉത്തരാഖണ്ഡിൽപെടുന്ന പൗരി ഗർവാൾ എന്ന സ്ഥലത്താണ് ഡോവലിന്റെ ജനനം. വളർന്നത് രാജസ്ഥാനിലെ അജ്മീറിൽ. ഇന്ത്യന്‍ സൈന്യത്തിലെ ഉദ്യോഗസ്ഥനായിരുന്നു ഡോവലിന്റെ പിതാവ്. ആഗ്ര സർവകലാശാലയിലെ പഠനത്തിന് ശേഷമാണ് കേരള കേഡറിൽ ഐപിഎസ് നേടുന്നത്. തലശേരി കലാപത്തിനു പുറമേ മിസോറമിലും പഞ്ചാബിലും ദേശവിരുദ്ധ പ്രവർത്തനങ്ങളെ അമർച്ച ചെയ്യുന്നതിൽ ഡോവൽ പ്രവർത്തിച്ചു.
1999 ലെ കാണ്ഡഹാർ ദൗത്യത്തിൽ ഇന്ത്യയെ മുന്നിൽ നിന്നു നയിച്ചത് ഡോവലാണ്. കാണ്ഡഹാറിൽ തട്ടിയെടുത്ത ഇന്ത്യൻ എയര്‍ലൈൻസ് വിമാനം ഐസി– 814ലെ യാത്രക്കാരെ സുരക്ഷിതമായി മോചിപ്പിക്കുന്നതിന് ഡോവലിനും സംഘത്തിനുമായി. 2004ലാണ് ഇന്റലിജൻസ് ബ്യൂറോയുടെ തലവനായി ഡോവലിന് നിയമനം ലഭിക്കുന്നത്. 2005ൽ വിരമിച്ച ശേഷം സ്വകാര്യ ജീവിതത്തിലേക്കു മാറിയ ഡോവൽ പിന്നീടു വീണ്ടും പ്രവർത്തന മേഖലയിലേക്കു തിരിച്ചെത്തിയത് 2014ൽ മോദി സർക്കാർ അധികാരത്തിലെത്തിയപ്പോൾ. രാജ്യത്തിന്റെ അഞ്ചാമത് ദേശീയ സുരക്ഷാ ഉപദേഷ്ടാവായിട്ടായിരുന്നു നിയമനം.
കഴിഞ്ഞ വർഷം ജൂൺ മൂന്നിന് സുരക്ഷാ ഉപദേഷ്ടാവായി പുനർനിയമനം ലഭിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ പദവി കാബിനറ്റ് മന്ത്രിയുടേതിന് സമാനമായി ഉയർത്തിയത് ഈ സമയത്താണ്. വിവിധ രാജ്യങ്ങളുമായുള്ള നയതന്ത്ര ചർച്ചകൾക്കു ഡോവൽ ചുക്കാൻ പിടിക്കുന്ന സാഹചര്യത്തിലായിരുന്നു സുപ്രധാന മാറ്റം.